കെട്ടിടം പൊളിക്കുന്നതിനിടെ അപകടം: കെഎസ്ഇബിക്ക് 15 ലക്ഷം രൂപയുടെ നഷ്ടം
കാസർകോട്: നഗരത്തിൽ കെട്ടിടം പൊളിച്ചു നീക്കുന്നതിനിടെ ഒരു ഭാഗം തകർന്നു വൈദ്യുത കമ്പിയിൽ വീണതിനെ തുടർന്നു വൈദ്യുതി ബോർഡിന് ഉണ്ടായത് 15 ലക്ഷത്തോളം രൂപയുടെ നഷ്ടം.12 ഹൈടെൻഷൻ ഉൾപ്പെടെ 18 തൂണുകൾ നിലംപൊത്തി. കഴിഞ്ഞ ദിവസം വൈകിട്ട് 6.30നായിരുന്നു കെട്ടിടം പൊളിച്ചു നീക്കുന്നതിനിടെ ഒരു ഭാഗം വൈദ്യുത കമ്പിയിൽ വീണത്.
നുള്ളിപ്പാടി, അണങ്കൂർ, കാപ്പിവളപ്പ് തുടങ്ങിയ വിവിധ പ്രദേശങ്ങളിലെ വൈദ്യുതി ബന്ധം 24 മണിക്കൂർ പിന്നിട്ടും പുനഃസ്ഥാപിക്കാനായില്ല. 2000 മുതൽ 2500 ഉപയോക്താക്കൾക്കാണു വൈദ്യതി തടസ്സം നേരിട്ടത്.6000 യൂണിറ്റ് വൈദ്യുതിയുടെയും തൊഴിലാളികളുടെ വേതനവും സാധന സാമഗ്രികളുടെയും വിലയും ഉൾപ്പെടെ 2 ലക്ഷത്തോളം രൂപയുടെ റവന്യു നഷ്ടം നേരിട്ടതായി
വൈദ്യുതി വകുപ്പ് അധികൃതർ അറിയിച്ചു. ഇന്നു വൈകിട്ടോടെ മാത്രമെ വൈദ്യുതി ബന്ധം പൂർണമായി പുനഃസ്ഥാപിക്കാൻ ആകുകയുള്ളുവെന്നു അധികൃതർ സുചിപ്പിച്ചു. സംഭവത്തെക്കുറിച്ച് പരാതി ലഭിക്കാത്തതിനാൽ ഇതുവരെ കേസെടുത്തില്ലെന്നു കാസർകോട് ടൗൺ പൊലീസ് അറിയിച്ചു.നുള്ളിപ്പാടിയിലെ ഒരു പള്ളി കെട്ടിടം പൊളിച്ചു നീക്കുന്നതിനിടെയാണ് ഒരു ഭാഗം ഹൈടെൻഷൻ വൈദ്യുത കമ്പിയിലേക്ക് വീണത്.
തുടർന്നു നുള്ളിപ്പാടി മുതൽ പുതിയ ബസ് സ്റ്റാൻഡ് വരെയുള്ള വൈദ്യുത തൂണുകളാണ് തകർന്നു വീണത്. ഇന്നലെ രാത്രി വൈകിയും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ളപ്രവൃത്തികൾ നടന്നു. വൈദ്യുതി ബന്ധം ഇല്ലാത്തതിനാൽ നൂറുകണക്കിനു കുടുംബങ്ങൾ ഏറെ പ്രയാസത്തിലായി. കുഴൽകിണറിലെ വെള്ളം ആശ്രയിക്കുന്നവരാണ് ഏറെ പ്രയാസത്തിലായത്. വെള്ളം ഇല്ലാത്തതിനാൽ പലരും ബന്ധുവീടുകളിലേക്കു താമസം മാറ്റിയിരുന്നു.
Post a Comment