JHL

JHL

നാടിനെ നടുക്കി കൊലപാതകം; പെറ്റമ്മയോട് മകന്റെ ക്രൂരത

മഞ്ചേശ്വരം : അമ്മയെ മകൻ തീയിട്ട് കൊലപ്പെടുത്തിയ ശേഷം അമ്മായിയെ കൊലപ്പെടുത്താൻ നടത്തിയ ശ്രമിച്ചെന്ന വാർത്ത നടുക്കത്തോടെയാണു നാട്ടുകാർ കേട്ടത്. ഹൊസങ്കടി-സുങ്കതക്കട്ട റോഡിലെ വൊർക്കാടി പഞ്ചായത്തിലെ ബേക്കറി ജംക്‌ഷനിൽ നിന്ന് 2 കിലോമീറ്റർ ഉൾപ്രദേശത്തുള്ള റോഡിൽ നള്ളങ്കിയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. റോഡിനരികിലെ പറമ്പിൽ നിന്ന് 100 മീറ്റർ പിന്നിലുള്ള വീട്ടിലാണ് ഹിൽഡ മൊൻതേരോയും മകൻ മെൽവിൻ മൊൻതേരോയും താമസിച്ചിരുന്നത്. ബുധനാഴ്ച രാത്രി കിടന്നുറങ്ങിയ അമ്മയെ പുലർച്ചെ ഒരു മണിയോടെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തുകയായിരുന്നു.

 വീടിന്റെ പിൻഭാഗത്തെ കുറ്റിക്കാട്ടിലെ കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപ്പെടുത്തി കൊണ്ടിട്ടതാണോ അതോ പൊള്ളലേറ്റ വെപ്രാളം കൊണ്ട് ഓടിരക്ഷപ്പെടുന്നതിനിടെ വീണു മരിച്ചതാണോ എന്ന കാര്യത്തിൽ നാട്ടുകാർ സംശയം പ്രകടിപ്പിക്കുന്നു. കൊലയ്ക്കു ശേഷം വീടിന്റെ 120 മീറ്റർ അകലെ റോഡിന്റെ മറുവശത്ത് താമസിക്കുന്ന ഹിൽഡ മൊൻതേരോയുടെ സഹോദരന്റെ ഭാര്യ ലോലിതയെ അമ്മയ്ക്ക് അസുഖമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി തീയിട്ട് കൊല്ലാൻ ശ്രമിക്കുകയായിരുന്നു.

 പൊള്ളലേറ്റ ലോലിത ഓടിമാറി കുറ്റിക്കാട്ടിൽ ഒളിച്ചു. വ്യാഴാഴ്ച നേരം പുലരുന്നതു വരെ കാത്തുനിന്ന് പുലർച്ചെ 5 കഴിഞ്ഞാണ് ലോലിത പരിസരവാസികളെ വിവരം അറിയിച്ചത്. നാട്ടുകാരെത്തി മഞ്ചേശ്വരം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ലോലിതയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നാട്ടുകാർ നൽകിയ വിവരത്തെ തുടർന്നു രാവിലെ ഇൻസ്പെക്ടർ ഇ.അനൂപ്കൂമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി.

പൊലീസ് എത്തിയപ്പോഴേക്കും മെൽവിൻ സ്ഥലം വിട്ടിരുന്നു. വീട്ടിൽ നിന്ന് നടന്ന് ബേക്കറി ജംക്‌ഷനിൽ എത്തി പുലർച്ചെ 6ന് ഹൊസങ്കടിയിലേക്ക് ഓട്ടോയിൽ കയറി പോവുകയും പിന്നീട് മംഗളൂരു ഭാഗത്തേക്ക് ബസിൽ കയറി പോയതായും കണ്ടെത്തി. മംഗളൂരുവിൽനിന്ന് കൊല്ലൂർ ഭാഗത്തേക്ക് ബസിൽ യാത്ര ചെയ്യുന്നതായി മൊബൈൽ ലൊക്കേഷൻ പരിശോധിച്ചപ്പോൾ വ്യക്തമായതിനെത്തുടർന്ന് പിന്തുടർന്ന പൊലീസ് മഞ്ചേശ്വരം കുന്ദാപുരത്തിനടുത്തു നിന്നാണ് ഉച്ചയ്ക്ക് 1.30ന് പ്രതിയെ പിടികൂടിയത്. 

 പ്രതിയെ ചോദ്യം ചെയ്തതിനു ശേഷമേ കുടുതൽ വിവരം ലഭ്യമാകൂ. ഹിൽഡയുടെ ഗൾഫിലുള്ള മറ്റൊരു മകൻ അൽവിൻ മൊൻതോരോ വിവരമറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ലോലിതയുടെ ഭർത്താവ് ഗൾഫിലുള്ള വിക്ടറും നാട്ടിലെത്തും. ലോലിതയും 5 വയസ്സുള്ള കുട്ടിയുമാണ് വീട്ടിൽ താമസം.  ജില്ലാ പൊലീസ് മേധാവി ബി.വി.വിജയ ഭരത് റെഡ്‍ഡി, ഡിവൈഎസ്പി സി.കെ.സുനിൽകുമാർ, ഫൊറൻസിക് വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവരും സ്ഥലത്തെത്തി.





No comments