JHL

JHL

പിഎഫ്ഐ ഹര്‍ത്താല്‍:കാസർകോട് സ്വദേശിയുടെ സ്വത്തുവകകള്‍ ജപ്തി ചെയ്ത നടപടി പിന്‍വലിച്ച് ഉത്തരവ്


 കാസര്‍കോട്: പിഎഫ്ഐ ഹര്‍ത്താലുമായി ബന്ധപ്പെട്ട് കാസർകോട് സ്വദേശിയുടെ സ്വത്തുവകകള്‍ ജപ്തി ചെയ്ത നടപടി പിന്‍വലിച്ചു. നായന്മാര്‍മൂലയിലെ എന്‍ യു അബ്ദുസ്സലാമിന്റെയും ചന്ദ്രഗിരി ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും സ്വത്ത് വകകള്‍ ജപ്തി ചെയ്ത നടപടിയാണ് പിൻവലിച്ച് കാസര്‍കോട് ജില്ലാ കലക്ടര്‍ സ്വാഗത് ഭണ്ഡാരി രണ്‍വീര്‍ ചന്ദ് ഉത്തരവിറക്കിയത്. 


പെരുമ്പള പാലത്തിന് സമീപം അബ്ദുസ്സലാം ചെയര്‍മാനായ ചന്ദ്രഗിരി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കെട്ടിടമുള്‍പെടെ 7.48 സെന്റ് സ്ഥലം, അബ്ദുല്‍ സലാമിന്റെ പേരില്‍ നായ്മാര്‍മൂലയിലുള്ള വീടുള്‍പെടെ 6.07 സെന്റ് സ്ഥലം എന്നിവയാണ് ജപ്തി നടപടികളില്‍ നിന്ന് ഒഴിവാക്കിയത്. 

ചെങ്കള വിലേജ് ഓഫിസ് പരിധിയില്‍ വരുന്ന സ്വത്തുക്കളാണ് ഇവ. കാസര്‍കോട് ജില്ലയില്‍ അഞ്ച് പേരുടെ പേരിലുള്ള എട്ടിടത്തെ സ്വത്തുക്കളാണ് നേരത്തെ കണ്ടുകെട്ടിയിരുന്നത്. ഇതില്‍ അബ്ദുസ്സലാമിനെതിരെ സ്വീകരിച്ച നടപടികളാണ് പിന്‍വലിച്ചത്.

ജപ്തി നടപടികള്‍ക്കെതിരേ അബ്ദുസ്സലാം സമര്‍പ്പിച്ച അപേക്ഷയില്‍ കാസര്‍കോട് ജില്ലാ കലക്ടര്‍ ജില്ലാ പോലിസ് സൂപ്രണ്ട് മുഖാന്തരം നടത്തിയ അന്വേഷണത്തില്‍ സലാം ചന്ദ്രഗിരി ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സംഘടനയുടെ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നയാളാണെന്നും പ്രസ്തുത സംഘടനയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് പിഎഫ്‌ഐയുടെ ജില്ലാ കമിറ്റി ഓഫിസ് പ്രവര്‍ത്തിച്ചിരുന്നതെന്നും എന്നാല്‍ ഇദ്ദേഹത്തിന് ഭാരവാഹിത്വമുള്ളതായി അറിവായില്ലായെന്നും കണ്ടെത്തിയിട്ടുള്ളതായും ഈ സാഹചര്യത്തിലാണ് ജപ്തി നടപടികള്‍ പിന്‍വലിക്കുന്നതെന്നുമാണ് ഉത്തരവില്‍ പറയുന്നത്.

കലക്ടറുടെ ഉത്തരവോടെ വീടുള്‍പ്പെടെയുള്ള സ്ഥലത്തിന്റെ കാര്യത്തിലുള്ള നിയമനടപടികള്‍ നീങ്ങിയതായി അബ്ദുസ്സലാം പ്രതികരിച്ചു. അതേസമയം, ചന്ദ്രഗിരി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കെട്ടിടത്തിനെതിരേ എന്‍ഐഎ നേരത്തെ സ്വീകരിച്ച നിയമനടപടികള്‍ നിലവിലുണ്ട്. ഇതിനെതിരേ ഭാരവാഹികള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.

No comments