JHL

JHL

പശുക്കടത്ത് ആരോപിച്ച് 2 യുവാക്കളെ ചുട്ടുകൊന്നു; 6 ബജ്റങ്ദൾ പ്രവർത്തകർ കസ്റ്റഡിയിൽ


 ഭരത്പുർ (രാജസ്ഥാൻ) • പശുക്കടത്തിന്റെ പേരിൽ രാജ്യത്ത് വീണ്ടും ആൾക്കൂട്ട കൊലപാതകം. രാജസ്ഥാനിലെ ഭരത്പുരിൽ നിന്നു തട്ടിക്കൊണ്ടുപോയ 2 യുവാക്കളെ ഹരിയാനയിലെ ഭിവാനിയിൽ ചുട്ടുകൊന്ന സംഭവത്തിൽ 6 പേരെ പിടികൂടി. നാസിർ (25), ജുനൈദ് (35) എന്നിവരെയാണു കാറിൽ ചുട്ടുകൊന്ന നിലയിൽ കണ്ടെത്തിയത്.
ബജ്റങ്ദൾ പ്രവർത്തകരായ പശുസംരക്ഷകരാണു സംഭവത്തിനു പിന്നിലെന്നു കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ആരോപിച്ചു. സംഭവത്തെ ശക്തമായി അപലപിച്ച രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് കർശന നടപടികൾക്ക് നിർദേശം നൽകി. ബുധനാഴ്ച കാണാതായ ഇരുവരെയും വ്യാഴാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.അന്വേഷണം ഊർജിതമാക്കിയെന്നും ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും ഭരത്പുർ ഐജി ഗൗരവ് ശ്രീവാസ്തവ പറഞ്ഞു.

ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അനിൽ, ശ്രീകാന്ത്, റിങ്ക് സൈനി, ലോകേഷ് സിംഗ്ല, മോഹിത്ത് യാദവ് (മോനു) എന്നിവർക്കെതിരെ ഗോപാൽഗഡ് പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തതായി ഭരത്പുർ എസ്പി ശ്യാം സിങ് പറഞ്ഞു. ‘കസ്റ്റഡിയിലായവർ ബജ്റങ്ദൾ പ്രവർത്തകരാണ്. എന്നാൽ, ഇവർ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതു വ്യക്തമായിട്ടില്ല’ – ഗൗരവ് ശ്രീവാസ്തവ പറഞ്ഞു.

വാഹനത്തിൽ നിന്നു ലഭിച്ചത് ജൂനൈദിന്റെയും നാസിറിന്റെയും ശരീരമാണെന്ന കാര്യത്തിലും സ്ഥിരീകരണം വന്നിട്ടില്ലെന്നാണു പൊലീസിന്റെ നിലപാട്. ഫൊറൻസിക് സംഘം ഇന്നലെയും സംഭവസ്ഥലത്തെത്തി വിദഗ്ധ പരിശോധന നടത്തി. അതേസമയം, ഇരുവരും യാത്ര ചെയ്തിരുന്ന കാറാണ് കത്തി നശിച്ചതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.

ഇവരുടെ പരിചയക്കാരനായ ആസിൽ ഖാന്റെയാണു വാഹനം. ഇരുവർക്കും പശുക്കടത്തുമായി ബന്ധമില്ലെന്നു ബന്ധുക്കൾ പറഞ്ഞു. ജോലി ആവശ്യങ്ങൾക്കായി ബുധനാഴ്ച രാവിലെ വീട്ടിൽ നിന്നു പോയ ഇരുവരെയും പത്തോളം പേരുടെ സംഘം മർദിച്ചുവെന്നും അതിനു ശേഷം തട്ടിക്കൊണ്ടു പോയെന്നുമാണു ബന്ധു ഇസ്മായിൽ നൽകിയ പരാതിയിൽ പറയുന്നത്.

അടുത്തിടെയാണ് നാസിർ വിവാഹിതനായത്. സാജിദയാണ് ജുനൈദിന്റെ ഭാര്യ. 3 കുട്ടികളുണ്ട്.മോഹിത്ത് ഉൾപ്പെടെയുള്ളവർക്കെതിരെ സമാനമായ പരാതികൾ നിലവിലുണ്ട്. ജനുവരി 28നു ഹരിയാനയിലെ നൂഹിൽ പശുക്കടത്ത് ആരോപിച്ചു 22കാരനെ മോഹിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പൊലീസിനു കൈമാറിയിരുന്നു.

യുവാവ് പിന്നീടു ആശുപത്രിയിൽ മരിച്ചു. ഈ യുവാവിന്റെ കാർ ലോറിയുമായി ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റുവെന്നാണു പൊലീസ് നൽകിയ വിശദീകരണം. അതേസമയം, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നു വ്യക്തമാക്കി മോഹിത്ത് യാദവ് സമൂഹമാധ്യമങ്ങളിൽ വിഡിയോ പോസ്റ്റ് ചെയ്തു.

No comments