JHL

JHL

കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അത്യാധുനിക സയൻസ് ലാബ് യാഥാർത്ഥ്യമായി: പഠനം ഇനി കൂടുതൽ പ്രായോഗികം

കുമ്പള: പഠനത്തെ കൂടുതൽ ആകർഷകവും പ്രായോഗികവുമാക്കാൻ ലക്ഷ്യമിട്ട് കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി കുമ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ ആധുനിക സയൻസ് ലാബ് ഉദ്ഘാടനം ചെയ്തു. അത്യാധുനിക ഫർണിച്ചറുകളോടെ രൂപകൽപ്പന ചെയ്ത ലാബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ജമീല സിദ്ധീഖ് നിർവഹിച്ചു. ശാസ്ത്ര പഠനത്തിൽ പുതിയൊരു അധ്യായം കുറിക്കുന്ന ഈ സംരംഭം വിദ്യാർത്ഥികൾക്ക് വലിയ മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷ.
ഉദ്ഘാടന പ്രസംഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ജമീല സിദ്ധീഖ്, "സ്വന്തമായി കണ്ടുപിടിക്കാനും പരീക്ഷിക്കാനും നിരീക്ഷിക്കാനുമുള്ള അവസരങ്ങൾ ജീവിതത്തിൽ വലിയ വെളിച്ചം പകരും. ജീവിതപ്രയാണത്തിൽ നേരിടേണ്ടി വരുന്ന ഓരോ വെല്ലുവിളികളെയും ശാസ്ത്രീയമായി സമീപിക്കാനും, യുക്തിബോധത്തോടെ പരിഹരിക്കാനും ഈ പ്രായോഗിക പരിശീലനം അവരെ പ്രാപ്തരാക്കും," എന്ന് കൂട്ടിച്ചേർത്തു.
പരിപാടിയോടനുബന്ധിച്ച് വിവിധ സയൻസ് ക്ലബ്ബുകളിലെ അംഗങ്ങൾ അവതരിപ്പിച്ച ശാസ്ത്ര എക്സ്പിരിമെന്റുകൾ വേദിക്ക് മിഴിവേകി. ഇത് കാണികളിൽ കൗതുകമുണർത്തുകയും ചെയ്തു.
സ്കൂൾ ഹെഡ്മിസ്ട്രസ് ഷൈലജ ടീച്ചർ സ്വാഗതം ആശംസിച്ചു. പി.ടി.എ പ്രസിഡന്റ് എ.കെ. ആരിഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗം അഷ്റഫ് കരളെ മുഖ്യാതിഥിയായിരുന്നു. വാർഡ് മെമ്പർ പ്രേമാവതി, എസ്.എം.സി ചെയർമാൻ അഹമ്മദ് അലി, പി.ടി.എ വൈസ് പ്രസിഡന്റ് മൊയ്തീൻ അസീസ്, പി.ടി.എ / എസ്.എം.സി മെമ്പർമാരായ കെ.ബി. യൂസഫ്, മുഹമ്മദ് കുഞ്ഞി, വസന്ത ആരിക്കാടി, സയൻസ് ക്ലബ്ബ് കൺവീനർ മുനീർ മാഷ്, സയൻസ്/മാത്‍സ് / സോഷ്യൽ ക്ലബ് അംഗങ്ങളായ സൗമ്യ ടീച്ചർ, ആയിഷ കുട്ടി ടീച്ചർ, രജ്ഞന ടീച്ചർ, അഫ്സൽ മാഷ്, മധുസൂദനൻ മാഷ്, മുരളിധരൻ മാഷ് എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. സ്റ്റാഫ് സെക്രട്ടറി പ്രിയ ടീച്ചർ നന്ദി രേഖപ്പെടുത്തി.

No comments