JHL

JHL

സൊസൈറ്റിയിൽ പാൽ എടുക്കുന്നതിൽ നിയന്ത്രണം. റോഡിൽ പാലൊഴുക്കി പ്രതിഷേധിച്ച് കർഷകൻ


 കുമ്പടാജെ; (www.truenewsmalayalam.com 21.05.2021)

സൊസൈറ്റിയിൽ പാൽ എടുക്കുന്നതിൽ നിയന്ത്രണം. റോഡിൽ പാലൊഴുക്കി പ്രതിഷേധിച്ച് കർഷകൻ. കുമ്പടാജെ ക്ഷീരോൽപാദക സഹകരണ സംഘത്തിലേക്ക് കൊണ്ടുവന്ന പാൽ ഇന്നലെ സൊസൈറ്റിയിൽ എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് കർഷകനായ പ്രവീൺ സൊസൈറ്റിക്ക് മുൻപിലെ റോഡിലൊഴിച്ചത്.10 ലീറ്റർ രാവിലേയും 6 ലീറ്റർ പിന്നീടുമായാണ് പാൽ ദിവസവും സൊസൈറ്റിയിലേക്ക് നൽകിയിരുന്നത്. ലോക്ഡൗണിൽ മിൽമ നിയന്ത്രണം കൊണ്ടുവന്നതോടെ 60% പാലാണ് സൊസൈറ്റിയിലെടുക്കുന്നത്. 6 ലീറ്റർ സൊസൈറ്റിക്ക് നൽകിയതിനു ശേഷം ബാക്കി വന്ന പാലാണ് മറിച്ചുകളഞ്ഞത്.

1,60,000 രൂപ വായ്പയെടുത്താണ് പ്രവീൺ ക്ഷീരോൽപാദനം തുടങ്ങിയത്. 60,000രൂപയും 40,000 രൂപയും നൽകിയാണ് പശുക്കളെ വാങ്ങിയത്. തൊഴുത്ത് കോൺക്രീറ്റാക്കി നിത്യവും വൃത്തിയാക്കുന്ന സംവിധാനമുണ്ടാക്കുകയും ഇതിനുള്ള പുല്ലു വളർത്തുകയും ചെയ്തു. ദിവസവും 10 കിലോ പിണ്ണാക്ക് നൽകണം. പ്രവീണും ഭാര്യ രാധികയും പിതാവ് രാമണ്ണറൈയും ചേർന്ന് രാവിലെ 5മണിക്ക് തുടങ്ങുന്ന ജോലിയിൽ നിന്നാണ് പാൽ ലഭിക്കുന്നത്. ഇത്രയും ചെയ്തിട്ട് പാൽ അളന്നെടുക്കാതെ മടക്കി കൊണ്ടു പോയി കളയുന്നതിന്റെ വിഷമത്തിലാണ് റോഡിൽ തന്നെ മറിച്ചു കളഞ്ഞത്. ‘ഇത്രയും ചെലവിട്ടിട്ട് പാൽ നൽകുന്നിടത്ത് എടുക്കാതെ പറഞ്ഞയയ്ക്കുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ വിഷമമുണ്ട്. 2ദിവസം പാൽ കോണ്ടുവരുന്നതെല്ലാം എടുക്കുമെന്ന പ്രതീക്ഷയിലായിരുന്നെന്നും പ്രവീൺ പറഞ്ഞു. പാൽ അളന്നെടുക്കാനുള്ള തീരുമാനമെടുക്കാൻ വൈകിയാൽ അന്നം മുട്ടുന്ന സ്ഥിതി വരും. വായ്പ അടവ് മുടങ്ങും.

കുമ്പടാജെ സഹകരണ സംഘത്തിൽ 550 മുതൽ 600 ലീറ്റർ വരെയാണ് പാൽ അളന്നെടുത്തിരുന്നത്. ഇപ്പോൾ ഇത് ഒരു നേരമായി ചുരുക്കി 293 ലീറ്റർ പാൽമാത്രമാണ് ശേഖരിക്കുന്നത്.ഇപ്പോഴും 350 ലീറ്ററോളം പാൽ കർഷകർകൊണ്ടു വരുന്നു. മുഴുവനും എടുക്കണമെന്നാവശ്യപ്പെട്ടെത്തുന്ന ക്ഷീരകർഷകരോട് വേണ്ട എന്ന് പറഞ്ഞ് മടക്കി അയയ്ക്കാൻ പറ്റാത്ത സ്ഥിതിയാണുള്ളത്. മിൽമ നിർദേശിച്ചതിനാൽ 50 ലീറ്റർ പാൽ അധികം അയയ്ക്കുന്നുണ്ട്. ഇവിടെ എൺപതോളം ക്ഷീരകർഷകരുണ്ട്.

3 ലീറ്റർ തൊട്ടു പാൽ വിൽപന നടത്തി ഉപജീവനം നടത്തുന്ന നിർധന കർഷകരുണ്ടിവിടെ. കർഷകരെ ദുരിതത്തിലാക്കുന്ന മിൽമയുടെ തീരുമാനം മാറ്റി കൊണ്ടുവരുന്ന മുഴുവൻ പാൽ അളന്നെടുക്കുന്ന തീരുമാനമെടുക്കണം ഫാറൂക്ക് കുമ്പടാജെ,കുമ്പടാജെ ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റ്.

ജീവിക്കാൻ മറ്റൊരു മാർഗവുമില്ല. രാത്രിയും പകലും തൊഴുത്തിലും പുറത്തും പണിയെടുത്ത് കൊണ്ട് കിട്ടുന്ന പാലാണ് വായ്പയടയ്ക്കാനും ഉപജീവന മാർഗത്തിനും പാൽ മുഴുവനും വിൽക്കണം.സൊസൈറ്റി ഒഴവാക്കിയാൽ ജീവിക്കാൻ മാർഗമില്ലാത്ത സ്ഥിതിയാവും.സഹകരണ സംഘത്തെ വിശ്വസിച്ചാണ് വായ്പയെടുത്തത്.

No comments