നഷ്ട പരിഹാരത്തിലെ കോടതി ഇടപെടലും തടസ്സവും നീങ്ങി; മൊഗ്രാലിൽ മുടങ്ങി കിടന്ന സർവീസ് റോഡ് പണി തുടങ്ങി
മൊഗ്രാൽ(www.truenewsmalayalam.com) : ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കവും,കോടതി വരെ എത്തിയ കേസ്സുമായും കഴിഞ്ഞ മൂന്ന് വർഷമായി തടസ്സപ്പെട്ടു കിടന്ന മൊഗ്രാൽ ടൗണിന് സമീപത്തെ സർവീസ് റോഡ് നിർമ്മാണം പുനരാരംഭിച്ചു.
നാമമാത്രമായ നഷ്ടപരിഹാരത്തുകയെ ചൊല്ലിയാണ് ഗൃഹനാഥൻ ഹൈക്കോടതിയെ സമീപിച്ചത്. പലപ്രാവശ്യവും ബന്ധപ്പെട്ടവരുമായി ചർച്ച നടത്തിയെങ്കിലും പ്രശ്നപരിഹാരം ഉണ്ടായില്ല.ഇതുമൂലം ഈ ഭാഗത്തെ സർവീസ് റോഡ് നിർമ്മാണവും കോടതി ഇടപെടൽ മൂലം തടസ്സപ്പെട്ടു.
ഒടുവിൽ സർക്കാർ നിർദ്ദേശപ്രകാരം കലക്ടറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് മൊഗ്രാലിലെ ഭൂമി സംബന്ധമായ ഗൃഹനാഥന്റെ പരാതിക്ക് പരിഹാരമായത്.
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഇങ്ങനെ ജില്ലയിൽ ആയിരത്തോളം കേസുകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നാണ് വിവരം.ഇത് സംബന്ധിച്ച് നിയമസഭയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് തന്നെ ഈ വിവരം എൻഎ നെല്ലിക്കുന്ന് എംഎൽഎയുടെ ചോദ്യത്തിന് മറുപടി പറയവെ കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ അറിയിച്ചിരുന്നു.
ഇത്തരം കേസുകളൊക്കെ തീർപ്പാക്കാനായാലേ അടുത്തവർഷം ദേശീയപാത തലപ്പാടി- ചെങ്കള,ചെങ്കള- കാലിക്കടവ് റീച്ച് മുഴുവനായും തുറന്നു കൊടുക്കാനാവു എന്നതാണ് ദേശീയപാത അതോറിറ്റിയുടെ നിലപാട്.
ഇതിന് സംസ്ഥാന സർക്കാരാണ് യുദ്ധകാലാ ടിസ്ഥാനത്തിൽ നടപടി സ്വീകരിക്കേണ്ടതും.
Post a Comment