മൊഗ്രാൽ സ്കൂളിലെ 2010-11 എസ് എസ് എൽ സി ബാച്ച് ഒരു പതിറ്റാണ്ടിന് ശേഷം വീണ്ടും സംഗമിച്ചത് ആവേശത്തിന്റെ അലകൾ തീർത്തു
മൊഗ്രാൽ : നീണ്ട 12 വർഷങ്ങൾക്ക് ശേഷം ജി. വി. എച്ച്. എസ്. എസ് മൊഗ്രാലിലെ 2010-11 എസ് എസ് എൽ സി ബാച്ച് ഒരു വട്ടം കൂടി ഒത്തുചേർന്നത് ആവേശം പകർന്നു.
'ബയ്യോട്ട്' എന്ന പേരിൽ മൊഗ്രാൽ റയ്യാൻ ബീച്ച് റിസോർട്ടിലാണ് ഒരു പതിറ്റാണ്ടിന് ശേഷം പഴയകാല പഠിതാക്കൾ സംഗമിച്ചത്. 5 ഡിവിഷനുകളിലെ നൂറോളം വിദ്യാർത്ഥികളും പഴയ കാല അധ്യാപകരും കുടുംബാംഗങ്ങളുമടക്കം ഇരുന്നൂറോളം പേർ ആടിയും പാടിയും പുന:സംഗമിച്ചത്
രസകരമായ മുഹൂർത്തങ്ങളാണ് സമ്മാനിച്ചത്.
ഒരു പതിറ്റാണ്ടിന് മുമ്പ് ഒന്നിച്ചിരുന്ന സഹപാഠികളിൽ പലരും അതിന് ശേഷം പരസ്പരം കണ്ടുമുട്ടാത്തവരായിരുന്നു.അത്കൊണ്ട് തന്നെ അനല്പമായ അനുഭൂതിയായിരുന്നു സംഗമം പലർക്കും സമ്മാനിച്ചത്. കല്യാണം കഴിഞ്ഞു വിവിധ ഭാഗങ്ങളിലേക്ക് ചേക്കേറിയ പെൺ കുട്ടികൾക്ക് പരസ്പരം കണ്ടുമുട്ടാനുള്ള വേദികൂടിയായി ഇത് മാറി. കലാലയ ജീവിത കാലത്തെ മുഖ്യ ഇനമായ ഉപ്പിലിട്ട വിഭവങ്ങളും, തേൻ മിഠായിയും ഒത്തുചേരലിനെത്തിയവർക്കായി ഒരുക്കിയത് ഗൃഹാതുരത്വം കാത്ത് സൂക്ഷിക്കുന്നതായി മാറി.അക്കാലയളവിൽ അറിവ് പകർന്ന് കൊടുത്ത ഭൂരിഭാഗം അധ്യാപകരെയും പരിപാടിയിൽ സംബന്ധിപ്പിക്കാനായത് സംഗമം വൻ വിജയമാവാൻ കാരണമായി.
കടലലകൾക്കൊപ്പം ആവേശത്തിന്റെ അലകളും തീർത്ത 'ബയ്യോട്ട്' റീ-യൂണിയൻ പഴയകാല ഹെഡ്മാസ്റ്റർ കെ. ആർ ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോർഡിനേറ്റർ നസ്രുദ്ദീൻ എ.കെ അധ്യക്ഷത വഹിച്ചു. പഴയ ക്ലാസ്സ് ടീച്ചർ എം മാഹിൻ ആമുഖഭാഷണം നടത്തി.പഴയകാല അധ്യാപകരായ സവാദ് ആലപ്പുഴ, റിനി തോമസ്, പ്രമോദ് അരിൽ, അബ്ദുൽ ലത്തീഫ്, ജാൻസി, ബാലമുരളി, കെ. വി മുകുന്ദൻ,അനിൽ കുമാർ, ടി. കെ അൻവർ, ഫാത്തിമ, ഷാക്കിറ എന്നിവർ അനുഭവങ്ങൾ പങ്ക് വെച്ച് ആശംസകൾ നേർന്നു.അക്കാലയളവിലെ ഗുരുവര്യന്മാരെ വിദ്യാർത്ഥികൾ ഉപഹാരം നൽകി ആദരിച്ചു.പഴകാല വിദ്യാർത്ഥി പ്രതിഭകളെ കണ്ടെത്തി ചടങ്ങിൽ വെച്ച് ഉപഹാരം നൽകി അനുമോദിക്കാനും സംഗമം മറന്നില്ല.
പഠിതാക്കൾ അനുഭവ ഭാണ്ഡങ്ങളുടെ കെട്ടഴിച്ചത് ചിരിയുടെ അമിട്ടിന് തിരികൊളുത്തി.
കുസൃതി ചോദ്യങ്ങൾ, അഭിനയിച്ചു തകർക്കാം, മ്യൂസിക്കൽ ചെയർ തുടങ്ങിയ പരിപാടികളും സ്പോർട്ട് സമ്മാനങ്ങളും ഒത്തുചേരലിന് മാറ്റുകൂട്ടി. ഫോട്ടോ സെഷൻ ഒരുക്കിയും കേക്ക് മുറിച്ചും പാട്ടുപാടിയും പഠിതാക്കൾ സംഗമത്തെ മികവുറ്റതാക്കി.വിവിധ തരം രുചിയൂറും വിഭവങ്ങൾ അടങ്ങിയ ഉച്ചയൂണും സംഗമത്തിന് എത്തിയവർക്കായി ഒരുക്കിയിരുന്നു.
തസ്‌രീഫ്, റിയാസ് ഇച്ചു,റാസിഖ്,മുർഷിദ്, എ.ജെ മൊഗ്രാൽ,
ദിൽഖുഷ്, യസ്നാസ്, അർഷാദ്, ജുനൈദ്,
ഹസീബ്, ആബിദ, ഷഹല, നാദിറ, അസ്മീന തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Post a Comment