JHL

JHL

ഡോ. വി പി പി മുസ്തഫ മന്ത്രി എം.വി.ഗോവിന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയാകും

കുമ്പള : സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സിഐടിയു ജില്ലാ പ്രസിഡന്റുമായ വി.പി.പി.മുസ്തഫ തദ്ദേശ സ്വയംഭരണ – എക്സൈസ് വകുപ്പു മന്ത്രി എം.വി.ഗോവിന്ദന്റെ  പ്രൈവറ്റ് സെക്രട്ടറിയാകും. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർ ആയി പാർട്ടി നോമിനികൾ തന്നെ മതിയെന്ന സിപിഎം തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു നിയമനം. ഇന്നലെ ചേർന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.

കണ്ണൂര്‍ യൂണിവേര്‍സിറ്റി സിണ്ടിക്കേറ്റ് അംഗം, മുന്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗം, സി.പി.എം. തൃക്കരിപ്പൂര്‍ ഏരിയാ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വി.പി.പി. മുസ്തഫ മികച്ച സംഘാടകനും മലയാള സാഹിത്യത്തില്‍ ഡോക്ടറേറ്റും ഉള്ള ആളാണ്. 

ഹൈസ്കൂൾ പഠനകാലത്ത് എംഎസ്എഫിലൂടെയാണു മുസ്തഫയുടെ തുടക്കം. തളിപ്പറമ്പ് സർ സയിദ് കോളജിലാണു പ്രീഡിഗ്രി വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീടു മാധ്യമ പ്രവർത്തകനായി. ആ കാലയളവിലുണ്ടായ ചില സൗഹൃദങ്ങൾ ഇടതുപക്ഷ പ്രസ്ഥാനവുമായി അടുപ്പിച്ചു.  ഡിവൈഎഫ്ഐ ടൗൺ യൂണിറ്റ് സെക്രട്ടറി, എസ്എഫ്ഐ – ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹി, കണ്ണൂർ സർവകലാശാലാ സിൻഡിക്കറ്റ് അംഗം, ജില്ലാ പഞ്ചായത്ത് അംഗം, സിപിഎം തൃക്കരിപ്പൂർ ഏരിയ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച മുസ്തഫ മലയാള സാഹിത്യത്തിൽ പിഎച്ച്ഡി നേടിയിട്ടുണ്ട്. അഭിഭാഷകനുമാണ്. ദേശാഭിമാനി മംഗളൂരു ലേഖകനായും പ്രവർത്തിച്ചിരുന്നു.  പി.കുഞ്ഞിരാമൻ നായരെക്കുറിച്ചുള്ള പുസ്തകം ഈയിടെ പുറത്തിറക്കി. സർക്കാർ ജോലികൾ പലതും ലഭിച്ചിട്ടും അതു വേണ്ടെന്നു വച്ചാണു മുസ്തഫ പൊതുരംഗത്ത് ഉറച്ചു നിന്നത്. റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ പരേതനായ കെ.വി.പി.അബ്ദുൽഖാദറിന്റെയും വി.പി.പി.ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: സീനിയാ മാഹിൻ. മകൻ: അലൻ (ഉദിനൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥി).


കാസര്‍കോടിന് മന്ത്രി ഇല്ലെന്ന പരിഭവങ്ങള്‍ക്കിടയിലാണ് ജില്ലയില്‍ നിന്നുള്ള ഒരാള്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എത്തുന്നത്.
ഗോവിന്ദന്‍ മാസ്റ്റര്‍ക്കായിരിക്കും കാസര്‍കോട് ജില്ലയുടെ ചുമതല എന്നാണ് അറിയുന്നതെങ്കിലും ഇക്കാര്യത്തില്‍ തീരുമാനം വരാന്‍ ഇരിക്കുന്നതേ ഉള്ളൂ.
ഇടതു മുന്നണി സര്‍ക്കാരിന്റെ കാലത്ത് നേരത്തെയും കാസര്‍കോട് ജില്ലയില്‍ നിന്ന് മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍ നിയമിതരായിട്ടുണ്ട്.
1980 ല്‍ ഡോ. സുബ്ബറാവുവിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ബി.എം. അനന്ത.
അഡ്വ. പി. അപ്പുക്കുട്ടന്‍ മന്ത്രി ടി.കെ. ഹംസയുടെയും എം. രാമകൃഷ്ണന്‍ മന്ത്രി എം.എ. ബേബിയുടെയും കെ. പത്മനാഭന്‍ പൊടോര മന്ത്രി ഇ. ചന്ദ്രശേഖരന്റെയും പ്രൈവറ്റ് സെക്രട്ടറിമാരായിരുന്നു.



No comments