കുമ്പളയിൽ പോലീസ് പിടിച്ചെടുത്ത വാഹനങ്ങളിൽ ലേലം വിളിക്കുന്നത് 20 എണ്ണം: മണ്ണിനോട് ചേർന്ന് നശിക്കുന്നത് നൂറുകണക്കിന് വാഹനങ്ങൾ.
കുമ്പള. വിവിധ കേസുകളിൽ പിടികൂടിയതും, പലയിടങ്ങളിൽ അവകാശികളില്ലാതെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിന് ശേഷം പോലീസ് കസ്റ്റഡിയിലെടുത്തതുമായ ജില്ലയിലെ 176 ഓളം വാഹനങ്ങൾ ലേലം വിളിക്കാൻ ജില്ല ഭരണകൂടവും,ജില്ലാ പോലീസ് മേധാവിയും നടപടി സ്വീകരിക്കുന്നതിനിടെ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ വളപ്പിലും പരിസരത്തും മണ്ണിനോട് ചേർന്നും, കാടുകയറിയും നശിക്കുന്നത് ആയിരക്കണക്കിന് വാഹനങ്ങൾ.
ജില്ലയിലെ ഒട്ടുമിക്ക പോലീസ് സ്റ്റേഷൻ വളപ്പും പരിസരവും നിയമലംഘനത്തിന് പിടികൂടിയ വാഹനങ്ങളുടെ ശവ പ്പറമ്പായി മാറിയ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടവും, ജില്ലാ പോലീസ് മേധാവിയും ലേല നടപടികൾക്ക് ഒരുങ്ങുന്നത്.നിലവിൽ അന്വേഷണാവസ്ഥയിൽ കോടതി വിചാരണയിൽ ഇല്ലാത്തതായ വാഹനങ്ങളാണ് പോലീസ് നിയമപ്രകാരം സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ലേലം വിളിക്കാൻ ഒരുങ്ങുന്നത്. കേസുകൾ നീണ്ടുപോകുന്നതാണ് മറ്റു വാഹനങ്ങൾക്ക് ലേലം തടസ്സമാകുന്നത്. ഈ മാസം 25ന് ശേഷം ലേലവുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടാകുമെന്നാണ് ഉത്തരവിൽ പറയുന്നത്.2019 ൽ ഇത്തരത്തിൽ ലേലം വിളി നടപടി സ്വീകരിച്ചിരുന്നു. അന്ന് 257 വാഹനങ്ങളാണ് ലേലം വിളിച്ച് സർക്കാറിലേക്ക് മുതൽക്കൂട്ടാക്കി മാറ്റിയത്.
പിടിച്ചെടുത്ത വാഹനങ്ങൾ വേഗത്തിൽ വിട്ടുനൽകാനുള്ള നടപടി 2013ൽ തന്നെ ഡിജിപി ഐജി മാർക്ക് നിർദ്ദേശം നൽകിയിരുന്നുവെങ്കിലും നടപടികളിൽ കാലതാമസം നേരിട്ടതാണ് "വാഹനമാലിന്യം'' ഇത്രയും രൂക്ഷമാകാൻ കാരണമായത്. സുപ്രീംകോടതിയും, ഹൈക്കോടതിയും പലതവണ വിഷയത്തിൽ ഇടപെട്ടതുമാണ്.
കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിൽ ഇത്തരത്തിൽ 20 വാഹനങ്ങളാണ് ലേലം വിളിക്കാൻ തീരുമാനിച്ചിട്ടുള്ളത്. കുമ്പളയിൽ ആകട്ടെ മണ്ണിനോട് ചേർന്ന് നൂറുകണക്കിന് വാഹനങ്ങളാണ് പോലീസ് സ്റ്റേഷൻ പരിസരത്ത് നശിച്ചുകൊണ്ടിരിക്കുന്നത്. കുമ്പളയിൽ ഏറെയും മണൽക്കടത്ത്, ലഹരിക്കടത്ത് കേസിൽപ്പെട്ട വാഹനങ്ങളാണ് കസ്റ്റഡിയിലുള്ളതും നശിച്ചു കൊണ്ടിരിക്കുന്നതും. തുച്ഛമായ തുകയ്ക്ക് വാഹനങ്ങൾ വിലക്കെടുക്കുകയോ, വാടകയ്ക്ക് എടുക്കുകയോ ചെയ്ത് മണൽ കടത്തിനും ലഹരിക്കടത്തിനുമാണ് മാഫിയകൾ ഉപയോഗിക്കുന്നത്. പോലീസ് പിടിച്ചാൽ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടും. വാഹനത്തിനാകട്ടെ മതിയായ രേഖകളോ, മറ്റോ ഇല്ലാത്തത് ഇത്തരത്തിൽ വാഹനങ്ങൾ പോലീസ് സ്റ്റേഷൻ പരിസരത്ത് തുരുമ്പെടുത്തും, കാടുകയറിയും,മണ്ണിനോട് ചേർന്നും നശിക്കാൻ കാരണമാകുന്നു. നശിച്ച പല വാഹനങ്ങളും ആക്രിക്കച്ചവടക്കാർക്ക് പോലും വേണ്ടാത്ത അവസ്ഥയിലായിട്ടുണ്ട്. വാഹനങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുകുകൾ പെരുകുന്നതിനും, കാട് മൂടി കിടക്കുന്ന വാഹനങ്ങളുടെ ഇടയിൽ ഇഴ ജന്തുക്കളും മറ്റും പെരുകുന്നതും, തൊട്ടടുത്ത സ്കൂൾ- കോളേജുകൾ പ്രവർത്തിച്ചു വരുന്നതും സ്കൂൾ അധികൃതരിലും, രക്ഷകർത്താക്കൾക്കിടയിലും വലിയ ആശങ്കയും ഉണ്ടാക്കുന്നുമുണ്ട്.
കുമ്പള പോലീസ് സ്റ്റേഷൻ പരിസരത്തെ ''വാഹന മാലിന്യം'' കുറച്ചൊന്നുമല്ല പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്. കുമ്പള ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രോത്സവത്തിന് ഈ വർഷം വലിയ തോതിലുള്ള ഭക്തജന തിരക്ക് അനുഭവപ്പെട്ടിരുന്നു. ഉത്സവത്തിന്റെ ഭാഗമായുള്ള വെടിക്കെട്ട് കാണാൻ സ്കൂൾ ഗ്രൗണ്ടിന് സമീപത്ത് കൂട്ടിയിട്ടിരിക്കുന്ന "വാഹനമാലിന്യം'' ഭക്തജനങ്ങൾക്ക് ഏറെ പ്രയാസമുണ്ടാക്കിയിരുന്നു.
ജില്ലയിൽ ഇത്തരത്തിൽ കോടിക്കണക്കിന് രൂപയുടെ വാഹനങ്ങളാണ് നശിച്ചുകൊണ്ടിരിക്കുന്നത്. സർക്കാറിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമായ സാഹചര്യത്തിൽ നശിച്ചുകൊണ്ടിരിക്കുന്ന വാഹനങ്ങൾ ലേലം വിളിച്ച് നൽകാനായാൽ അതിന് അത് സർക്കാറിന് വലിയ മുതൽക്കൂട്ടാവുമെന്ന് നാട്ടുകാർ പറയുന്നു.
Post a Comment