JHL

JHL

മംഗളൂരുവിൽ ടഗ് അപകടം: കാണാതായവർക്കായി തിരച്ചിൽ തുടരുന്നു


 മംഗളൂരു :(www.truenewsmalayalam.com 18.05.2021)

മംഗളൂരു തുറമുഖ മേഖലയിൽ ടഗ് മുങ്ങി കാണാതായ 3 പേരെ ഇനിയും കണ്ടെത്താനായില്ല. മറ്റൊരു ടഗ്ഗ് പാറയിൽ ഇടിച്ചു തകർന്ന് കടലിൽ കുടുങ്ങിയ 9 പേരെ മംഗളൂരു കോസ്റ്റ് ഗാർഡും നാവിക സേനാ ഹെലികോപ്റ്ററും ചേർന്നു രക്ഷപ്പെടുത്തി. പാറയിൽ ഇടിച്ചു തകർന്ന ടഗ്ഗിൽ ഉണ്ടായിരുന്ന 9 പേരെ ഇന്നലെ രാവിലെയാണു രക്ഷപ്പെടുത്തിയത്.

5 പേരെ കോസ്റ്റ് ഗാർഡ് കപ്പലും സ്പീഡ്‌ ബോട്ടും ഉപയോഗിച്ചു രക്ഷപ്പെടുത്തി. കടൽക്ഷോഭം രൂക്ഷമായതോടെ രക്ഷാദൗത്യത്തിൽ ഏർപ്പെട്ട കോസ്റ്റ്ഗാർഡ് കപ്പൽ വരാഹയ്ക്ക് അപകട സ്ഥലത്ത് അര കിലോമീറ്റർ സമീപത്തു പോലും എത്താൻ സാധിക്കാത്ത സ്ഥിതിയായി. ഇതോടെയാണ് നാവിക സേനയുടെ സഹായം തേടിയത്. കൊച്ചിയിൽ നിന്നെത്തിയ നാവികസേനാ ഹെലികോപ്റ്ററിൽ ബാക്കി 4 പേരെയും രക്ഷപ്പെടുത്തി.

മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിലേക്ക് (എംആർപിഎൽ) ക്രൂഡ് ഓയിലുമായി എത്തിയ കപ്പലിൽ നിന്ന് ഇത് എംആർപിഎല്ലിന്റെ പൈപ്പ് ലൈനിലേക്കു പമ്പു ചെയ്യുന്നതിനു പോയ ടഗ്ഗുകളാണ് അപകടത്തിൽ പെട്ടത്. അണ്ടർ വാട്ടർ സർവീസസ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള അലയൻസ് എന്ന ടഗ്ഗാണ് മുങ്ങിയത്. ഇതിലുണ്ടായിരുന്ന 2 പേരുടെ മൃതദേഹങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു. 3 പേർ നീന്തി രക്ഷപ്പെട്ടു. 3 പേരെ കാണാതായി.

ക്രൂഡ് ഓയിൽ പമ്പിങ് കഴിഞ്ഞു മടങ്ങവേ ശനിയാഴ്ച രാവിലെയാണ് മംഗളൂരു തുറമുഖത്തു നിന്ന് 10 നോട്ടിക്കൽ മൈൽ (18.50 കിലോമീറ്റർ) അകലെ പടുബിദ്രിക്കു പടിഞ്ഞാറ് ടഗ് മുങ്ങിയത്. മംഗളൂരു തുറമുഖത്തിനു സമീപം നങ്കൂരമിട്ടിരുന്നതാണ് പാറയിൽ ഇടിച്ചു തകർന്ന കിഷോർ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കോർമോൻഡൽ സപ്പോർട്ടർ–9 എന്ന ടഗ്. ശനിയാഴ്ച ശക്തമായ കാറ്റിൽ തകർന്ന് നിയന്ത്രണം വിട്ടു നീങ്ങി കാപ്പു ലൈറ്റ് ഹൗസിനു സമീപം തീരത്തു നിന്ന് 4 കിലോമീറ്റർ മാറി കടലിലെ പാറയിൽ ഇടിച്ചു തകരുകയായിരുന്നു.

ശനിയാഴ്ച ഉച്ച കഴിഞ്ഞ് മംഗളൂരു തുറമുഖത്ത് എത്തേണ്ടിയിരുന്ന ടഗ് ന്യൂനമർദ മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ നേരത്തെ എത്തിയെങ്കിലും തുറമുഖത്ത് അടുപ്പിക്കാൻ അനുമതി ലഭിച്ചില്ല. തുടർന്നു തുറമുഖത്തിനു പുറത്ത് കടലിൽ നങ്കൂരമിട്ടതായിരുന്നു. ഇതിനു പിന്നാലെയാണ് കാറ്റിൽ പെട്ടത്. നങ്കൂരമിട്ട ടഗ് കാണാതായതിനെ തുടർന്ന് അധികൃതർ തിരച്ചിൽ ആരംഭിച്ചിരുന്നു.അതിനിടെ ടഗ്ഗിലുണ്ടായിരുന്നവർ അപകട വിവരം മൊബൈലിൽ വിഡിയോ സന്ദേശമായി അയച്ചതോടെയാണ് ഇതു കണ്ടെത്തിയതും രക്ഷാ പ്രവർത്തനം ആരംഭിച്ചതും.

No comments