മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി; സ്കൂൾ ഓഫ് മാപ്പിള ആർട്സ് മാപ്പിള പാട്ട് പരിശീലന കോഴ്സുകൾ അടുത്തമാസത്തോടെ തുടക്കമാവും
മൊഗ്രാൽ(www.truenewsmalayalam.com) : മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമിയുടെ കീഴിലുള്ള സ്കൂൾ ഓഫ് മാപ്പിള ആർട്സിന്റെ മാപ്പിളപ്പാട്ട് പരിശീലന കേന്ദ്രത്തിന് അടുത്തവർഷം ആരംഭത്തോടെ (2025 ജനുവരി)തുടക്കമാവും.
മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ് ഓഫീസിൽ താൽക്കാലികമായി ഇതിന് സൗകര്യം ഒരുക്കും.ജില്ലയിൽ നിന്നുള്ള 15നും 25നും വയസ്സ് പ്രായമുള്ള കുട്ടികൾക്കാണ് പരിശീലനം നൽകുക.മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമി നൽകുന്ന രണ്ടുവർഷം കോഴ്സുകൾ പ്രകാരമായിരിക്കും പരിശീലനം.
ഇതിന് മാപ്പിള കലാകാരന്മാരായ അധ്യാപകരുടെ സേവനം ലഭ്യമാക്കും.കോഴ്സ് പൂർത്തിയാക്കുന്നവർക്ക് പരീക്ഷകൾ നടത്തി സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിലുള്ള മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമിയുടെ ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.
ഇത് വിദ്യാർത്ഥികൾക്ക് കലാരംഗത്തുള്ള വളർച്ചയ്ക്കും,ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിനും ഉപകരിക്കുമെന്ന് സംഘാടകർ പറഞ്ഞു.
മൊഗ്രാലിൽ "ഇശൽ ഗ്രാമം ട്രസ്റ്റ്''എന്ന പേരിലായിരിക്കും മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമിയിൽ അഫിലിയേറ്റ് ചെയ്യുക. ഇതിന്റെ അംഗീകാരം ഉടൻ ലഭ്യമാക്കും.സംഘടന ഇന്ത്യൻ സൊസൈറ്റി ആക്ട് പ്രകാരം ട്രസ്റ്റായി രജിസ്റ്റർ ചെയ്യും.ഇ തിനായുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
തുടക്കം എന്ന നിലയിലാണ് സംഗീതോപകരണങ്ങളോടുകൂടിയുള്ള മാപ്പിളപ്പാട്ട് ഗാനാലാപന കോഴ്സാ യിരിക്കും തുടങ്ങുക.ഫീസ് പിന്നീട് തീരുമാനിക്കും. ആദ്യഘട്ടം എന്ന നിലയിൽ 50 കുട്ടികളെയാണ് പ്രതീക്ഷിക്കുന്നത്. അപേക്ഷാഫോറം ട്രസ്റ്റ് ഭാരവാഹികളിൽ നിന്ന് ലഭിക്കും. ബന്ധപ്പെടേണ്ട നമ്പർ:9633444494,9895636141,9633321543,
ഇതുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ വച്ച് പ്രവാസി വ്യവസായി ഹമീദ് സ്പിക്,സ്കൂൾ ഓഫ് മാപ്പിള ആർട്സ് ചെയർമാൻ ബഷീർ അഹമ്മദ് സിദ്ദീഖിന് അപേക്ഷ ഫോറം നൽകി വിതരണോദ്ഘാടനം നിർവഹിച്ചു.കൺവീനർ കെഎം മുഹമ്മദ് അധ്യക്ഷത വഹിച്ചു.അഹമ്മദലി കുമ്പള സ്വാഗതം പറഞ്ഞു.എംപി അബ്ദുൽ ഖാദർ,എം എ മൂസ,താജുദ്ദീൻ മൊഗ്രാൽ,കെവി അശ്റഫ്,എംഎസ് അഷറഫ്,എംഎസ് മുഹമ്മദ് കുഞ്ഞി എന്നിവർ സംബന്ധിച്ചു.
Post a Comment