JHL

JHL

കാട്ടുമരതകൻ തുമ്പിയും കിദൂർ പക്ഷിഗ്രാമത്തിലെത്തി.


കുമ്പള:(www.truenewsmalayalam.com 20.05.2021)

വനപ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്ന അപൂർവയിനം തുമ്പിയെ കുമ്പള കിദൂർ പക്ഷിഗ്രാമത്തിലും കണ്ടെത്തിയത് കൗതുകമായി. പക്ഷി ഗവേഷകനും, കുമ്പള ഹോളി ഫാമിലി സ്കൂൾ അധ്യാപകനുമായ കിദൂർ  സ്വദേശി രാജുവാണ്  വീട്ടുമുറ്റത്തെ കിണറിന് മുകളിൽ പാറി കളിച്ച തുമ്പികളെ  ക്യാമറയിൽ പകർത്തിയത്.ആണിനേയും, പെണ്ണിനേയും കണ്ടെത്തിയിട്ടുണ്ട്. തുമ്പി ഗവേഷകനായ വിവേക് ചന്ദ്രൻ ഇത് സ്ഥിരീകരിക്കുകയും ചെയ്തു.

മരതകകണ്ണന്മാർ എന്ന തുമ്പി കുടുംബത്തിലുള്ള ഒരു കല്ലൻ തുമ്പിയാണിത്. പശ്ചിമഘട്ടം വടക്ക്, കിഴക്കേ  ഇന്ത്യൻ സംസ്ഥാനങ്ങളിലെ ഉയരമുള്ള പ്രദേശങ്ങളിലാണ് ഇത് സാധാരണയായി കണ്ടുവരാറുള്ളത്. കാസർഗോഡ് കിദൂർ പോലുള്ള താഴ്ന്ന പ്രദേശങ്ങളിൽ ആദ്യമായാണ് ഇവയെ കണ്ടെത്തിയത്. കേരളത്തിൽ ആകെ നാല് സ്ഥലങ്ങളിൽ മാത്രമാണ് ഈ തുമ്പിയെ നേരത്തെ കണ്ടിട്ടുള്ളതെന്ന്  രാജു കിദൂർ  പറഞ്ഞു.2017ൽ പെരിയാറിലാണ് ഇവ ആദ്യമായി കാണപ്പെട്ടത്. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞനായ കെ എ സുബ്രഹ്മണ്യനാണ് ഈ തുമ്പിയെ വസ്തുനിഷ്ഠമായി തിരിച്ചറിഞ്ഞത്. പിന്നീട് മൂന്നാറിലും, കോഴിക്കോടുമാണ് കാണപ്പെട്ടത്, ഇപ്പോൾ കുമ്പളയിലെ കിദൂരിലും. നൂറുകണക്കിന് വിവിധയിനം പക്ഷികളെ കണ്ടെത്തിയിട്ടുള്ള  പക്ഷി ഗ്രാമത്തിന് ഇത് മറ്റൊരു നേട്ടം കൂടിയായി. 


മരതകപച്ചയിൽ വളരെ മനോഹരമായ മഞ്ഞ കളറോട് കൂടിയ കല്ലൻ തുമ്പികളെയാണ് കിദൂരിൽ  കണ്ടെത്തിയിട്ടുള്ളത്. പച്ച കണ്ണുകളും മഞ്ഞ മുഖവുമാണ് ഇവയ്ക്ക്. കഴുത്തിന് കാവി നിറവും, ഉരസ്സിന് പച്ചനിറവുമാണ്.ഉരസ്സിന്റെ  വശങ്ങളിൽ മഞ്ഞ വരകലുമുണ്ട്. സുതാര്യമായ   ചിറകുകളിലെ പൊട്ടുകൾക്ക്  കാവിനിറം. തിളങ്ങുന്ന കറുപ്പ്. ഉദര ത്തിൻറെ മുതുക് ഭാഗത്ത് പച്ചയും, വശങ്ങളിൽ മഞ്ഞകലർന്ന തവിട്ടു നിറവുമുണ്ട്..ഇവയുടെ കുറുവാലുകൾക്ക് കറുപ്പാണ് നിറം. വനമേഖലയിലെ തടാകങ്ങളിലോ, കാട്ടുരു വികളുടെ ആഴമേറിയ ഭാഗങ്ങളിലോ ആണ് ഇവയുടെ  പ്രജനനം നടക്കുന്നത്.

No comments