JHL

JHL

ഇതര സംസ്ഥാനങ്ങളിൽ അലൈഡ് ഹെൽത്ത് കോഴ്സ് പഠിച്ചവരുടെ ദുരിതം സഭയിൽ ഉന്നയിച്ച് എ കെ എം അഷ്റഫ് എം എൽ എ; രണ്ട് മാസത്തിനകം പരിഹാരമെന്ന് ആരോഗ്യമന്ത്രി.

തിരുവനന്തപുരം(www.truenewsmalayalam.com) : ഇതര സംസ്ഥാനങ്ങളിൽ പാരാമെഡിക്കൽ കോഴ്സ് പൂർത്തിയാക്കിയവർക്ക് സംസ്ഥാന തലത്തിൽ സ്റ്റേറ്റ് അലൈഡ് ആൻ്റ് ഹെൽത്ത് കെയർ കൗൺസിൽ രൂപീകരിച്ച് കേരളാ പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു.  എ കെ എം അഷ്റഫ് എം എൽ എ യുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി. കേരളത്തിന് പുറത്ത് അലൈഡ് ഹെൽത്ത് കോഴ്സുകൾ പൂർത്തിയാക്കിയ കേരളീയരായ ആയിരത്തിലധികം ഉദ്യോഗാർത്ഥികൾ സംസ്ഥാനത്ത് സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യാനും കേരളാ പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ലഭ്യമാക്കുന്നതിനും കഴിയാത്ത വിഷയം സഭയിൽ ഉന്നയിച്ചതിനെ തുടർന്നാണ് ആരോഗ്യ മന്ത്രിയുടെ മറുപടി.

യു ജി സി അംഗീകൃതവും നാക്, നാബ്, ജെസി ഐ തുടങ്ങിയ ദേശീയ അംഗീകാരം ലഭിച്ചതുമായ എയിംസ് ഡൽഹി, ജിപ്മെർ പുതുച്ചേരി, രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി, മണിപ്പാൽ യൂണിവേഴ്സിറ്റി, യേനപ്പോയ യൂണിവേഴ്സിറ്റി, മൈസൂർ യൂണിവേഴ്സിറ്റി, നിറ്റെ യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും അലൈഡ് ഹെൽത്ത് കോഴ്സുകളിൽ ബിരുദവും ബിരുദാനന്തര കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് സംസ്ഥാനത്ത് ജോലി ചെയ്യാനും തുടർ പoനം നടത്താനും കഴിയാത്ത സ്ഥിതിയാണെന്ന് എ കെ എം സഭയിൽ പറഞ്ഞു.

കഴിഞ്ഞ ആറ് മാസമായി ഇത്തരം കോഴ്സുകൾ കഴിഞ്ഞവർക്ക് വിദേശത്തും ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്.കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും ആരോഗ്യ സർവ്വകലാശാലയുടെ തുല്ല്യത സർട്ടിഫിക്കറ്റും ലഭിക്കാത്തതിനാലാണ് ഉദ്യോഗാർത്ഥികൾ ദുരിതത്തിലായത്. കേരളത്തിൽ മതിയായ സൗകര്യങ്ങൾ ഇല്ലാത്തതിനാലും പല കോഴ്സുകളുടെ അഭാവവും സീറ്റുകളുടെ കുറവും താരതമ്യേന കുറഞ്ഞ ഫീസുമാണ് വായ്പയെടുത്തും മറ്റും കേരളീയരായ വിദ്യാർത്ഥികൾക്ക് സംസ്ഥാനത്തിന് പുറത്തുള്ള സ്ഥാപനങ്ങളിൽ പഠിക്കേണ്ടി വരുന്നത്.ഇവരുടെ  കോഴ്സുകൾക്ക് അടിയന്തിരമായി സർക്കാർ എല്ലാ അംഗീകാരങ്ങളും നൽകണമെന്നും എം എൽ എ ആവശ്യപ്പെട്ടു.

ഇത്തരത്തിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ മെറിറ്റോറിയസായി പഠിച്ച് പാസായി വരുന്ന വിദ്യാർത്ഥികൾക്ക് പരാമെഡിക്കൽ കൗൺസിലിൽ രജിസ്ട്രേഷനുള്ള ഒരുക്കുന്നതുമായി ബന്ധപ്പെട്ട് നിയമ നിർമ്മാണം നടത്തുന്നതിന് സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചു വരികയായിരുന്നു. ഈ ഘട്ടത്തിൽ ദേശീയമായി ഇതിന് നിയമനിർമ്മാണം നടത്തുന്നതിന് കരട് രൂപപ്പെടുകയും ആരോഗ്യപരിപാലന രംഗത്തെ നിലവാരം  മെച്ചപ്പെടുത്തുന്നതിനും ഇതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ കൃത്യതയും ഗുണ നിലവാരവും വിലയിരുത്തുന്നതിനും മറ്റുമായി " നാഷണൽ കമ്മീഷൻ ഫോർ അലൈഡ് ആൻറ് ഹെൽത്ത് കെയർ പ്രൊഫഷണൽ (എൻ . സി .എ .എച്ച് .പി) ആക്ട് 2021 എന്ന പേരിൽ കഴിഞ്ഞ ഏപ്രിലിൽ കേന്ദ്ര സർക്കാർ നിയമം പാസ്സാക്കി രാജ്യത്ത് നടപ്പിൽ വരുത്തിയിട്ടുണ്ട് .ഈ ആക്ടിൻ്റെ വ്യവസ്ഥ പാലിച്ചു കൊണ്ട് സംസ്ഥാനത്ത് പരാ മെഡിക്കൽ കൗൺസിൽ രൂപീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.ഇത്തരത്തിൽ ആക്ട് പ്രകാരമുള്ള പരാമെഡിക്കൽ കൗൺസിൽ രൂപീകരിച്ച് രണ്ട് മാസത്തിനുള്ളിൽ രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കുന്നതാണെന്നും ആരോഗ്യ മന്ത്രി നിയമസഭയിൽ പറഞ്ഞതായി എ കെ എം അഷ്റഫ് എം എൽ എ അറിയിച്ചു.







No comments