സ്കൂളുകളിൽ പിടിഎ ഭരണം വേണ്ടെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ പിടിഎ - എസ്എംസി കമ്മിറ്റികൾ രംഗത്ത്; വി ശിവൻകുട്ടി സി രവീന്ദ്രനാഥിനെ മാതൃകയാക്കണമെന്നും ആവശ്യം
കുമ്പള(www.truenewsmalayalam.com) : സംസ്ഥാനത്തെ സ്കൂളുകളിൽ ഇല്ലാത്ത അധികാരം ഉപയോഗിച്ച് അധ്യാപക-രക്ഷാകൃത്ത സമിതികളും(പിടിഎ) സ്കൂൾ മാനേജ്മെന്റ് കമ്മിറ്റികളും(എസ്എം സി) നടത്തുന്ന ഭരണം അവസാനിപ്പിക്കണമെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പ്രസ്താവനയ്ക്കെതിരെ പിടിഎ-എസ്എംസി കമ്മിറ്റികൾ രംഗത്ത്.
കഴിഞ്ഞ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് തുടങ്ങിവെച്ച വിദ്യാഭ്യാസ പുരോഗതിയും, അടിസ്ഥാന സൗകര്യ വികസനവും തടസ്സപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രിയുടെ നീക്കമെന്നാണ് പിടിഎ- എസ്എംസി കമ്മിറ്റികൾ ആരോപിക്കുന്നത്.
പിടിഎ-എസ്എംസി കമ്മിറ്റികൾ സ്കൂളുകളിൽ ഒരു ഭരണവും നടത്തുന്നില്ല. തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റികൾ തങ്ങളിൽ അർപ്പിച്ചതും, നിക്ഷിപ്തവുമായ പ്രവർത്തനങ്ങളും സ്കൂളിന്റെ പുരോഗതിക്കും വേണ്ടിയാണ് പ്രവർത്തിക്കുന്നത്.പി ടിഎയും,എസ്എംസിയും ചെയ്യുന്ന പ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തി കൊണ്ടാണ് കമ്മിറ്റികൾ വിദ്യാഭ്യാസ മന്ത്രിക്കെതിരെ രംഗത്തുവന്നിരിക്കുന്നത്.വിഷയം സ്കൂളിൽ പിടിഎ-എസ്എംസി യോഗങ്ങളിലും ചൂടിയേറിയ ചർച്ചയ്ക്ക് വഴി വെച്ചിരുന്നു. പലരും രാജി സന്നദ്ധതയും അറിയിച്ചിരുന്നു.
അദ്ധ്യായന ഭരണകാര്യങ്ങളിൽ ഇടപെടുന്നത് നേരാംവണ്ണം സ്കൂളിന്റെ പ്രവർത്തനം നടത്തിക്കൊണ്ടു പോകാനുള്ള പിന്തുണയുടെ ഭാഗമാണ്.സ്കൂളുകളിൽ അരങ്ങേറുന്ന റാഗിംഗ് പോലുള്ള സംഭവങ്ങളിലും, വിദ്യാർത്ഥികൾ ചേരിതിരിഞ്ഞുണ്ടാക്കുന്ന സംഘട്ടനങ്ങളിലും, ഉച്ചക്കഞ്ഞി വിഷയത്തിലും, ശുചീകരണ പ്രവർത്തനങ്ങളിലും, നിർമ്മാണ പ്രവർത്തനങ്ങളിലും പിടിഎ-എസ്എംസി കമ്മിറ്റികളല്ലാതെ പിന്നെ ആരാണ് ഇടപെടേണ്ടത്. സ്കൂളിന്റെ അയലത്ത് പോലും വരാത്ത സംഘടനാ പ്രവർത്തനം മാത്രം നോക്കി നടക്കുന്ന അധ്യാപക സംഘടനാ നേതാക്കളുടെ വാക്കുകൾ കേട്ട്,അവർ നൽകുന്ന കുറിപ്പ് നോക്കി മന്ത്രി വായിക്കുന്നതും, അഭിപ്രായം പറയുന്നതും സത്യാവസ്ഥ മനസ്സിലാക്കാതെയാണ്.ഇത് നല്ല നിലയിൽ പ്രവർത്തിച്ചുവരുന്ന കലാലയാന്തരീക്ഷത്തിന് തുരങ്കം വെക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്നും പി ടിഎ-എസ്എംസി കമ്മിറ്റികൾ കുറ്റപ്പെടുത്തുന്നുണ്ട്.
സ്കൂളിലെ പഠനപ്രവർത്തനങ്ങളും,സമാധാനാ ന്തരീക്ഷവും,വികസന പ്രവർത്തനങ്ങളും പൊതുജനങ്ങളും രക്ഷാകൃത്ത സമൂഹവും ആഗ്രഹിക്കുന്ന രൂപത്തിൽ നടപ്പിലാക്കാൻ സ്കൂൾ അധികൃതരെയും, വിദ്യാർത്ഥികളെയും സഹായിക്കുക മാത്രമാണ് പിടിഎയും എസ്എംസിയും ചെയ്തുവരുന്നത്. സർക്കാർ മാർഗ്ഗനിർദ്ദേശം പാലിച്ചുമാണ് പ്രവർത്തിക്കുന്നത്. രണ്ടായിരത്തിലേറെ വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളുകളിൽ ഭാരിച്ച ഉത്തരവാദിത്വമാണ് പിടിഎ-എസ്എംസി കമ്മിറ്റികൾ ഉള്ളത്. അധ്യാപകരാകട്ടെ കുട്ടികളുടെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സ്കൂളിന് നല്ല നിലവാരവും പരീക്ഷകളിൽ ഉന്നത വിജയവും ഉണ്ടാക്കിയെടുക്കാൻ അധ്യാപക സമൂഹം അഹോരാത്രം പരിശ്രമിക്കുന്നുണ്ട്. ഇതൊന്നും അറിയാതെ എടുത്തുചാടിയുള്ള അഭിപ്രായമാണ് വിദ്യാഭ്യാസ മന്ത്രി നടത്തിയതെന്ന് പിടിഎ-എസ്എംസി കമ്മിറ്റികൾ ആരോപിക്കുന്നു.
ഒന്നോ രണ്ടോ സ്കൂളുകളിൽ ഒറ്റപ്പെട്ട പരാതിയുടെ അടിസ്ഥാനത്തിൽ മുഴുവൻ പിടിഎ-എസ്.എം.സി കമ്മിറ്റികളെയും അധി ക്ഷേപിക്കുന്ന തരത്തിൽ മന്ത്രി പ്രസ്താവന ഇറക്കിയത് കമ്മിറ്റികളുടെ മനോവീര്യം തകർക്കുകയാണെന്നും, ജനപ്രതിനിധികൾ ഈ വിഷയം നിയമസഭയിൽ ഉന്നയിക്കണമെന്നും പിടിഎ -എസ്എംസി കമ്മിറ്റികൾ ആവശ്യപ്പെട്ടു.
കുമ്പള ഹയർസെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡണ്ട് എകെ ആരിഫ്, എസ്.എം.സി ചെയർമാൻ അഹമ്മദലി കുമ്പള, മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡണ്ട് അഷ്റഫ് പെർവാഡ്, മൊഗ്രാൽപുത്തൂർ ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡണ്ട് നെഹ്‌റു കടവത്ത് എന്നിവർ സംയുക്ത പ്രസ്താവനയിലൂടെയാണ് വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടിനെ വിമർശിച്ച് രംഗത്ത് വന്നിരിക്കുന്നത്.
Post a Comment