JHL

JHL

പ്രവാസി യുവാവിന്റെ മൃതദേഹം വേണ്ടെന്ന് വീട്ടുകാർ; ഖബറടക്കം നീണ്ടത് ആറുമാസം


 റിയാദ്: മൃതദേഹം വേണ്ടെന്ന് വീട്ടുകാർ നിലപാട് എടുത്തതോടെ യു.പി സ്വദേശിയുടെ ഖബറടക്കം നീണ്ടത് ആറുമാസം. സൗദി അറേബ്യയിലെ റിയാദിന് സമീപം ദവാദ്മിയിൽ തീപിടുത്തത്തിൽ മരിച്ച ഗുഫ്രാൻ മുഹമ്മദ് എന്ന 31 വയസുകാരന്റെ ചേതനയറ്റ ശരീരമാണ് ഈ അവഗണന മൂലം മോർച്ചറിയിൽ തണുത്ത് മരവിച്ചുകിടന്നത്.

ദവാദ്മി പട്ടണത്തിൽനിന്ന് 15 കിലോമീറ്റർ അകലെ കൃഷിത്തോട്ടത്തിലെ താമസസ്ഥലത്ത് കഴിഞ്ഞ വർഷം സെപ്തംബർ 13-ന് വൈദ്യുതി ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ തീപിടുത്തത്തിലായിരുന്നു ഗുഫ്രാൻ മുഹമ്മദിന്റെ മരണം.ദവാദ്മിയിൽ തന്നെ മൃതദേഹം ഖബറടക്കുന്നതിനുള്ള കുടുംബത്തിന്റെ അനുമതിപത്രം ഒപ്പിട്ട് കിട്ടാത്തതാണ് ഖബറടക്കം വൈകാന്‍ ഇടയായത്.

കുടുംബവുമായി നിരന്തരം സാമുഹിക പ്രവർത്തകർ ബന്ധപ്പെട്ടപ്പോൾ തങ്ങൾക്ക് മൃതദേഹം ആവശ്യമില്ലെന്നും പണം നൽകാതെ ഒപ്പിടില്ലെന്ന നിലപാടുമാണ് വീട്ടുകാർ കൈകൊണ്ടത്. പല രീതിയിലും അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും വീട്ടുകാർ വഴങ്ങിയിരുന്നില്ല. ജോലിക്ക് കയറി മൂന്നാം മാസമാണ് ഗുഫ്രാന് അപകടം സംഭവിക്കുന്നത്.

മൃതദേഹം സൗദിയിൽ സംസ്കരിക്കുകയാണെങ്കിൽ കുടുംബത്തിന് ചെറിയ സഹായം നൽകാമെന്ന് സ്‍പോൺസറും പറഞ്ഞിരുന്നു. പക്ഷെ പണം കിട്ടാതെ ഒപ്പിടില്ലെന്ന വീട്ടുകാരുടെ വാശി മൂലം പവർ ഓഫ് അറ്റോർണി കിട്ടാതെ പണം അയക്കില്ലെന്ന തീരുമാനം സ്‍പോൺസറും എടുത്തു.മാസങ്ങളോളം കുടുംബവുമായി സംസാരിച്ചിട്ടും ഫലം കണ്ടില്ല. തുടർന്ന് ഇന്ത്യൻ എംബസി അധികൃതർ അവിടുത്തെ ജില്ലാ കലക്ടറുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാൻ മാർഗം തേടി.

ജില്ലാ കലക്ടർ വീട്ടുകാരോട് നേരിട്ട് സംസാരിച്ച് പവർ ഓഫ് അറ്റോർണി അയപ്പിച്ച് നിയമനടപടികൾ പൂർത്തിയാക്കി. ഖബറടക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കുന്നതുവരെ കഴിഞ്ഞ ആറുമാസവും പ്രവർത്തിച്ചത് സാമുഹിക പ്രവർത്തകരായ നിഹ്മത്തുല്ലയും ഹുസൈൻ അലി ദവാദ്മിയുമാണ്. ഇനി രണ്ട് ദിവസത്തിനകം മൃതദേഹംം ഖബറടക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

No comments