JHL

JHL

കുമ്പള വ്യാപാര സ്ഥാപനങ്ങളിലെ മോഷണം; അന്വേഷണം എങ്ങുമെത്തിയില്ല.

കുമ്പള(www.truenewsmalayalam.com) : കുമ്പളയിലെ വ്യാപാര സ്ഥാപനങ്ങളിൽ കഴിഞ്ഞ വർഷമുണ്ടായ മോഷണങ്ങളുടെ അന്വേഷണം എങ്ങുമെത്താതെ പാതിവഴിയിൽ.

ഒരു വർഷം മുമ്പാണ് കുമ്പള ബസ് സ്റ്റാന്റിന് സമീപത്തെ മീപ്പിരി സെന്ററിൽ ആറു കടകളിൽ മോഷണമുണ്ടായത്. 

      അമ്പതിനായിരത്തോളം രൂപയുടെ നഷ്ടമാണ് വ്യാപാരികൾക്കുണ്ടായത്. ശേഷം അന്വേഷണം ഏറ്റെടുത്ത കുമ്പള പൊലീസ് ഇരുട്ടിൽ തപ്പുന്നതിനിടെ കാസർകോട് ടൗണിലെ മൊബൈൽ ഫോൺ കടകളിലെ കവർച്ചയുമായി ബന്ധപ്പെട്ട് കാസർകോട് പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. കുമ്പളയിൽ മോഷണം നടത്തിയത് ഇയാളടങ്ങുന്ന സംഘമാണെന്ന നിഗമനത്തിൽ കുമ്പള പൊലീസ് അയാളെ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പിന് കുമ്പളയിൽ മോഷണം നടന്ന കടകളിൽ കൊണ്ടു വന്നിരുന്നു. അതിനു ശേഷം കവർച്ചക്കാരെപ്പറ്റി യാതൊരു വിവരവുമില്ലെന്ന് വ്യാപാരികൾ പറയുന്നു.

         കുമ്പളയിലെ കവർച്ചയ്ക്കു പിന്നിൽ നാലംഗ സംഘമാണെന്ന് തെളിവ് ലഭിച്ചിരുന്നു. മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘത്തിന്റെ ദൃശ്യങ്ങൾ കോംപ്ലക്സിനകത്തെ കടയുടെ സി സി ക്യാമറകളിൽ പതിഞ്ഞത് അന്വേഷണ സംഘത്തിന് കൈമാറുകയും ചെയ്തിരുന്നു. ഉപ്പളയിൽ നിന്ന് മോഷ്ടിച്ചതുൾപ്പെടെ രണ്ടു ബൈക്കുകളിലാണ് സംഘം എത്തിയതെന്നായിരുന്നു നിഗമനം.

അതേ ദിവസം രാത്രി ഉപ്പളയിലെ ഒരു വ്യാപാര സമുച്ഛയത്തിനടുത്ത് പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയിരുന്നു. ബൈക്ക് മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

        ഹൊസങ്കടിയിൽ തിങ്കളാഴ്ച പുലർച്ചെ ജ്വല്ലറി കുത്തിത്തുറന്ന് മോഷണമുണ്ടായ സംഭവം വീണ്ടും വ്യാപാരികളുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്. കൊവിഡ് നിയന്ത്രണങ്ങൾ മൂലം കടകൾ തുറക്കാനാവാതെ കടം കയറി ദുരിതമനുഭവിക്കുന്ന വ്യാപാരികൾക്ക് ഇനിയൊരു നഷ്ടം കൂടി താങ്ങാനുള്ള ശേഷിയില്ല. രാത്രികാലങ്ങളിൽ കടകൾക്ക് പൊലീസ് സംരക്ഷണം ഏർപ്പെടുത്തണമെന്നാണ് വ്യാപാരികൾ ആവശ്യപ്പെടുന്നത്.





No comments