JHL

JHL

മലയാളി യുവാവ് ഷാർജയിൽ കുത്തേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ


 ഷാർജ : താഴേത്തട്ടിലുള്ള ജോലിയില്‍ നിന്ന് കഠിനാധ്വാനത്തിലൂടെയും ആത്മാർഥ ശ്രമത്തിലൂടെയും ഉയരങ്ങളിലെത്തിയ യുവാവാണ് ഇന്നലെ (ഞായർ) ഷാർജ ബുതീനയിൽ കുത്തേറ്റ് മരിച്ച പാലക്കാട് തൃക്കാക്കല്ലൂർ കല്ലുങ്കുഴി അബ്ദുൽ ഹക്കീം പടലത്ത് (36). ഷാർജ മുവൈലയിലെ താൻ ജോലി ചെയ്യുന്ന നെസ്റ്റോ ഹൈപ്പർ മാർക്കറ്റിനടുത്തെ കഫ്റ്റീരിയിൽ ഇന്നലെ അർധരാത്രിയാണ് അബ്ദുൽ ഹക്കീം കൊല്ലപ്പെട്ടത്.


എട്ടു വർഷമായി നെസ്റ്റോ ഗ്രൂപ്പിൽ ജോലി ചെയ്യുന്ന ഇൗ യുവാവ് പായ്ക്കിങ് ജോലി ചെയ്താണ് ഉപജീവനം ആരംഭിച്ചത്. തുടർന്ന് സെയിൽസ്മാനും പിന്നീട് ഫ്രണ്ട്–എൻഡ് മാനേജരുമായി. എല്ലാവരോടും സൗമ്യതയോടെ ഇടപെട്ടിരുന്നതു കൊണ്ടു തന്നെ മാനേജ്മെന്റിനും മറ്റു ജീവനക്കാർക്കും പ്രിയപ്പെട്ടവനായിരുന്നു. എല്ലാവരുമായും വ്യക്തിബന്ധം സൂക്ഷിച്ചിരുന്ന അബ്ദുൽ ഹക്കീം അവരുടെയെല്ലാം സ്വകാര്യ ദുഃഖങ്ങൾ തന്റേതായി കൂടി കാണുമായിരുന്നുവെന്ന് ഇദ്ദേഹവുമായി അടുപ്പമുള്ളവർ പറയുന്നു.

മൂന്നു മാസം മുൻപ് അബ്ദുൽ ഹക്കീം നാട്ടിലെത്തി മടങ്ങിയതാണ്. ദിവസങ്ങൾക്ക് മുൻപാണ് ഇദ്ദേഹത്തിന്‍റെ കുടുംബം ഷാർജയിൽ നിന്ന് നാട്ടിലേയ്ക്ക് മടങ്ങിയത്. ഹംസ പടലത്ത്–സക്കീന ദമ്പതികളുടെ മകനാണ്. ഭാര്യ: ഷഹാന ഷെറിൻ. മക്കൾ: സിയാ മെഹ്ഫിൻ, ഹയാ ഇശൽ.

ഓടിച്ചെന്നത് തർക്കം പരിഹരിക്കാൻ, പക്ഷേ...

നെസ്റ്റോയിലെ ജീവനക്കാരെല്ലാം ജോലി ഒഴിവ് വേളകളിലും മറ്റും ചായ കുടിക്കാൻ ചെല്ലാറുള്ള കഫ്റ്റീരിയയിലായിരുന്നു കൊലപാതകം നടന്നത്. ഇന്നലെ അർധരാത്രി സഹപ്രവർത്തകൻ മലപ്പുറം സ്വദേശി ഫവാസ് ചായ കുടിക്കാൻ ചെന്നപ്പോൾ അവിടെയെത്തിയ പ്രതിയായ പാക്കിസ്ഥാൻ സ്വദേശി നിസാര കാര്യങ്ങൾ പറഞ്ഞ് വാക്കു തർക്കത്തിലേർപ്പെടുകയായിരുന്നു. തു‌ടർന്ന് ഫവാസിന്റെ മുഖത്തേയ്ക്ക് ചായ ഒഴിച്ചതായും പറയുന്നു.

