JHL

JHL

മംഗളൂരു വിമാന ദുരന്തം നടന്നിട്ട് ഇന്നേക്കു 11 വർഷം; ഇപ്പോഴും അർഹമായ നഷ്ടപരിഹാരം കിട്ടാതെ അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾ


മംഗളൂരു: (www.truenewsmalayalam.com 22.05.2021)

മംഗളൂരു വിമാന ദുരന്തം നടന്നിട്ട് ഇന്നേക്കു 11 വർഷം; ഇപ്പോഴും അർഹമായ നഷ്ടപരിഹാരം കിട്ടാതെ അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾ. അർഹതപ്പെട്ട നഷ്ടപരിഹാരത്തിനായി സുപ്രീം കോടതിയിൽ കേസ് നടക്കുകയാണ്. കോവിഡ് പ്രതിസന്ധി വന്നതോടെ കേസ് മന്ദഗതിയിലായെന്നു ബന്ധുക്കൾ പറയുന്നു. ഒരു വർഷത്തിനിടെ ഓൺലൈനിൽ ഒറ്റ ഹിയറിങ് ആണ് നടന്നിട്ടുള്ളത്. 

2010 മെയ് 22നു രാവിലെ 6.07ന് ആണ് ദുബായിൽ നിന്നെത്തിയ എയർഇന്ത്യ എക്‌സ്പ്രസ് വിമാനം അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന 166 പേരിൽ158 പേരും മരിച്ചു. കാസർകോട് ഉദുമയിലെ കൂളിക്കുന്ന് കൃഷ്ണനും കണ്ണൂർ കമ്പിലിലെ കെ.പി.മായിൻ കുട്ടിയും അടക്കം 8 പേർ രക്ഷപ്പെട്ടു. രക്ഷപ്പെട്ടവർക്ക് ജോലി നൽകുമെന്ന എയർ ഇന്ത്യയുടെ വാഗ്ദാനവും പാഴായി. 

കെഞ്ചാറിലെ ദുരന്തഭൂമിയിൽ അപകടത്തിന്റെ സ്മരണക്കായി സ്ഥാപിച്ച സ്തൂപം ആരോ തകർത്തിരുന്നു. അതോടെ ദുരന്ത ഭൂമിയും വിസ്മൃതിയിലായി. തിരിച്ചറിയാത്ത 12 പേരുടെ മൃതദേഹങ്ങൾ സംസ്‌കരിച്ചത് ഗുരുപുര നദിക്കരയിൽ പുതുമംഗളൂരു തുറമുഖ ട്രസ്റ്റ് (എൻഎംപിടി) വിട്ടു കൊടുത്ത സ്ഥലത്താണ്. ഇവിടെ നിർമിച്ച സ്മാരക സ്തൂപവും പാർക്കുമാണ് വിമാന ദുരന്തത്തിൽ മരിച്ചവരുടെ ഓർമക്കായി ബാക്കിയുള്ളത്.

സാധാരണയായി മരിച്ചവരുടെ ബന്ധുക്കളും ജില്ലാ ഭരണകൂടവും ചേ‍ർന്ന് ഇവിടെ പുഷ്പാർച്ചന നടത്താറുണ്ട്. എന്നാൽ ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ഇതും അനിശ്ചിതത്വത്തിലായി.1999ൽ നിലവിൽ വന്ന മോൺട്രിയൽ ഉടമ്പടി പ്രകാരം വിമാന അപകടങ്ങളിൽ മരിച്ചവർക്ക് ഇന്ത്യൻ കറൻസി 72 ലക്ഷം രൂപയോളം നഷ്ടപരിഹാരം നൽകണമെന്നാണു വ്യവസ്ഥ. എയർ ഇന്ത്യ നിയോഗിച്ച ഏജൻസി വിലപേശി നിശ്ചയിച്ച നാമമാത്രമായ നഷ്ടപരിഹാരമാണ് ഇൻഷുറൻസ് കമ്പനി നൽകിയത്. ഇത് പിന്നീട് കേരള ഹൈക്കോടതിയിലും പിന്നീട് സുപ്രീം കോടതിയിലും ചോദ്യം ചെയ്തിരിക്കുകയാണ്. 

No comments