JHL

JHL

ലോക്​ഡൗൺ ഇളവുകൾ ഇന്നുമുതൽ ; വസ്ത്രങ്ങള്‍, സ്വര്‍ണം, ചെരിപ്പ് എന്നിവ വില്‍ക്കുന്ന കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകിട്ട് അഞ്ച് മണി വരെ പ്രവര്‍ത്തിക്കും.


തിരുവനന്തപുരം(www.truenewsmalayalam.com): സംസ്ഥാനത്ത്​ ​ലോക്​ഡൗൺ തുടരുമെങ്കിലും പ്രഖ്യാപിച്ച ഇളവുകൾ തിങ്കളാഴ്​ച മുതൽ പ്രാബല്യത്തിൽ. 

 പാഠപുസ്തകങ്ങള്‍, വിവാഹ ആവശ്യത്തിനുള്ള വസ്ത്രങ്ങള്‍, സ്വര്‍ണം, ചെരിപ്പ് എന്നിവ വില്‍ക്കുന്ന കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകിട്ട് അഞ്ച് മണി വരെ പ്രവര്‍ത്തിക്കും.

കയർ, കശുവണ്ടിയടക്കം വ്യവസായസ്ഥാപനങ്ങളിൽ 50 ശതമാനത്തിൽ കവിയാത്ത തൊഴിലാളികളെ നിയോഗിച്ച്​ ​ പ്രവർത്തനമാരംഭിക്കാമെന്നതാണ്​ ഇതിൽ പ്രധാനം.​

ലോക്​ഡൗൺ മൂലം പ്രതിസന്ധിയിലായ അടിസ്ഥാനജനവിഭാഗത്തെ സംബന്ധിച്ച്​ ആശ്വാസം പകരുന്ന നീക്കമാണിത്​. വ്യവസായസ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്കൃതവസ്തുക്കളും മറ്റും നല്‍കുന്ന സ്ഥാപനങ്ങള്‍, കടകള്‍ എന്നിവക്ക്​​ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ വൈകീട്ട്​ അഞ്ച്​ വരെ തുറക്കാം.

ബാങ്കുകളുടെ പ്രവർത്തനസമയം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകീട്ട്​ അഞ്ചുവരെ ​ ദീർഘിപ്പിച്ചിട്ടുണ്ട്​. ക്ഷേമപെൻഷനുകളുടെയടക്കം വിതരണം ആരംഭിക്കാനിരിക്കെ ഇത്​ തിരക്കുകുറയാൻ ഇടയാക്കും.

പാഴ്വസ്തുക്കള്‍ സൂക്ഷിച്ചിട്ടുള്ള സ്ഥലങ്ങളില്‍ ആഴ്ചയില്‍ രണ്ടുദിവസം അത് മാറ്റാന്‍ അനുവദിക്കും. പോസ്​റ്റ്​ ഓഫീസുകളിൽ പണമട​ക്കാൻ ആർ.ഡി കലക്​ഷൻ ഏജൻറുമാർക്ക്​ തിങ്കളാഴ്​ചകളിൽ യാത്രാനുമതിയുണ്ട്​. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ ആഴ്​ചയിൽ ഇവർക്ക്​ രണ്ടുദിവസം അനുമതിയെന്ന്​ അറിയിച്ചിരുന്നെങ്കിലും ഇളവുകൾ സംബന്ധിച്ച​ ചീഫ്​ സെക്രട്ടറിയുടെ ഉത്തരവിൽ ​തിങ്കളാഴ്​ച മാത്രമായിരിക്കുമെന്ന്​ വ്യക്തമാക്കിയിട്ടുണ്ട്​.


അതേസമയം, മൊബൈൽ, ലാപ്​ ടോപ്​ സർവിസ്​ സെൻററുകൾക്കും വിൽപനശാലകൾക്കും നിലവിൽ ശനി, ചൊവ്വ ദിവസങ്ങൾ മാത്രമാണ്​ അനുവദിച്ചിട്ടുള്ളത്​. ഒാൺലൈൻ ക്ലാസുകളടക്കം ആരംഭിക്കാനിരിക്കെ മൊബൈൽ ഫോണുകൾ നന്നാക്കുന്നതിനും മറ്റും നിരവധി പേരാണ്​ കാത്തിരിക്കുന്നത്​. ശനിയാഴ്​ച കടകൾ തുറന്നെങ്കിലും വലിയ തിരക്കുണ്ടായി. ​ഇത്തരം സ്ഥാപനങ്ങൾക്ക്​ കൂടുതൽ ദിവസം പ്രവർത്തനാനുമതി നൽകണമെന്ന്​ കടയുടമകളിൽനിന്നും ഉപഭോക്താക്കളിൽനിന്നും ആവശ്യമുയരുന്നുണ്ട്​.



No comments