JHL

JHL

മദ്രാസ് ഐഐടിയിൽ വീണ്ടും മലയാളി വിദ്യാർത്ഥി ജീവനൊടുക്കി; മരണം മറച്ചുവെച്ച് അധികൃതർ; വ്യാപക പ്രതിഷേധവുമായി വിദ്യാർത്ഥികൾ;


 ചെന്നൈ: വീണ്ടും മദ്രാസ് ഐഐടിയിൽ വിദ്യാർത്ഥി ജീവനൊടുക്കി. കോളേജ് ഹോസ്റ്റലിലാണ് മലയാളിവിദ്യാർഥിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ വിദ്യാർത്ഥികൾ വ്യാപകപ്രതിഷേധം ആരംഭിച്ചു. നവിമുംബൈ നെഹ്രു സ്ട്രീറ്റിൽ സണ്ണിയുടെ മകൻ സ്റ്റീവൻ സണ്ണി ആലപ്പാട്ടിനെയാണ് (25) ഞായറാഴ്ച കാമ്പസിനുള്ളിലുള്ള ഹോസ്റ്റൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

സ്റ്റീവന്റെ കുടുംബം മലയാളികളാണെങ്കിലും അമ്പതുവർഷംമുമ്പ് മുംബൈയിൽ സ്ഥിരതാമസമാക്കിയവരാണ്. അതേസമയം, സ്റ്റീവൻ മരിച്ചവിവരം തിങ്കളാഴ്ച വൈകിയാണ് ഐഐടി അധികൃതർ പുറത്തുവിട്ടത്.

ഇലക്ട്രിക്കൽ എൻജിനിയറിങ്ങിൽ രണ്ടാംവർഷ എംഎസ് വിദ്യാർഥിയായിരുന്നു സ്റ്റീവൻ. പഠനസമ്മർദത്തെത്തുടർന്നാണ് ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.സ്റ്റീവൻ പഠനത്തിൽ മികവുപ്രകടിപ്പിക്കാൻ സാധിക്കാതെ വന്നതോടെ കുറച്ചുനാളായി നിരാശയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ‘വിചാരണ ചെയ്യരുത്’ എന്നർഥമുള്ള ഇംഗ്ലീഷിൽ എഴുതിയ ഒരു കുറിപ്പ് സ്റ്റീവന്റെ ലാപ്‌ടോപ്പിൽനിന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.ഇതിനിടെ 18 വയസ്സുകാരനായ മറ്റൊരു വിദ്യാർഥിയെ അമിതമായി ഉറക്കഗുളിക കഴിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കർണാടക സ്വദേശിയായ ഈ വിദ്യാർത്ഥി അപകടനില തരണം ചെയ്തതായാണ് വിവരം.അതേസമയം, രണ്ടുസംഭവങ്ങളിലും അധികൃതർക്കെതിരേ അന്വേഷണമാവശ്യപ്പെട്ട് വിദ്യാർഥികൾ പ്രതിഷേധത്തിന് ഇറങ്ങുകയായിരുന്നു. സ്റ്റീവൻ മരിച്ചത് ഒരുദിവസത്തിൽ കൂടുതൽ രഹസ്യമായിവെച്ചതിൽ പ്രതിഷേധിച്ചാണ് തിങ്കളാഴ്ച രാത്രിയിൽ കാമ്പസിനുള്ളിൽ വിദ്യാർഥികൾ സമരമാരംഭിച്ചത്.സ്റ്റീവന് മരണം സംഭവിച്ചിട്ടും സഹപാഠികളെ അറിയിക്കാതിരുന്നത് അധികൃതരുടെ ഭാഗത്തെ വലിയ പിഴവാണെന്ന് വിദ്യാർഥികൾ ആരോപിച്ചു.

മദ്രാസ് ഐഐടിയിൽ കഴിഞ്ഞ 10 വർഷത്തിൽ 12 വിദ്യാർഥികൾ ആത്മഹത്യചെയ്തിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ അധികൃതർ ഗൗരവമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ ആരോപിക്കുന്നത്.അതേസമയം, സംഭവത്തിൽ വിശദ അന്വേഷണം നടത്തുമെന്ന ഐഐടി ഡയറക്ടറുടെ ഉറപ്പിനെത്തുടർന്ന്, ഏഴുമണിക്കൂറോളംനീണ്ട സമരം വിദ്യാർഥികൾ അവസാനിപ്പിച്ചു.

No comments