JHL

JHL

മുസ്‌ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ഭാരവാഹി തെരഞ്ഞെടുപ്പിൽ കൂട്ടത്തല്ല് : പൊലീസ് ഇടപെട്ടു

കുമ്പള: മുസ്‌ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിന് ചേർന്ന യോഗത്തിൽ കൂട്ടത്തല്ല്. ചൊവ്വാഴ്ച ആരിക്കാടി കെ.പി റിസോർട്ടിൽ ചേർന്ന യോഗത്തിലാണ് പ്രവർത്തകർ പരസ്പരം അടികൂടിയത്.
           നേരത്തെ മംഗൽപാടി പഞ്ചായത്ത്  മുസ്‌ലിം ലീഗ് ഭാരവാഹി തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ മണ്ഡലം പ്രസിഡന്റായ ടി.എം മൂസ തന്റെ പദവി മറന്ന് ഒരു വിഭാഗത്തിന് വേണ്ടി പ്രവർത്തിച്ചു എന്ന ആരോപണം ഉയർന്നിരുന്നു. തതടിസ്ഥാനത്തിൽ ലീഗ് ജില്ല കമ്മിറ്റി ടി.എം മൂസയെ പാർട്ടിയുടെ മണ്ഡലം പ്രസിഡന്റ് സ്ഥാനം ഉൾപ്പെടെയുള്ള പദവികളിൽ നിന്ന് പുറത്താക്കിയിരുന്നു. ഈ തീരുമാനത്തെ ചോദ്യം ചെയ്ത് അദ്ദേഹത്തിന്റെ അനുകൂലികളായ കൗൺസിൽ അംഗങ്ങൾ തിങ്കളാഴ്ച ചേർന്ന പ്രതിനിധി സമ്മേളനത്തിൽ ബഹളം വെക്കുകയും
ഈ പ്രതിഷേധം ജില്ല കമ്മിറ്റിയെ അറിയിക്കാമെന്ന ഉറപ്പിൻമേൽ യോഗം തുടരുകയും ചെയ്തിരുന്നുവത്രെ.
           ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ന് രജിസ്ട്രേഷൻ ആരംഭിച്ചതോടെ ഏതാനും ചില അംഗങ്ങളും പുറത്തു നിന്നുള്ള ഏതാനും പ്രവർത്തകരും ചേർന്ന് മുദ്രാവാക്യം മുഴക്കി രജിസ്ട്രേഷൻ തടസപ്പെടുത്തി. മുസ്‌ലിംലീഗ് ജില്ല സെക്രട്ടറി എ. അബ്ദുൽ റഹ്‌മാൻ, ട്രഷറർ കല്ലട്ര മാഹിൻ ഹാജി, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് അഷ്റഫ് എടനീർ തുടങ്ങിയ നേതാക്കൾ നോക്കി നിൽക്കെയായിരുന്നു  സംഭവം.
       പിന്നീട് യോഗം പിരിച്ചു വിട്ടതായി  നേതാക്കൾ പ്രഖ്യാപിച്ചെങ്കിലും ആരും തന്നെ പിരിഞ്ഞു പോയില്ലെന്നും രണ്ട്  ചേരികളായി തിരിഞ്ഞ് പരസ്പരം അടിപിടി തുടങ്ങുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു. അതിനിടെ ആരോ വിളിച്ചറിയിച്ചതിനെത്തുടർന്ന് കുമ്പളയിൽ നിന്ന് പൊലീസ് എത്തിയതോടെ എല്ലാവരും ഓടി രക്ഷപെടുകയായിരുന്നു.

No comments