JHL

JHL

ഇന്ത്യക്കാരനെ വിവാഹം ചെയ്യാന്‍ അതിര്‍ത്തികടന്ന് ബംഗളൂരുവിലെത്തിയ പാക്കിസ്താന്‍ യുവതിയെ തിരിച്ചയച്ചു


 ബംഗളൂരു: ഇന്ത്യക്കാരനെ വിവാഹം ചെയ്യാന്‍ അതിര്‍ത്തി കടന്ന് ബംഗളൂരുവിലെത്തിയ പാകിസ്താന്‍ യുവതിയെ തിരിച്ചയച്ചു. 19 കാരിയായ ഇഖ്‌റ ജീവാനിയെയാണ് തിരിച്ചയച്ചതെന്ന് ബംഗളൂരു പൊലീസ് പറഞ്ഞു. ഇഖ്‌റക്ക് ക്രിമിനല്‍ പശ്ചാത്തലമൊന്നും ഇല്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. കാമുകന്‍ ബിഹാര്‍ സ്വദേശി മുലായം സിംഗിനെ വിവാഹം കഴിക്കാന്‍ വേണ്ടി മാത്രമാണ് ഇഖ്‌റ ഇന്ത്യയിലെത്തിയത്. മുലായം ലുഡോ ഓണ്‍ലൈന്‍ ഗെയിമിലൂടെയാണ് പാക്കിസ്താന്‍ സ്വദേശിനിയായ ഇഖ്‌റയെ പരിചയപ്പെട്ടത്. അവര്‍ പ്രണയത്തിലാവുകയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. മാതാപിതാക്കളെ അറിയിക്കാതെയാണ് ഇഖ്‌റ നേപ്പാളിലെ കാഠ്മണ്ഡുവിലേക്ക് പോയത്. ബീഹാറിലെ ബിര്‍ഗഞ്ച് അതിര്‍ത്തിയിലൂടെയാണ് യുവതി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത്.

2022 സെപ്തംബര്‍ 28ന് ഇരുവരും ബംഗളൂരുവിലെത്തി സര്‍ജാപൂര്‍ റോഡിന് സമീപമുള്ള ജുന്നസാന്ദ്രയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. യാദവ് അവളുടെ ആധാര്‍ കാര്‍ഡ് രാര യാദവ് എന്ന പേരില്‍ ചെയ്തുകൊടുക്കുകയും പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുകയും ചെയ്തിരുന്നു.
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഇഖ്‌റയുടെ പാകിസ്ഥാനിലുള്ള മാതാപിതാക്കളെ നിരീക്ഷിക്കുകയും ലോക്കല്‍ പോലീസിനെ അറിയിക്കുകയും ചെയ്തു. പൊലീസ് സംഘം ഇഖ്‌റയെയും മുലായം സിംഗിനെയും അറസ്റ്റ് ചെയ്യുകയും ഫോറിനേഴ്‌സ് രജിസ്‌ട്രേഷന്‍ ഓഫീസില്‍ (എഫ്ആര്‍ആര്‍ഒ) ഹാജരാക്കുകയും ചെയ്തു. അട്ടാരി-വാഗാ അതിര്‍ത്തി വഴി ഇഖ്‌റയെ പാകിസ്താനിലേക്ക് തിരിച്ചയച്ചതായി അധികൃതര്‍ വ്യക്തമാക്കി.
ലോക്കല്‍ പൊലീസും കേന്ദ്ര ഏജന്‍സികളും ചേര്‍ന്നാണ് അന്വേഷണം നടത്തിയത്. നാല് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. തന്നെ നാടുകടത്തരുതെന്നും ഇന്ത്യക്കാരനെ വിവാഹം കഴിച്ചതിനാല്‍ അയാളോടൊപ്പം ഇവിടെ തുടരാന്‍ അനുവദിക്കണമെന്നും യുവതി ആവശ്യപ്പെട്ടിരുന്നു.

No comments