JHL

JHL

ചരിത്രമുഹൂര്‍ത്തത്തിന് കണ്ണുംനട്ട് കേരളം; സത്യപ്രതിജ്ഞ അല്‍പസമയത്തിനകം


തിരുവനന്തപുരം: (www.truenewsmalayalam.com 20.05.2021)

തുടര്‍ഭരണം നേടി ചരിത്രം സൃഷ്ടിച്ച പിണറായി വിജയന്റെ സര്‍ക്കാര്‍ അല്‍പസമയത്തിനകം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങിനായുള്ള അവസാനഘട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ചരിത്ര വിജയം സമ്മാനിച്ച കേരള ജനതയെ സാക്ഷിയാക്കി വൈകീട്ട് 3.30 ന് മുഖ്യമന്ത്രിയടക്കം 21 മന്ത്രിമാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും. ശേഷം 5.30 ഓടെ ആദ്യ മന്ത്രിസഭാ യോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരും.

കോവിഡ് പശ്ചാത്തലത്തില്‍, ഹൈക്കോടതി ഇടപെടലിന്റെകൂടി അടിസ്ഥാനത്തില്‍ പരമാവധി കുറച്ചുപേരെ മാത്രം പങ്കെടുപ്പിച്ചായിരിക്കും സത്യപ്രതിജ്ഞയെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുള്ളത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പന്തലിലാണ് ചടങ്ങ്. 1000 പേര്‍ക്ക് സാമൂഹിക അകലം പാലിച്ച് ഇരിക്കാവുന്ന പന്തലാണിത്. പ്രതിപക്ഷത്തെ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ 500 പേര്‍ക്കാണ് ക്ഷണക്കത്ത് നല്‍കിയത്. പ്രതിപക്ഷം പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

ക്ഷണിക്കപ്പെട്ടവര്‍ 2.45-ന് മുമ്പായി സെന്‍ട്രല്‍ സ്റ്റേഡയത്തിലെത്തും. മുഖ്യമന്ത്രിയും സി.പി.എമ്മിലെയും സി.പി.ഐ.യിലെയും മന്ത്രിമാരും വ്യാഴാഴ്ച രാവിലെ വയലാര്‍ രക്തസാക്ഷി മണ്ഡപത്തിലും പുന്നപ്ര വയലാര്‍ രക്തസാക്ഷി സ്മാരകത്തിലും വലിയ ചുടുകാട്ടിലും സത്യപ്രതിജ്ഞക്ക് പുന്നോടിയായി പുഷ്പാര്‍ച്ചന നടത്തിയിരുന്നു. സത്യപ്രതിജ്ഞയ്ക്കുശേഷം മന്ത്രിമാരും കുടുംബാംഗങ്ങളും രാജ്ഭവനില്‍ ഗവര്‍ണറുടെ ചായസത്കാരത്തില്‍ പങ്കെടുക്കും.

ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമാണ് ചടങ്ങിലേക്ക് പ്രവേശനം. ഇവര്‍ 48 മണിക്കൂറിനകം എടുത്തിട്ടുള്ള ആര്‍ടിപിസിആര്‍, ട്രൂനാറ്റ്, ആര്‍ടി ലാമ്പ് നെഗറ്റീവ് റിസള്‍ട്ടോ, ആന്റിജന്‍ നെഗറ്റീവ്/ രണ്ട് ഡോസ് കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ കൈവശം വെക്കേണ്ടതുണ്ട്. 

സെക്രട്ടറിയേറ്റ് അനക്‌സ് 1, പ്രസ്സ് ക്ലബ്  എന്നിവയ്ക്കു എതിര്‍വശത്തുള്ള ഗേറ്റുകള്‍ വഴിയാണ് സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം. ക്ഷണക്കത്തിനോടൊപ്പം ഗേറ്റ്പാസും വെച്ചിരുന്നു.

കാര്‍ പാര്‍ക്കിങ് സൗകര്യം സെക്രട്ടറിയേറ്റ് മെയിന്‍ കാമ്പസ്, സെക്രട്ടറിയേറ്റ് അനക്‌സ് 2, കേരള യൂണിവേഴ്‌സിറ്റി കാമ്പസ് എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കുന്നവര്‍ ചടങ്ങില്‍ ഉടനീളം നിര്‍ബന്ധമായും ഡബിള്‍ മാസ്‌ക് ധരിക്കേണ്ടതും കോവിഡ് 19 പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കേണ്ടതുമാണെന്നാണ് നിര്‍ദേശം. പ്രത്യേക കാര്‍ പാസുള്ളവര്‍ക്ക് മറ്റു പാസുകള്‍ ആവശ്യമില്ല.

No comments