JHL

JHL

അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ട രാഷ്ട്രീയ തടവുകാർക്ക് അടിയന്തര ജാമ്യം ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടിയുടെ പ്രതിഷേധ സംഗമം.

 



മഞ്ചേശ്വരം : (www.truenewsmalayalam.com 21.05.2021)

 



ഫാസിസ്റ്റ് സർക്കാറിനെതിരെ ശബ്ദിച്ചതിന്റെ പേരിൽ അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ട മുഴുവൻ രാഷ്ട്രീയ തടവുകാർക്കും അടിയന്തര ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ വെൽഫെയർ പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. "ജാമ്യമാണ് നീതി" എന്ന തലക്കെട്ടിൽ നടന്ന പ്രതിഷേധ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം പ്രസിഡണ്ട് ഹമീദ് വാണിയമ്പലം നിർവഹിച്ചു. ഹിന്ദുത്വ ഭരണകൂടം കെട്ടിച്ചമച്ച കേസുകളുടെ പിൻബലത്തിലാണ് ഭരണകൂടം അന്യായമായ അറസ്റ്റുകൾ നടത്തിയിട്ടുള്ളത്. വിദ്യാഭ്യാസ - മാധ്യമ - സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികളെയാണ് കാരണം കൂടാതെ അറസ്റ്റ് ചെയ്യുകയും ജയിലറകളിൽ ക്രൂരമായ പീഡനത്തിന് ഇരയാക്കുകയും ചെയ്യുന്നത്.

കോവിഡ് മഹാമാരിയുടെ കാലത്ത് അറസ്റ്റുചെയ്യപ്പെട്ട രാഷ്ട്രീയ തടവുകാർക്ക് പോലും ആവശ്യമായ ചികിത്സയോ പരിഗണനയോ നൽകാൻ സർക്കാർ തയ്യാറാകുന്നില്ല. മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനും ഡൽഹി സർവകലാശാല അസോസിയേറ്റ് പ്രൊഫസർ ഹാനി ബാബുവിനും ജെസ്യൂറ്റ് പാതിരി സ്റ്റാൻ സ്വാമിക്കും വിദഗ്ധ ചികിത്സ നൽകാൻ കോടതി ഇടപെടേണ്ടി വന്ന സാഹചര്യമാണ് നിലവിലുള്ളത്. 


സർക്കാർ അന്യായമായി അറസ്റ്റ് ചെയ്ത മുഴുവൻ പോരാളികൾക്കും അടിയന്തരമായി ജാമ്യം അനുവദിക്കുകയും ആവശ്യമായവർക്ക് മതിയായ ചികിത്സ നൽകാനും സർക്കാർ തയ്യാറാകണം. അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തികളുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കണം. ജയിലറകളിൽ കിടക്കുന്ന രാഷ്ട്രീയ തടവുകാർക്കെതിരെ ഭീകരമായ മനുഷ്യാവകാശലംഘനമാണ് സംഘ്പരിവാർ സർക്കാർ നടത്തുന്നത്. ഇതിനെതിരെ രാജ്യത്ത് ശക്തമായ പ്രക്ഷോഭം ഉയർന്നു വരണമെന്ന് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.


തടവുകാർക്ക് അടിയന്തരമായി ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരം മണ്ഡലത്തിൽ നടന്ന പരിപാടി കുമ്പളയിൽ  മണ്ഡലം പ്രസിഡന്റ്‌ അബ്ദുല്ലത്തീഫ് കുമ്പള ഉദ്ഘാടനം ചെയ്തു.


ജില്ലാ സെക്രട്ടറി സാഹിദ ഇല്യാസ്, ജില്ലാ കമ്മിറ്റി അംഗം കെ രാമകൃഷ്ണൻ 

 മണ്ഡലം സെക്രെട്ടറി ഹമീദ് അമ്പാർ, മൊയ്തീൻ കുഞ്ഞി, ആദം കുഞ്ചത്തൂർ, ഹക്കീം മഞ്ചേശ്വർ, താബ്‌ഷീർ കമ്പാർ തുടങ്ങിയവർ നേതൃത്വം നൽകി.



No comments