മംഗലാപുരത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കേരള കെ എസ് ആർ ടി സി ബസ്സിൽ ടിക്കറ്റ് ഇളവുകൾ അനുവദിക്കണമെന്ന് എൻ സി പി
കേരളത്തിന്റെ അതിർത്തി പ്രദേശമായ കാസർകോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും അയൽ സംസ്ഥാനമായ മംഗലാപുരത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കേരള കെ എസ് ആർ ടി സി ബസ്സിൽ ടിക്കറ്റ് ഇളവുകൾ അനുവദിക്കണമെന്ന് എൻ സി പി മഞ്ചേശ്വരം ബ്ലോക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു. കേരളത്തിന്റെ വടക്കൻ അതിർത്തി പ്രദേശമായ കാസർകോട്ടെ വിവിധ ഭാഗങ്ങളിൽ നിന്ന് കന്നട ഭാഷ ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരും മലയാളികളുമായ നിരവധി വിദ്യാർത്ഥികളാണ് അയൽ സംസ്ഥാനമായ കർണാടകയിൽ പഠിക്കുന്നത്. കേരളത്തിൽ ആവശ്യത്തിന് ഉന്നത വിദ്യാഭ്യാസ സൗകര്യം ഇല്ലാത്തതിനാലാണ് അയൽ സംസ്ഥാനമായ കർണാടകയെ ആശ്രയിക്കേണ്ടി വരുന്നത്. ഇതിലേറെയും പാവപ്പെട്ട വരും എസ് സി, എസ് ടി വിഭാഗത്തിൽപ്പെട്ട വരും സാമ്പത്തികമായി പിന്നാക്കക്കാരുമാണ്. ഇവിടെ നിന്നുള്ള വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാൻ സമയാസമയങ്ങളിൽ ആവശ്യത്തിന് ട്രെയിൻ സൗകര്യം ഇല്ലാത്തതും റെയിൽവേ സ്റ്റേഷനിൽ വിദ്യാർത്ഥികൾക്ക് സീസൺ ടിക്കറ്റ് കൗണ്ടർ സൗകര്യം ഇല്ലാത്തതും കാരണം കെഎസ്ആർടിസി ബസ് മാത്രമാണ് ആശ്രയമായുള്ളത്. കർണാടകയിൽ കർണാടക ആർടിസി വിദ്യാർത്ഥികൾക്ക് ടിക്കറ്റ് ഇളവുകൾ നൽകുമ്പോൾ കേരളത്തിലെ വിദ്യാർത്ഥികൾക്ക് കേരള കെ എസ് ആർ ടി സി ബസ്സിൽ ഈ സൗകര്യം നിഷേധിക്കുന്നത് വിദ്യാർഥികളോടുള്ള കടുത്ത അനീതിയും അവഗണനയുമാണ്. വിദ്യാർത്ഥികളുടെ യാത്ര ചിലവിന്റെ സാമ്പത്തിക ബാധ്യത കാരണം നിരവധി രക്ഷിതാക്കളാണ് പകച്ചു നിൽക്കുന്നത്. അതിനാൽ സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേരള കെ എസ് ആർ ടി സി ബസ്സിൽ വിദ്യാർത്ഥികൾക്ക് ടിക്കറ്റ് ഇളവുകൾ അനുവദിക്കുന്നതിനുള്ള തീരുമാനങ്ങളും നടപടിയും ഉടൻ ആരംഭിക്കണമെന്ന് കേരളത്തിലെ ഗതാഗത വകുപ്പ് മന്ത്രിയോട് എൻ സി പി നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. ആവശ്യം അവഗണിക്കുന്ന പക്ഷം കാസർകോട് മംഗലാപുരം റൂട്ടിൽ കേരള കെ എസ് ആർ ടി സി ബസ്സുകൾ തടയുന്നതു ൾപ്പെടെയുള്ള സമര പരിപാടികൾ ആരംഭിക്കുമെന്ന് എൻസിപി മുന്നറിയിപ്പു നൽകി. ബ്ലോക്ക് പ്രസിഡണ്ട് മെഹമൂദ് കൈക്കമ്പയുടെ അധ്യക്ഷതയിൽ നടന്ന കൺവെൻഷൻ എൻസിപി ജില്ലാ ജനറൽ സെക്രട്ടറി ശ്രീ സുബൈർ പടുപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി സിദ്ദിഖ് കൈക്കമ്പ മുഖ്യപ്രഭാഷണം നടത്തി. എൻ എം സി കാസർകോട് ജില്ലാ പ്രസിഡന്റ് ഖദീജ മൊഗ്രാൽ, അബ്ദുൽ റഹിമാൻഹാജി,അഷ്‌റഫ് പച്ചിലമ്പാറ അബ്ദുള്ള മീഞ്ച, ഹരീഷ്കുമാർ, ബദറുദീൻ, ഇബ്രാഹിം ഹാജി, ഹമീദ് എം പി,തുടങ്ങിയവർ സംസാരിച്ചു ജനറൽ സെക്രട്ടറി മുഹമ്മദ് ആനബാഗിൽ സ്വാഗതവും, സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
Post a Comment