ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ വീണ് യുവാവിന് ഗുരുതരമായി പരുക്കേറ്റു
കുമ്പള: ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ വീണ് പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിൽപെട്ട് യുവാവിന് ഗുരുതരമായി പരുക്കേറ്റു. മൊഗ്രാൽ ചളിയങ്കോട്ടെ അബ്ദുർ റഹ്മാന്റെ മകൻ സിഎം അലി അക്ബറിനാണ് (19) ഗുരുതരമായി പരുക്കേറ്റത്. ബുധനാഴ്ച രാവിലെ എട്ട് മണിയോടെ കുമ്പള റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് അപകടം നടന്നത്.
കാഞ്ഞങ്ങാട്ടെ ബ്രിട്കോ ഇൻസ്റ്റിറ്റിയൂടിൽ മൊബൈൽ ടെക്നീഷ്യൻ കോഴ്സിന് പഠിക്കുകയാണ് അലി അക്ബർ. രാവിലെ ബ്രിട്കോ ഇൻസ്റ്റിറ്റിയൂടിൽ പോകുന്നതിനായി കുമ്പള റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ മംഗ്ളൂറിൽ നിന്ന് നാഗർകോവിലിലേക്ക് പോവുകയായിരുന്ന ഏറനാട് എക്സ്പ്രസ് പ്ലാറ്റ് ഫോമിൽ നിന്ന് നീങ്ങിത്തുടങ്ങിയിരുന്നു.
അലി അക്ബർ ഓടിക്കയറാൻ ശ്രമിച്ചപ്പോൾ സ്റ്റെപിൽ നിന്ന് കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു. ട്രെയിനിനും പ്ലാറ്റ് ഫോമിനും ഇടയിൽ കുടുങ്ങി അൽപ നേരം മുന്നോട്ട് നീങ്ങിയതോടെ സംഭവം കണ്ട മറ്റ് യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയായിരുന്നു. ഉടൻ തന്നെ കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി മംഗ്ളൂറിലെ ഇന്ത്യാന ആശുപത്രിയിലേക്ക് മാറ്റി. നാടുവിനും വയറിനും കൈകാലുകൾക്കുമാണ് ഗുരുതരമായി പരുക്കേറ്റത്. യുവാവ് അപകടനില തരണം ചെയ്തിട്ടില്ല
Post a Comment