ഇൗ സംഭവം അറിഞ്ഞ അബ്ദുൽ ഹക്കീം പ്രശ്നം പരിഹരിക്കാൻ വേണ്ടി അവിടെയെത്തുകയായിരുന്നു. എന്നാൽ, പ്രകോപിതനായ പ്രതി അബ്ദുൽ ഹക്കീമിനെ ഷവർമ സ്റ്റാളിൽ നിന്ന് കത്തിയെടുത്ത് കുത്തി. കഴുത്തിലാണ് കുത്തേറ്റത്. ഭീകരാന്തരീക്ഷം സൃ്ഷ്ടിച്ച ഇയാളെ പൊലീസെത്തിയാണ് കീഴടക്കിയത്. പരുക്കേറ്റ അബ്ദുല്‍ ഹക്കീമിനെ തൊട്ടടുത്തുള്ള സുലേഖ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കത്തിക്കുത്ത് തടയാൻ ശ്രമിച്ച മറ്റൊരു സഹപ്രവർത്തകനായ ഇൗജിപ്ത് സ്വദേശി മുഹമ്മദ് ഹാത്തിയക്കും പരുക്കേറ്റു. ഇയാൾക്ക് ആശുപത്രിയിൽ ചികിത്സ നൽകി. ഫവാസ്, മുഹമ്മദ് ഹാത്തിയ എന്നിവരിൽ നിന്ന് പൊലീസ് മൊഴിയെടുത്തു. ഷാർജ ഫൊറൻസിക് വിഭാഗത്തിൽ പോസ്റ്റുമോർട്ടത്തിനായി സൂക്ഷിച്ചിട്ടുള്ള മൃതദേഹം നിയമ നടപടികൾ പൂർത്തിയായ ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് നെസ്റ്റോ അധികൃതർ പറഞ്ഞു.

പൊതുവേ ശാന്ത സ്വഭാവക്കാരനായ ഹക്കീം പ്രശ്നം പരിഹരിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രശ്നത്തിൽ ഇടപെട്ടത്. എന്നാൽ പ്രകോപിതനായ പാകിസ്ഥാൻകാരൻ ഹക്കീം ഉൾപ്പെടെയുള്ളവരെ ആക്രമിക്കുകയായിരുന്നു.

വളരെക്കാലമായി ഗൾഫിലുള്ള ഹക്കീം ഹൈപ്പർമാർക്കറ്റിൽ മാനേജരായി ജോലി നോക്കി വരികയായിരുന്നു. ഹെെപ്പർ മാർക്കറ്റ് മാനേജർ ആയതുകൊണ്ടുതന്നെ അവിടെയെത്തുന്ന മലയാളികൾ ഉൾപ്പെടെയുള്ള കുടുംബങ്ങളുമായി നല്ല ബന്ധം ഹക്കീം പുലർത്തിയിരുന്നു. മലയാളികൾ മാത്രമല്ല മറ്റു സംസ്ഥാനക്കാരോടും രാജ്യക്കാരോടും സൗഹാർദ്ദപവമായ സമീപനമായിരുന്നു ഹക്കീം നടത്തിവന്നിരുന്നതെന്നാണ് മറ്റു പ്രവാസികൾ വ്യക്തമാക്കുന്നത്.

നിരവധി നാളുകളായി ഷാർജയിലാണ് ഹക്കീം താസമിക്കുന്നത്. കഴിഞ്ഞ മാസം വരെ ഹക്കീമിൻ്റെ കുടുംബവും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. കുടുംബം നാട്ടിലേക്ക് മടങ്ങിയത് അടുത്തിടെയാണ്. ഹക്കീമിൻ്റെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുമെന്നാണ് പ്രവാസലോകത്തു നിന്നും ലഭിക്കുന്ന റിപ്പോർട്ടുകൾ.

No comments