JHL

JHL

സുരേഷ് നായിക്കയുടെ കൊലപാതകക്കേസിലെ പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും.

മംഗളൂരു(www.truenewsmalayalam.com) : പ്രതിശ്രുതവരനെ വാനില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച കേസിലെ പ്രതികളെ കോടതി ജീവപര്യന്തം തടവിനും പിഴയടക്കാനും ശിക്ഷിച്ചു. 

ദിദുപേ സ്വദേശിയായ സുരേഷ് നായകിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ആനന്ദ നായക്, പ്രവീണ്‍ നായക്, വിനയ്, പ്രകാശ്, ലോകേഷ്, നാഗരാജ് എന്നിവര്‍ക്കാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ടിപി രാമലിംഗ ഗൗഡ ശിക്ഷ വിധിച്ചത്.

 പിഴ തുകയില്‍ ഒരു ലക്ഷം രൂപ സുരേഷ് നായകിന്റെ അമ്മയ്ക്ക് നഷ്ടപരിഹാരമായി നല്‍കും. നഷ്ടപരിഹാരം നിശ്ചയിച്ച് നല്‍കാന്‍ ജില്ലാ നിയമ സേവന അതോറിറ്റിയെ കോടതി ചുമതലപ്പെടുത്തി.

 2017 ഏപ്രില്‍ 29നാണ് സുരേഷ് നായക് ക്രൂരമായി കൊലചെയ്യപ്പെട്ടത്. നവൂര സ്വദേശിയായ ആനന്ദ് നായക് സുരേഷ് വിവാഹം ചെയ്യാന്‍ തീരുമാനിച്ച യുവതിയോട് വിവാഹാഭ്യര്‍ഥന നടത്തിയിരുന്നു. യുവതിയുടെ പിതാവിനോടും ആനന്ദ് നായക് ഇക്കാര്യം ആവശ്യപ്പെട്ടു. എന്നാല്‍ യുവതിയും കുടുംബവും ഇത് അംഗീകരിച്ചില്ല.

 യുവതിയും സുരേഷ് നായകും തമ്മിലുള്ള വിവാഹം നിശ്ചയിച്ചതോടെ ആനന്ദ് സുരേഷിനെ ഫോണില്‍ വിളിച്ച് വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ച സുരേഷിനെ ആനന്ദിന്റെ നേതൃത്വത്തിലുള്ള സംഘം ഒമ്നി വാനില്‍ തട്ടിക്കൊണ്ടുപോയി ധര്‍മസ്ഥല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിജനമായ സ്ഥലത്തെത്തിക്കുകയും കയര്‍ കൊണ്ട് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കുകയുമായിരുന്നു.





No comments