"ഷവർമ'' പാർസൽ കൊടുക്കുന്നുണ്ടോ? എങ്കിൽ തയ്യാറാക്കിയ സമയവും,തീയതിയും രേഖപ്പെടുത്തണം; ഹൈക്കോടതി ഉത്തരവ് ഭക്ഷ്യസുരക്ഷാ വകുപ്പിനും, ഹോട്ടലുകൾക്കും തലവേദനയാവും
കാസർഗോഡ്(www.truenewsmalayalam.com) : കാസർഗോഡ് പ്ലസ് വൺ വിദ്യാർഥിനി ദേവനന്ദ "ഷവർമ''കഴിച്ചു മരിച്ച സംഭവത്തിൽ ഹൈക്കോടതിയുടെ കർക്കശ നിർദേശം ഭക്ഷ്യസുരക്ഷാ വകുപ്പിനും, ഹോട്ടലുടമകൾക്കും തലവേദനയാവും.
ഇനിമുതൽ ഷവർമ പാർസലായി നൽകുമ്പോൾ തയ്യാറാക്കിയ തീയതിയും,സമയവും കൃത്യമായി പാക്കറ്റുകളിൽ രേഖപ്പെടുത്തണമെന്നാണ് ഹൈക്കോടതി നിർദേശം.ഇത് കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി ഭക്ഷ്യസുരക്ഷാ വകുപ്പിന് നിർദ്ദേശവും നൽകിയിട്ടുണ്ട്.
കഴിഞ്ഞ മാസം പതിനാലിന് ഇറങ്ങിയ ഉത്തരവ് നടപ്പിൽ വരുത്താൻ ഇതുവരെ ഭക്ഷ്യ സുരക്ഷാകുപ്പിന് കഴിഞ്ഞിട്ടുമില്ല.
ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം ഭക്ഷ്യ വകുപ്പ് ഉറപ്പാക്കാത്തതാണ് തന്റെ മകളുടെ മരണത്തിന് കാരണമെന്ന് കാണിച്ച് മാതാവ് നൽകിയ പരാതി തീർപ്പാക്കികൊണ്ടാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.
വളരെ പ്രാധാന്യമുള്ള പൊതു വിഷയം ചൂണ്ടിക്കാട്ടി അഗാധമായ ദുഃഖത്തിനിടയിലും ഹർജി നൽകാൻ മന:ശക്തി കാട്ടിയതിന് ഹർജിക്കാരിയായ മാതാവിനെ കോടതി അഭിനന്ദിക്കുകയും ചെയ്തിരുന്നു.കോടതി ചിലവായ 25000 രൂപ ഹരജിക്കാരിക്ക് നൽകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ജില്ലയിൽ വർദ്ധിച്ചുവരുന്ന "ഫാസ്റ്റ് ഫുഡ് ''കടകളിലും, തട്ട് കടകളിലും ഇപ്പോൾ ഷവർമ കച്ചവടം പൊടിപൊടിക്കുന്നുണ്ട്. നേരാം വണ്ണം മൂടിവയ്ക്കാതെയാണ് വില്പന നടത്തുന്നത് തന്നെ.വിദ്യാർത്ഥികളും യുവാക്കളുമാണ് ഏറെയും ഉപഭോക്താക്കൾ.
ഇനി ഇവർക്ക് ഷവർമ പാർസലായി നൽകുമ്പോൾ പാക്കറ്റുകളിൽ തീയതി രേഖപ്പെടുത്തുന്ന സ്റ്റിക്കർ പതിപ്പിച്ചു വേണം നൽകാൻ.അല്ലാത്തപക്ഷം ഭക്ഷ്യവകുപ്പിന്റെ പിഴ അടക്കമുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി വരും.എന്നാൽ ഇത് പ്രാവർത്തികമാക്കുന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്.
വീണ്ടുമൊരു ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്താൽ മാത്രമേ ഭക്ഷ്യവകുപ്പ് കണ്ണ് തുറക്കുകയുള്ളൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
Post a Comment