JHL

JHL

രണ്ടു മാസമായി തുടരുന്ന സമരം, പൊയിനാച്ചി ടൗണിൽ ചെറുമേൽപ്പാലം വരുന്നു


 പൊയിനാച്ചി : ആറുവരി ദേശീയപാതയുടെ ഭാഗമായി പൊയിനാച്ചിയിലെ നിർദിഷ്ട ചെറു അടിപ്പാത (എൽ.വി.യു.പി.) ഒഴിവാക്കി വി.ഒ.പി. (വെഹിക്കിൾ ഓവർപാസ്) അനുവദിക്കാൻ സാധ്യത തെളിയുന്നു. മേൽപ്പാലം ആവശ്യപ്പെട്ട് നാട്ടുകാരുടെ സർവകക്ഷി സമരസമിതി രണ്ടു മാസമായി തുടരുന്ന സമരത്തിന്റെ സമ്മർദഫലമായാണിത്. ആറുവരിപ്പാതയുടെ കുറുകേ ഇരുഭാഗത്തുമുള്ള സർവീസ് റോഡുകളെ ബന്ധിപ്പിച്ചുള്ള പാലമാണ് പുതുതായി പരിഗണിക്കുന്നത്.വി.ഒ.പി. വന്നാൽ പൊയിനാച്ചി ടൗണിലൂടെ ആറുവരിപ്പാത അഞ്ചരമീറ്റർ താഴ്ചയിലൂടെ കടന്നുപോകും. സമീപ ടൗണായ ചട്ടഞ്ചാലിലും നേരത്തേ ഈവിധത്തിലുള്ള രൂപകൽപ്പന ദേശീയപാത അതോറിറ്റി അംഗീകരിച്ചിരുന്നു. ബന്തടുക്ക റോഡിന്റെ സമാന്തരമായിരിക്കും വി.ഒ.പി.യുടെ സ്ഥാനം. ഏകദേശം 30 മീറ്റർ നീളവും 10 മീറ്റർ വീതിയുമുള്ള വി.ഒ.പി.യിൽ ഏഴര മീറ്റർ റോഡും ഇരുഭാഗത്തും ഒന്നേകാൽ മീറ്റർ വീതം നടപ്പാതയുമാണ് ഉദ്ദേശിക്കുന്നത്. ഇരുഭാഗത്തേക്കും ഒരേസമയം ഇതിലൂടെ പ്രവേശിക്കാം. പദ്ധതിക്ക് ഉന്നത ഉദ്യോഗസ്ഥർ പച്ചക്കൊടി കാട്ടിയതായാണ് സൂചന.


ദേശീയപാതാപദ്ധതി നിർവഹണവിഭാഗം കണ്ണൂർ യൂണിറ്റ് ഇതുസംബന്ധിച്ച നിർദേശം തയ്യാറാക്കി ദേശീയപാതാ അതോറിറ്റി തിരുവനന്തപുരം റീജണൽ ഓഫീസിന്റെ ശുപാർശയോടെ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ അനുമതിക്കയക്കും. കഴിഞ്ഞ 17-ന് കാസർകോട് കളക്ടറേറ്റിൽ എ.ഡി.എം. എ.കെ.രമേന്ദ്രന്റെ അധ്യക്ഷതയിൽ ദേശീയപാതാ അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത ചർച്ചയിൽ പൊയിനാച്ചിയിൽ മേൽപ്പാലം അല്ലെങ്കിൽ വി.ഒ.പി. എന്ന നിർദേശം കർമസമിതിക്കുവേണ്ടി സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ. മുന്നോട്ടുവെച്ചിരുന്നു.പദ്ധതി പൂർത്തീകരണത്തിന് കാലതാമസവും ചെലവും കൂട്ടുമെന്നതിനാൽ ഇത് നടപ്പാക്കാവാനില്ലെന്ന് ദേശീയപാതാ അതോറിറ്റി തിരുവനന്തപുരം റീജണൽ ഡി.ജി.എം. ടി.എസ്.ജയരാജ് വ്യക്തമാക്കിയിരുന്നുവെങ്കിലും യോഗത്തിലെ പൊതുവായ വികാരം മാനിച്ചാണ് പിന്നീട് രണ്ടാമത്തെ നിർദേശം പരിഗണനയ്ക്കെടുത്തതെന്നാണ് സൂചന. പുതിയ നിർദേശം അംഗീകരിക്കുകയാണെന്ന് രേഖാമൂലം ഉറപ്പുനൽകിയാൽ സമരം നിർത്താമെന്നാണ് സമരസമിതിയുടെ നിലപാട്

No comments