ഷിറിയ ആരിക്കാടി കടപ്പുറത്ത് അനുവദിച്ച പുലിമുട്ട് നിർമാണം വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമാകുന്നു
കാസർകോട് : ഷിറിയ ആരിക്കാടി കടപ്പുറത്ത് അനുവദിച്ച പുലിമുട്ട് നിർമാണം വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമാകുന്നു. റിബിൽഡ് കേരള പദ്ധതിയിൽ 24.30 കോടിയുടെ ഭരണാനുമതി ലഭിച്ചതാണ്. ടെൻഡറായിട്ടും പ്രവൃത്തി തുടങ്ങാനായിട്ടില്ല. തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതി ലഭിക്കാത്തതിനാലാണ് പ്രവൃത്തി തുടങ്ങാൻ വൈകുന്നതെന്ന് കരാർ ഏറ്റെടുത്ത പി കെ എം കൺസ്‌ട്രക്ഷൻ കമ്പനി അറിയിച്ചു. കൊപ്പളം മുതൽ ഉപ്പള വരെയുള്ള മത്സ്യത്തൊഴിലാളികളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് പുലിമുട്ട്.
മൊഗ്രാൽ കൊപ്പളം മുതൽ ഉപ്പള വരെയുള്ള തീരദേശത്തെ അയ്യായിരത്തോളം മത്സ്യത്തൊഴിലാളികൾക്കും ആശ്രയിക്കുന്ന കുടുംബാംഗങ്ങൾക്കും വരുമാനത്തിനും ജീവിതത്തിനും ഉപകാരമാകുന്നതാണ് പുലിമുട്ട്. ഇവിടങ്ങളിലുള്ളവർ കാസർകോട്, മഞ്ചേശ്വരം എന്നിവിടങ്ങളിലാണ് മീൻപിടിത്തത്തിന് പോകുന്നത്. നൂറുകണക്കിന് തോണികളും വലിയ ബോട്ടുകളും ഇവിടങ്ങളിലുണ്ട്. ഷിറിയ അഴിമുഖത്ത് ആഴമില്ലാത്തിനാൽ തോണികൾ കടലിലേക്ക് ഇറക്കാനാകുന്നില്ല.
പൊലീസിനും ബോട്ടിറക്കാനാകുന്നില്ല
ഷിറിയയിലെ തീരദേശ പൊലീസ് സ്‌റ്റേഷന്റെ പ്രവർത്തനവും ബോട്ടിറക്കാനാകാതെ താറുമാറാകുന്നു. ബ്രംബ്രാണ വയലിലെ ഏക്കറുകണക്കിന് നെൽപാടമാണ് മഴക്കാലത്ത് കടലിൽ നിന്ന് ഉപ്പുവെള്ളം കയറി നശിക്കുന്നത്. വീടുകളിൽ വെള്ളം കയറുന്നതിനാൽ നാട്ടുകാരെ മാറ്റിപാർപ്പിക്കേണ്ടിയും വരുന്നു.
മുൻ എംപി പി കരുണാകരൻ, മഞ്ചേശ്വരം എംഎൽഎ ആയിരുന്ന സി എച്ച് കുഞ്ഞമ്പു എന്നിവർ മുഖേന സിപിഐ എം കുമ്പള ഏരിയാ കമ്മിറ്റി നടത്തിയ ഇടപടലിലാണ് പുലിമുട്ട് നിർമാണം സാധ്യമായത്. നിർമാണം വേഗത്തിൽ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മത്സ്യ തൊഴിലാളി യൂണിയൻ (സിഐടിയു) ആരിക്കാടി കടവത്ത് യൂണിറ്റ് ഭാരവാഹികൾ ഫിഷറീസ് മന്ത്രി സജി ചെറിയാന് നിവേദനം നൽകി.
Post a Comment