എട്ടാമതും ദേശീയ കാർ റാലി ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയ മൂസാ ഷരീഫിന് പുതിയ റെക്കോർഡോടെ ചരിത്ര നേട്ടം
കാസറഗോഡ്(www.truenewsmalayalam.com) : ഫെഡറേഷൻ ഓഫ് മോട്ടോർ സ്പോർട്സ് ക്ലബ് ഓഫ് ഇന്ത്യ ബാംഗ്ലൂരിൽ സംഘടിപ്പിച്ച ദേശീയ കാർ റാലി ചാമ്പ്യൻഷിപ്പ് -2024 ന്റെ അവസാന റൗണ്ടായ ബ്ലൂ-ബാൻഡ് സ്പോർട്സ് K1000 റാലി സമാപിച്ചപ്പോൾ പോയിന്റ് പട്ടികയിൽ ബഹുദൂരം മുന്നിലായ മൂസാ ഷരീഫ്- കർണാ കദൂർ സഖ്യം ദേശീയ കാർ റാലി ചാമ്പ്യൻ പട്ടം മാറോടണച്ചു.
എട്ടാമതും ദേശീയ കാർ റാലി കിരീടത്തിൽ മുത്തമിടുക വഴി മൂസാ ഷരീഫ് പുതിയ റെക്കോർഡ് സൃഷ്ടിച്ച് ചരിത്ര നേട്ടം കൈവരിച്ചിരിക്കുകയാണ്. ഇന്ത്യൻ റാലി ചാമ്പ്യൻഷിപ്പിലും ഇന്ത്യൻ റാലി എസ് യു വി ചാമ്പ്യൻഷിപ്പിലും നേരത്തെ ഓരോ തവണ ജേതാവായ മൂസാ ഷരീഫ് 10 ദേശീയതല ചാമ്പ്യൻഷിപ്പിൽ ഇതോടെ ജേതാവായിരിക്കുകയാണ്. ഒരു കോ-ഡ്രൈവറും ഇതുവരെ കൈവരിക്കാത്ത ചരിത്ര നേട്ടമാണിത്.
മൂസാ ഷരീഫുമായി വേർപിരിഞ്ഞ് പുതിയ കോ-ഡ്രൈവറുമായി മത്സരത്തിനിറങ്ങിയ ഇന്ത്യയുടെ നമ്പർ വൺ റാലി ഡ്രൈവറായ ഗൗരവ് ഗില്ലിന് ചാമ്പ്യൻഷിപ്പിൽ ഓവറോൾ റണ്ണറപ്പായി തൃപ്തിപ്പെടേണ്ടിവന്നു.
എട്ടാമതും ദേശീയ കാർറാലി ചാമ്പ്യൻഷിപ്പിൽ മുത്തമിട്ട കാസർഗോഡ്,മൊഗ്രാൽ- പെർവാഡ് സ്വദേശിയായ മൂസാ ഷരീഫ് കൊച്ചു കേരളത്തിന്റെ അഭിമാനം ഒരിക്കൽ കൂടി വാനോളമുയർത്തിയിരിക്കുകയാണ്.
Post a Comment