JHL

JHL

കുമ്പളയിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറ ; സംഭവത്തെ പറ്റി പഠിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മന്ത്രി ഗതാഗതകമ്മീഷണർക്ക് നിർദ്ദേശം നൽകി

 

കുമ്പള: കുമ്പളയിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ 2023 മുതൽക്കുള്ള നിയമലംഘനങ്ങൾക്ക് പിഴ അടക്കണം എന്ന് നൂറുകണക്കിന് വാഹന ഉടമകൾക്ക് നോട്ടീസ് നൽകിയ സംഭവത്തിൽ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ ഇടപെട്ടു. 
     സംഭവത്തെ പറ്റി പഠിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മന്ത്രി ഗതാഗതകമ്മീഷണർക്ക് നിർദ്ദേശം നൽകി. 
കുമ്പള ബദിയടുക്ക റോഡിൽ സ്ഥാപിച്ചിട്ടുള്ള  ക്യാമറയാണ് വാഹന ഉടമകൾക്ക് മുട്ടൻ പണി കൊടുത്തത്. ക്യാമറ കേടുവന്നതായി കരുതി വാഹന ഗതാഗത നിയമം ലംഘിച്ച് തലങ്ങും വിലങ്ങും പാഞ്ഞവർക്ക് ലക്ഷങ്ങളുടെ പിഴ നോട്ടീസ് ആണ് കഴിഞ്ഞ രണ്ടാഴ്ചയായി ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനകം തന്നെ 500 ഓളം പേർക്ക് നോട്ടീസ് ലഭിച്ചതായാണ് കണക്ക്. ഇതിൽ രണ്ടു ലക്ഷത്തോളം രൂപ പിഴ അടക്കേണ്ട വാഹന ഉടമകളും ഉണ്ട്. 
ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ നോട്ടീസ് 15 ദിവസത്തിനകം തന്നെ നൽകണമെന്ന ചട്ടം മറികടന്നാണ് ഗതാഗത വകുപ്പ് വാഹന ഉടമകൾക്ക് നോട്ടീസ് നൽകിയതെന്നാണ് പരാതി. ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ കൂട്ടായ്മ ഉണ്ടാക്കി ശക്തമായ പ്രതിഷേധം നടത്തി വരികയാണ് ഇരകൾ. ഈ കൂട്ടായ്മ കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് മന്ത്രിയുടെ ഇടപെടൽ ഉണ്ടായത്.

No comments