മധ്യവയസ്കനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കോടതി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.
ചെറുവത്തൂർ(www.truenewsmalayalam.com) : പിലിക്കോട് വയലിലെ പത്താനത്ത് കുഞ്ഞമ്പു(65)വിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഭാര്യ വി.ജാനകി, ജാനകിയുടെ ചേച്ചിയുടെ മകൻ രാജേഷ്, ബന്ധു അനിൽ എന്നിവരെ ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി(ഒന്ന്) 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.
ഇന്നലെ രാവിലെ കോവിഡ് പരിശോധനയ്ക്കു ശേഷം പ്രതികളെ ചന്തേര പൊലീസ് ഇൻസ്പെക്ടർ പി.നാരായണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കൊല്ലപ്പെട്ട കുഞ്ഞമ്പുവിന്റെ മടിവയലിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തി. മരിക്കുമ്പോൾ കുഞ്ഞമ്പു ധരിച്ച ലുങ്കി, രക്തം പുരണ്ട തുണികൾ, രാജേഷിന്റെ വള, കൊല നടക്കുമ്പോൾ പ്രതികൾ ധരിച്ച വസ്ത്രങ്ങൾ പ്രതികളുടെ വീട്ടിൽ നിന്നും സംഭവ ദിവസം പ്രതികൾ സഞ്ചരിച്ച രാജേഷിന്റെ ബൈക്ക് പയ്യന്നൂർ കാരയിലെ രാജേഷിന്റെ ബന്ധു വീട്ടിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു.
കുഞ്ഞമ്പുവിനെ കൊലപ്പെടുത്തിയ രീതി ഭാര്യ ജാനകി അടക്കം മൂവരും പൊലീസിനോടു വിവരിച്ചു. രാജേഷാണു കഴുത്ത് ഞെരിച്ചതെന്നും അനങ്ങാതിരിക്കാൻ അനിൽ കുഞ്ഞമ്പുവിന്റെ കാലുകൾ ബലമായി പിടിച്ചമർത്തിയെന്നും ഒച്ച വയ്ക്കാൻ ശ്രമിച്ചപ്പോൾ ഭാര്യ ജാനകി വായ പൊത്തിപ്പിടിച്ചെന്നും ഇവർ പറഞ്ഞു. ഭാര്യ ജാനകിയാണു കേസിൽ ഒന്നാം പ്രതി. രാജേഷ്, അനിൽ എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. ഹൊസ്ദുർഗ് ഡിവൈഎസ്പി ഡോ.വി.ബാലകഷ്ണന്റെ നേതൃത്വത്തിൽ പൊലീസ് ഇൻസ്പെക്ടർ പി.നാരായണനാണു അന്വേഷണ ചുമതല.
Post a Comment