JHL

JHL

നഗരത്തിലും സമീപ പ്രദേശങ്ങളിലും എത്തുന്നതിനുള്ള തടസ്സം; ദേശീയപാതയിൽ എക്സിറ്റ് അനുവദിക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ദേശീയപാത അതോറിറ്റി നിർദേശം

കാസർകോട് ∙  യാത്രക്കാർക്ക് നഗരത്തിലും സമീപ പ്രദേശങ്ങളിലും എത്തുന്നതിനുള്ള തടസ്സം പരിഹരിക്കുന്നതിന് കാസർകോട് മേൽപാലം കഴിഞ്ഞ് ദേശീയപാതയിൽ എക്സിറ്റ് അനുവദിക്കുന്നത് സംബന്ധിച്ച് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ദേശീയപാത അതോറിറ്റി നിർദേശം നൽകി. ഇതു സംബന്ധിച്ച് എൻ.എ.നെല്ലിക്കുന്ന് എംഎൽഎ കലക്ടർക്കും ദേശീയപാത അധികൃതർക്കും നിവേദനം നൽകിയിരുന്നു. കുമ്പള ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾക്ക് കാസർകോട് ഫ്ലൈ ഓവർ കഴിഞ്ഞാൽ സന്തോഷ് നഗറിലാണ് എക്സിറ്റ്. അണങ്കൂറിലും വിദ്യാനഗർ ബിസി റോഡിലും ഉള്ളത് ദേശീയപാതയിലേക്ക് കടക്കാനുള്ള എൻട്രി പോയിന്റ് ആണ്.

ഇക്കാരണം കൊണ്ട് കാസർകോട്, നുള്ളിപ്പാടി, അണങ്കൂ‍ർ, വിദ്യാനഗർ,  വിദ്യാനഗറിൽ സിവിൽ സ്റ്റേഷനിൽ ഉൾപ്പെടെ പോകണമെങ്കിൽ അടുക്കത്ത് ബയൽ ദേശീയപാതയിൽ നിന്നു പുറത്തിറങ്ങി സർവീസ് റോഡിലേക്ക് കടക്കണം. അല്ലെങ്കിൽ സന്തോഷ് നഗറിൽ പോയി തിരിച്ചു വരണം. പ്രശ്നം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ബന്ധപ്പെട്ട കൺസൽറ്റന്റിനെ നിയോഗിച്ചിട്ടുണ്ട്. ഈ റിപ്പോർട്ട് ദേശീയപാത അതോറിറ്റിക്ക് നൽകി ഒരു മാസത്തിനകം പരിഹാര നിർദേശം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ദേശീയപാതയിൽ എൻട്രി, എക്സിറ്റ് പോയിന്റുകളിൽ നിന്ന് ഒരേ പോലെ സർവീസ് റോഡിലേക്കും തിരിച്ചും ഇരു ചക്രവാഹനങ്ങൾ ഉൾപ്പെടെ ദേശീയപാതയിൽ കടന്നു പോകുന്നുണ്ട്.

No comments