സാമൂഹിക മാധ്യമങ്ങളിലെ പ്രചരണം തെറ്റെന്ന് പഞ്ചായത്ത് ഭരണസമിതി
കുമ്പള(www.truenewsmalayalam.com): മുണ്ടക്കൈ ,ചൂരൽമല ദുരിതബാധിതരെ സഹായിക്കാനായി ശേഖരിച്ച ഭക്ഷ്യധാന്യ കിറ്റുകളും മറ്റും മറിച്ചുവിറ്റുവെന്ന പ്രചരണം അടിസ്ഥാന രഹിതമെന്ന് മംഗൽപ്പാടി ഗ്രാമപ്പഞ്ചായത്ത് ഭരണസമതി.
കുമ്പള പ്രസ് ഫോറത്തിൽ തിങ്കളാഴ്ച രാവിലെ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ഇതു സംബന്ധിച്ച വിശദീകരണം ഗ്രാമപ്പഞ്ചായത്തു പ്രസിഡൻറുൾപ്പടെയുള്ളവർ നൽകിയത്.
കഴിഞ്ഞ നവംബർ 24 ന് ഗ്രാമപ്പഞ്ചായത്തംഗങ്ങളായ അബ്ദുറഹ്മാൻ, മജീദ് പച്ചമ്പള എന്നിവർ ചേർന്ന് മേപ്പാടി ഗ്രാമപ്പഞ്ചായത്ത് സന്ദർശിക്കുകയും, സംഭരിച്ച ഭക്ഷ്യധാന്യങ്ങൾ, വസ്ത്രങ്ങൾ ഉൾപ്പടെയുള്ള ആവശ്യവസ്തുക്കൾ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് കെ.ബാബുവിന് കൈമാറുകയും ചെയ്തിരുന്നു.
കഴിഞ്ഞ ജൂലായ് 30-നായിരുന്നു ദുരിതാശ്വാസ നിധിയിലേയ്ക്കായി സാമഗ്രികൾ ശേഖരിക്കാൻ തീരുമാനമെടുത്തത്.
സപ്തംബർ 30 - ന് ചേർന്ന യോഗത്തിൽ ലഭിച്ച സാധന സാമഗ്രികൾ ദുരന്തനിവാരണ അതോറിറ്റിക്ക് കൈമാറുന്നതിനും തീരുമാനിച്ചു. വസ്തുതകൾ ഇതായിരിക്കെ പ്രസിഡൻറിനെതിരെയും, അംഗങ്ങൾക്കെതിരെയും സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചരണത്തിന് യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ല.
വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള ശ്രമത്തിൻ്റെ ഭാഗമാണിത്. വാർത്താ സമ്മേളനത്തിൽ മംഗൽപ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് റുബീന നൗഫൽ, വൈസ് പ്രസിഡൻറ് യൂസഫ് ഹേരൂർ, സ്ഥിരം സമിതി അധ്യക്ഷ ഇർഫാന ഇഖ്ബാൽ, ഗ്രാമപ്പഞ്ചായത്തംഗം മജീദ് പച്ചമ്പള എന്നിവർ പങ്കെടുത്തു.
Post a Comment