JHL

JHL

ബ്ലഡ് സെപറേഷൻ യൂണിറ്റ് ഉടൻ പ്രവർത്തനസജ്ജമാക്കണം - ഫ്രറ്റേണിറ്റി മൂവ്മെൻറ്

കാസർകോട്(www.truenewsmalayalam.com): ജില്ലയിൽ ഡെങ്കിപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ ജനറൽ ആശുപത്രിയിൽ  മാസങ്ങൾക്ക് മുമ്പ് മുൻ ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്ത ബ്ലഡ് കോംപൊണൻ്റ് സെപറേഷൻ യൂണിറ്റ് പ്രവർത്തനസജ്ജമാക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ ജനറൽ സെക്രട്ടറി സന്ദീപ് പത്മിനി. കോവിഡ് വ്യാപിക്കുന്നതിനോടൊപ്പം ഡെങ്കിപ്പനി കൂടി ജില്ലയിൽ വ്യാപിക്കുകയാണ്. ശരീരത്തിൽ പ്ലേറ്റ്ലെറ്റുകൾ ക്രമാതീതമായി കുറയുന്ന രോഗികൾക്ക് നിലവിൽ പ്ലേറ്റ്ലെറ്റ് കിട്ടാനില്ല. ജില്ലാ ആശുപത്രിയിൽ സേവനം പരിമിതമാണ്, മംഗലാപുരത്തേക്കും പരിയാരത്തേക്കുമാണ് രോഗികളെ ചികിത്സക്കായി റഫർ ചെയ്യുന്നത്. ജനറൽ ആശുപത്രിയിൽ ബ്ലഡ് സെപറേഷൻ യൂണിറ്റിനാവശ്യമായ മെഷീനുകൾ എത്തിയിട്ട് പത്ത് വർഷത്തോളമായി, മെഷീനുകൾ സ്ഥാപിച്ച് നവീകരിച്ച ബ്ലഡ് ബാങ്ക്  കഴിഞ്ഞ ഫെബ്രുവരിയിലാണ് മുൻ ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തത്. എന്നാൽ ഇന്നും ഇതിൻ്റെ സേവനം ലഭ്യമായിട്ടില്ല. ഡെങ്കിപ്പനി വ്യാപകമാവുന്ന സാഹചര്യം മുൻനിർത്തി  ജനറൽ ആശുപത്രിയിലെ ബ്ലഡ് സെപറേഷൻ യൂണിറ്റിൽ ടെക്നീഷ്യൻമാരുടെ നിയമനം നടത്തി  ഉടൻ പ്രവർത്തനസജ്ജമാക്കണമെന്നും അല്ലാത്തപക്ഷം പ്രത്യക്ഷ സമരങ്ങൾക്ക് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് നേതൃത്വം നൽകുമെന്നും സന്ദീപ് പ്രസ്താവനയിൽ പറഞ്ഞു.

No comments