കോയിപ്പാടി വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥ ക്ഷാമം; അദാലത്തിൽ പരാതി നൽകാൻ ഒരുങ്ങി മൊഗ്രാൽ ദേശീയവേദി
കുമ്പള(www.truenewsmalayalam.com) : കോയിപ്പാടി ഗ്രൂപ്പ് വില്ലേജ് ഓഫീസില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ഓഫീസ് പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നതിനാല്‍ പ്രസ്തുത പ്രശ്നം ഉടനടി പരിഹരിക്കുന്നതിന് റവന്യൂ വകുപ്പ് നടപടി സ്വീകരിക്കണമെന്ന് മൊഗ്രാല്‍ ദേശീയവേദി ആവശ്യപ്പെട്ടു.
വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന പൊതുജനത്തിന് ഉദ്യോഗസ്ഥരുടെ ദൗര്‍ലഭ്യം കാരണം പലതവണ കയറിയിറങ്ങേണ്ടി വരുന്നത് വലിയ പ്രയാസം സൃഷ്ടിക്കുന്നു. ഇച്ചിലമ്പാടി,മൊഗ്രാൽ കോയിപ്പാടി എന്നീ 3 ഗ്രൂപ്പ് വില്ലേജുകൾ ചേർന്നതാണ് കോയിപ്പാടി വില്ലേജ് ഓഫീസ്.
ഏകദേശം 21000 ഭൂമുടകൾ ഇവിടെയുണ്ട്.ഇവിടെ ഒരു വില്ലേജ് ഓഫീസര്‍,ഒരു സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍,ഒരു വില്ലേജ് അസിസ്റ്റന്റ്,രണ്ട് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് എന്നീ തസ്തികകളാണ് നിലവിലുള്ളത്. ഇതില്‍ വില്ലേജ് അസിസ്റ്റന്റ് തസ്തിക മാസങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്.
നേരത്തേ രണ്ട് വില്ലേജ് അസിസ്റ്റന്റ് തസ്തിക ഉണ്ടായിരുന്ന കോയിപ്പാടി വില്ലേജ് ഓഫീസില്‍ ജോലിത്തിരക്ക് ക്രമാതീതമായി വര്‍ദ്ധിച്ചപ്പോള്‍ ഉണ്ടായിരുന്ന തസ്തിക ഇല്ലാതാക്കിയതും ഒഴിവ് കൃത്യമായി നികത്താത്തതും വലിയ അനാസ്ഥയാണ്.
അതിനിടെ തിരക്കുള്ള വില്ലേജ് ഓഫീസ് എന്നത് പരിഗണിച്ച് ഇവിടെ ഒരു ടൈപ്പിസ്റ്റിനെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഈ മാസം ആദ്യം നിയമിച്ചുവെങ്കിലും 'കരുതലും കൈത്താങ്ങും' എന്ന പേരിൽ നടക്കുന്ന താലൂക്ക് തല അദാലത്തിന്റെ പ്രവർത്തങ്ങൾക്കെന്ന പേരിൽ ഉടനടി മഞ്ചേശ്വരം താലൂക്ക് ഓഫീസിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.
മഞ്ചേശ്വരം താലൂക്കിലെ തന്നെ ഏറ്റവും ജനത്തിരക്കേറിയതും ജോലിഭാരമുള്ളതുമായ വില്ലേജില്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ എളുപ്പത്തില്‍ നിറവേറ്റുന്നതിന് അധിക തസ്തിക അനുവദിക്കേണ്ടത് അനിവാര്യമാണ്.
ജില്ലയിലെ ജോലിത്തിരക്കുള്ള എല്ലാ വില്ലേജുകളിലേക്കും ഓഫീസ് അറ്റന്റന്റ്, ടൈപ്പിസ്റ്റ് തസ്തികകള്‍ അനുവദിച്ചപ്പോള്‍ കോയിപ്പാടി വില്ലേജിനെ അവഗണിച്ചത് പ്രതിഷേധാര്‍ഹമാണ്.
ജില്ലയില്‍ ആദ്യം റീസര്‍വ്വേ നടപടികള്‍ പൂര്‍ത്തിയായതും, തീരപ്രദേശമടക്കം ജനസാന്ദ്രത കൂടുതലുള്ള മൂന്ന് വില്ലേജുകള്‍ ഉള്‍പ്പെട്ടതുമായ കോയിപ്പാടി വില്ലേജ് ഓഫീസിലേക്ക് ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിന് "കരുതലും കൈത്താങ്ങും'' താലൂക്ക് തല അദാലത്തിൽ പരാതി നൽകാനും മൊഗ്രാൽ ദേശീയ വേദി തീരുമാനിച്ചിട്ടുണ്ട്.
Post a Comment