JHL

JHL

കുമ്പള സിഎച്ച്സി: 5കോടിയുടെ വിവരമില്ല; അനുവദിച്ചെന്നു പറഞ്ഞ തുകയും, പദ്ധതിയും എവിടെയെന്ന് നാട്ടുകാർ

കുമ്പള(www.truenewsmalayalam.com) : കുമ്പളയുടെ വികസനം അങ്ങിനെയാണ്, ഒന്നിനും ജീവൻ വെക്കുന്നില്ല, നാട്ടുകാരെ സുഖിപ്പിക്കാൻ പ്രഖ്യാപനങ്ങൾ ഒരുപാടുണ്ടാകും,ഒന്നും പ്രാവർത്തികമാവുന്നില്ല.അത് റെയിൽവേ സ്റ്റേഷൻ വികസനമായാലും, കുമ്പള ബസ്റ്റാൻഡ് നിർമ്മാണമായാലും, ടൂറിസം പദ്ധതികളാ യാലും,ആശുപത്രി നവീകരണമായാലും. അതെന്താണ് ഇങ്ങനെയെന്ന് ചോദിച്ചാൽ ഒരൊറ്റ മറുപടിയേ ഉള്ളൂ. വികസനം നടപ്പിലാക്കാനും, ചോദിച്ചു വാങ്ങാനും കുമ്പളയിൽ തന്റേടമുള്ള നേതൃത്വത്തിന്റെ അഭാവം തന്നെ.

 കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ(സിഎച്ച് സി)നവീകരണത്തിന് 5 കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപനത്തിൽ ഒതുങ്ങിയത്. കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി പദ്ധതി നടപ്പിലാക്കുമെ ന്നായിരുന്നു പ്രഖ്യാപനം.2023 തുടക്കത്തിലാണ് ഇത്തരത്തിൽ ഒരു പ്രഖ്യാപനം വന്നത്. ഇപ്പോൾ 2024 ഉം തീരാറായി. കാസർഗോഡ് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ളതാണ് കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രം.

 മഴക്കാലത്ത് ചോർന്നൊലിക്കുന്നതും,കാലപ്പഴക്കം ചെന്നതുമായ കെട്ടിടത്തിലാണ് സി എച്ച്സി പ്രവർത്തിച്ചുവരുന്നത്. ദിവസേന 300ന് മുകളിൽ രോഗികളാണ് ഇവിടെയെത്തുന്നത്. അടിസ്ഥാന സൗകര്യത്തിന്റെ കുറവ് രോഗികൾക്ക് ഏറെ ദുരിതമാകുന്നുമുണ്ട്. 1954 കാലഘട്ടത്തിൽ നിർമ്മിച്ചതാണ് പ്രസ്തുത കെട്ടിടം.75 വർഷം പിന്നിട്ടിട്ടും ഒരു മാറ്റവും ഇല്ല. നവീകരണം നടക്കാത്ത ജില്ലയിലെ ഏക ആരോഗ്യ കേന്ദ്രമാണ് കുമ്പളയിലെ സിഎച്ച് സി എന്നാണ് നാട്ടുകാർ പറയുന്നത്.

 കുമ്പളയിലെയും, പരിസരപ്രദേശങ്ങളിലെയും,തൊട്ടടുത്ത പഞ്ചായത്തുകളിലേ യും മത്സ്യത്തൊഴിലാളികളും,കർഷകരും അടങ്ങിയ സാധാരണക്കാർ ആശ്രയിക്കുന്ന സർക്കാർ ആശുപത്രിയാണിത്. കെട്ടിടം പുതുക്കി പണിയണമെന്നും, അടിസ്ഥാനസൗകര്യം വർദ്ധിപ്പിക്കണമെന്നും, ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്നും ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. സന്നദ്ധ സംഘടനകൾ ഈ ആവശ്യമുന്നയിച്ച് നിരവധി സമരപരിപാടികളും ആരോഗ്യ കേന്ദ്രത്തിനു മുന്നിൽ നടത്തിയിരുന്നു. മന്ത്രിമാർക്കും, ജനപ്രതിനിധികൾക്കും നിരന്തരം നിവേദനവും നൽകിവരുന്നുണ്ട്. ഇതേ തുടർന്നാണെന്ന് പറയുന്നു കഴിഞ്ഞവർഷം അഞ്ചു കോടി രൂപയുടെ  നവീകരണ പദ്ധതി നടപ്പിലാക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചത്. വർഷം രണ്ട് കഴിഞ്ഞിട്ടും നവീകരണ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ പോലും തുടങ്ങിയിട്ടില്ല എന്നതാണ് വസ്തുത. ഇതാണ് നാട്ടുകാരെ ചൊടിപ്പിക്കുന്നത്. അതിനിടെ മഞ്ചേശ്വരം താലൂക് വികസന സമിതി യോഗത്തിൽ ഈ വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് ഇതിൽ അംഗമായ താജുദ്ദീൻ മൊഗ്രാൽ തഹസിൽദാർക്ക് നിവേദനം നൽകിയിട്ടുണ്ട്.

No comments