JHL

JHL

സംഘപരിവാറിന്റെ പിത്തലാട്ടത്തിന് കേരളത്തെ കിട്ടില്ല-പിണറായി വിജയന്‍


 കാസര്‍കോട്: സംഘപരിവാറിന്റെ പിത്തലാട്ടത്തിന് കേരളത്തെ കിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. കെ.എസ്.ടി.എ 32-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഏറ്റവും മികച്ച പൊതുവിദ്യാഭ്യാസ ശൃംഘലയുള്ള നാടാണ് കേരളം. കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് മാറ്റം അസാധ്യമാണെന്ന ചിന്തയില്‍ നിന്നും മാറ്റം സാധ്യമാക്കിയത് എല്‍.ഡി.എഫ് സര്‍ക്കാരാണ്. 5 ലക്ഷം കുട്ടികളുടെ കൊഴിഞ്ഞുപോക്കില്‍ നിന്നും 10.50 ലക്ഷം കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ പുതുതായെത്തി. ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി വിദ്യാഭ്യാസ രംഗം കൈപ്പിടിയിലൊതുക്കി തങ്ങളാഗ്രഹിക്കുന്ന സമൂഹത്തെ വാര്‍ത്തെടുക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. സംഘപരിവാറിന്റെ ഇത്തരം പിത്തലാട്ടത്തിന് കേരളത്തെ കിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ പ്രസംഗിച്ചു. സംസ്ഥാന പ്രസിഡണ്ട് ഡി. സുധീഷ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍.ടി. ശിവരാജന്‍ സ്വാഗതവും സംസ്ഥാന സെക്രട്ടറി എം.കെ. നൗഷാദലി നന്ദിയും പറഞ്ഞു. പൊതുസമ്മേളനത്തോടനുബന്ധിച്ച് ഹൊസ്ദുര്‍ഗ് സ്മൃതി മണ്ഡപത്തില്‍ നിന്നും ആരംഭിച്ച അധ്യാപക പ്രകടനം കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പൊതുസമ്മേളന നഗരിയില്‍ അവസാനിച്ചു. പൊതുവിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിന് എല്‍.ഡി.എഫ ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ ് മന്ത്രി വി. ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു. കെ.എസ്.ടി.എ സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിദ്യാഭ്യാസ സൗഹൃദ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.ടി.എ ഏര്‍പ്പെടുത്തിയ 2023ലെ അധ്യാപകലോകം അവാര്‍ഡ് തൃശ്ശൂര്‍ ജില്ലയിലെ പുത്തൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ അധ്യാപികയായ ബിലു പത്മിനി നാരായണന് മന്ത്രി വിതരണം ചെയ്തു. സമ്മേളന സ്മരണിക സുവനീര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.പി. അപ്പുക്കുട്ടനും പി.വി.കെ. പനയാലും ചേര്‍ന്ന് എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് എം.വി. ശശിധരനില്‍ നിന്നും ഏറ്റുവാങ്ങി. സുവനീര്‍ കമ്മിറ്റി കണ്‍വീനര്‍ പി. രവീന്ദ്രന്‍ ചടങ്ങില്‍ പങ്കെടുത്തു. എം.വി. ശശിധരന്‍, പി.പി. സുധാകരന്‍, വേണുഗോപാല്‍, പുത്തനമ്പലം ശ്രീകുമാര്‍, എസ്. വിനോദ്, ബി. ജയ കുമാര്‍, ഹരിലാല്‍, ഖമറുസ്മാന്‍, അജീഷ് കുമാര്‍, പി.പി. പ്രകാശന്‍, എ. മോഹനന്‍ എന്നിവര്‍ സംബന്ധിച്ചു. സംസ്ഥാനസെക്രട്ടറി കെ. ബദറുന്നിസ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ടി.കെ.എ ഷാഫി സ്വാഗതവും വൈസ് പ്രസിഡണ്ട് കെ.വി. ബെന്നി നന്ദിയും പറഞ്ഞു.

No comments