പ്രതീക്ഷ മങ്ങി തീരദേശത്തെ പരാഗത മത്സ്യ മേഖല; ഇനി പിടിച്ചു നിൽക്കാനാവില്ലെന്നും തൊഴിലാളികളുടെ വിലാപം
കുമ്പള(www.truenewsmalayalam.com) : ആറുമാസം തൊഴിലും കാലവർഷത്തിൽ ആറുമാസം തൊഴിലില്ലാതെയും ജീവിച്ചു പോരുന്നവരാണ് ജില്ലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ. വേറെ തൊഴിലൊന്നും ഇവർക്കറിയില്ല, ശീലിച്ചിട്ടുമില്ല. നാളെയുടെ സമ്പാദ്യം എന്തെന്ന് ചോദിച്ചാൽ വട്ടപ്പൂജ്യവും.
ഇന്ന് കഥകളൊക്കെ മാറിയിരിക്കുന്നു. ആറുമാസത്തെ തൊഴിൽ പ്രതീക്ഷിച്ചു നിൽക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് പ്രതീക്ഷ മങ്ങിയതായി തൊഴിലാളികൾ തന്നെ പറയുന്നു.കാലാവസ്ഥ വ്യതിയാനം, കടലിളക്കം,കടലിലെ മത്സ്യ ലഭ്യതയുടെ കുറവ് ഇതൊക്കെ മത്സ്യത്തൊഴിലാളികളുടെ തൊഴിൽ പ്രതിസന്ധിക്ക് ആക്കം കൂട്ടിയിരിക്കുന്നു.
ഒരുകാലത്ത് മത്സ്യത്തൊഴിലാളികൾക്ക് കിട്ടിയിരുന്ന"മത്സ്യ ചാകര''യൊക്കെ ഓർമ്മയായി മാറി. ഇപ്പോൾ മത്സ്യബന്ധനത്തിന് പോയാൽ തന്നെ ഒന്നോ രണ്ടോ കൊട്ട മത്സ്യം കിട്ടിയാലായി.അതിനാകട്ടെ വിലയും കുറവ്.
ഇനി ഈ തൊഴിൽ മേഖലയിൽ തുടരുന്നതിൽ അർത്ഥമില്ലെന്ന് സങ്കടത്തോടെ തൊഴിലാളികൾ പറയുന്നു. ഇത് ഈ വർഷത്തെ മാത്രം കഥയല്ല,മറിച്ച് രണ്ടു,മൂന്നു വർഷങ്ങളായി ഇതേ നിലയിലാണ് പോകുന്നത്. പിന്നെങ്ങനെ പിടിച്ചുനിൽക്കും.
കാലാവസ്ഥ മാറുമെന്ന് കരുതി എപ്പോഴും തോണികളും, വള്ളങ്ങളും കരയിൽ കയറ്റി വെച്ച് കിടപ്പാണ് മത്സ്യത്തൊഴിലാളികൾ. കടലമ്മ കനിയുമെന്ന പ്രതീക്ഷയിൽ.പക്ഷേ ഇത് നീണ്ടു പോയാലോ,കുടുംബം പട്ടിണി തന്നെ. തുടരെത്തുടരെ കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റമാണ് ഇവരെ പട്ടിണിയിലാ ക്കുന്നത്.
പുറംകടലാണെങ്കിൽ അന്യ സംസ്ഥാന വൻകിട ബോട്ടുകൾ സ്വന്തമാക്കിയിരിക്കുന്നു.ഇതും മത്സ്യലഭ്യതയുടെ കുറവിന് കാരണമെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പറയുന്നു.
രാജ്യത്തെ മുഴുവൻ വ്യവസായ ശാലകളിലെയും വിഷമാലിന്യം ഒഴുക്കി വീഴുന്നതും കടലിലേക്ക് തന്നെ. ഇതും മത്സ്യസമ്പത്തിനെ സാരമായി ബാധിച്ചുവെ ന്ന് ഇവർ പറയുന്നു. അനധികൃത മത്സ്യ ബന്ധനം നടത്തുന്ന ബോട്ടുകൾക്കെതിരെ വകുപ്പുതല നടപടികൾ വരാറുണ്ടെങ്കിലും ആഴക്കടൽ കേന്ദ്രീകരിച്ച് ഇപ്പോഴും വമ്പൻ കമ്പനികൾ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നുണ്ടെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.
Post a Comment