JHL

JHL

കാസർകോട് വില്ലേജ് ഓഫീസില്‍ ‘അളിയനെ’ നിയമിച്ച വില്ലേജ് അസിസ്റ്റന്റിനും രണ്ട് ഉദ്യോഗസ്ഥർക്കുമെതിരെ നടപടിക്ക് ശുപാർശ


 കാസര്‍കോട്: വില്ലേജ് അസിസ്റ്റന്റിന്റെ അളിയനെ വില്ലേജ് ഓഫീസില്‍ അനധികൃതമായി നിയമിച്ച വില്ലേജ് അസിസ്റ്റന്റിനും രണ്ട് ഉദ്യോഗസ്ഥർക്കുമെതിരെ അച്ചടക്കനടപടിക്ക് ശുപാര്‍ശ. ഹാജര്‍ പട്ടികയില്‍ പേരില്ലാത്ത ഒരാളെ ജോലിക്കുവെച്ച കളനാട് വില്ലേജ് ഓഫീസര്‍ പി.ജി. അംബിക, സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ബി. സുജേഷ്, വില്ലേജ് അസിസ്റ്റന്റ് ടി. സുരേഷ്ബാബു എന്നിവര്‍ക്കെതിരേയാണ് നടപടിക്ക് ശുപാര്‍ശ.

ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കളക്ടര്‍ക്ക് നല്‍കി.വില്ലേജ് അസിസ്റ്റന്റിന്റെ ഭാര്യാസഹോദരന്‍ ചാമുണ്ഡിക്കടവിലെ കെ. സുജിത്കുമാറാണ് ഓഫീസില്‍ ഭൂമി തരംമാറ്റല്‍ ക്രമീകരണം, അനന്തരാവകാശ പത്രികയുടെ റിപ്പോര്‍ട്ട് തുടങ്ങിയ സുപ്രധാനരേഖകള്‍ തയ്യാറാക്കുന്നതിനിടയില്‍ പിടിയിലായത്.

2022 ഒക്ടോബര്‍ 15-ന് ഉത്തരമേഖലാ വിജിലന്‍സ് ഡെപ്യൂട്ടി കളക്ടറുടെ പരിശോധനയ്ക്കിടെയായിരുന്നു കളനാട് വില്ലേജ് ഓഫീസില്‍ ഉത്തരവാദപ്പെട്ട ജോലി സ്വന്തംനിലയില്‍ ചെയ്യുന്ന ‘ഉദ്യോഗസ്ഥനെ’ പിടിച്ചത്.രണ്ടരവര്‍ഷത്തിലധികം സുജിത്ത് കുമാര്‍ ജോലി ചെയ്തതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പരിശോധനയ്ക്കായി വിജിലൻസ് എത്തിയപ്പോൾ ജോലിചെയ്യുകയായിരുന്ന സുജിത്കുമാർ ഇത് മനസ്സിലാക്കി ഇറങ്ങിപ്പോകുകയായിരുന്നുവെന്നും മാതൃഭൂമി  ദിനപത്രത്തിൻറെ റിപ്പോർട്ടിൽ പറയുന്നു.വില്ലേജ് ഓഫീസറുടെ ശ്രദ്ധയിൽപ്പെടാത്ത അപേക്ഷ സുജിത്കുമാർ നേരിട്ട് കൈപ്പറ്റി തുടർനടപടി സ്വീകരിക്കുന്നതായും പൊതുജനങ്ങളിൽനിന്നു പ്രതി ഫലം കൈപറ്റുന്ന ഏജന്റാണ് അദ്ദേഹമെന്നും റിപ്പോർട്ടിലുണ്ട്.

No comments