JHL

JHL

27 കോടി രൂപ ചിലവിൽ ഏഴ് മാസം മുമ്പ് പണി പൂർത്തിയാക്കിയ റോഡ് വാട്ടർ അതോറിറ്റി വെട്ടിപ്പൊളിച്ചതായി പരാതി.

പെര്‍ള(www.truenewsmalayalam.com) : നാട്ടുകാരുടെ ദീര്‍ഘകാലത്തെ മുറവിളിയെത്തുടര്‍ന്നു 27.5 കോടി രൂപ ചെലവില്‍ ഏഴുമാസം മുമ്പു ആധുനിക രീതിയില്‍ പണി പൂര്‍ത്തിയാക്കിയ പെര്‍ള- അടുക്കസ്ഥല അന്തര്‍ സംസ്ഥാന റോഡ്‌ വാട്ടര്‍ അതോറിറ്റി കുത്തിപ്പൊളിച്ചു കൊണ്ടിരിക്കുന്നു.

ഏഴുമാസത്തിനുള്ളില്‍ ഏഴുതവണ വാട്ടര്‍ അതോറിറ്റി ഈ റോഡ്‌ കുത്തിപ്പൊളിച്ചെന്നു നാട്ടുകാര്‍ പറയുന്നു.വാട്ടര്‍ അതോറിറ്റിയുടെയും അതിനെ കാത്തു സൂക്ഷിക്കുന്ന സര്‍ക്കാരിന്റെയും നിരുത്തരവാദപരമായ നിലപാടുകളാണ്‌ നാട്ടുകാരുടെ കൈയില്‍ നിന്നും വട്ടിപ്പലിശക്കെടുത്ത പണം കൊണ്ടു നിര്‍മ്മിച്ച റോഡ്‌ കുത്തിപ്പൊളിക്കുന്നതിനിടയാക്കുന്നത്‌.

എന്‍മകജെ പഞ്ചായത്തിലെ പെര്‍ള ടൗണ്‍ പരിസരം, അടുക്കസ്ഥല, സ്വര്‍ഗ്ഗ, വാണിനഗര്‍ പ്രദേശങ്ങളില്‍ ശുദ്ധജലവിതരണത്തിനു വേണ്ടി പൈപ്പ്‌ സ്ഥാപിച്ചത്‌ ഈ റോഡിനടിയിലൂടെയായിരുന്നു. വേണ്ടത്ര താഴ്‌ത്താതെ സ്ഥാപിച്ച പൈപ്പുകള്‍ ഭാരമുള്ള വാഹനങ്ങള്‍ പോവുമ്പോള്‍ പതിവായി പൊട്ടുന്നു. ഉടനെ വാട്ടര്‍ അതോറിറ്റി ജെ സി ബി യുമായി പാഞ്ഞെത്തി റോഡു കുത്തിപ്പൊളിച്ചു ടാപ്പ്‌ ഒപ്പിച്ചു വച്ചു മടങ്ങുകയും അധികം താമസിയാതെ അവിടെത്തന്നെ വീണ്ടും പൈപ്പു പൊട്ടുകയും ചെയ്യുന്നു. വീണ്ടും റോഡ്‌ കുത്തിപ്പൊളിക്കുന്നു. ഇതു തുടര്‍ച്ചയായി ആവര്‍ത്തിക്കുന്നു.

പൊട്ടിയ പൈപ്പ്‌ റോഡ്‌ കുത്തിപ്പൊളിച്ചു വീണ്ടും പണിയുന്നതു കുറ്റമറ്റ രീതിയിലാണെന്ന്‌ ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ കൂലികൊടുത്ത്‌ നിറുത്തിയിട്ടുള്ളവരാരും ഈ പരിസരത്ത്‌ എത്താറില്ലെന്നു നാട്ടുകാര്‍ പറയുന്നു.

നാട്ടുകാരുടെ നികുതിപ്പണം ഇത്തരത്തില്‍ ധൂര്‍ത്തടിക്കുന്ന ജീവനക്കാര്‍ക്കെതിരെ വ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്‌.

റോഡിന്‌ ഇരുവശവും വേണ്ടത്ര വീതിയില്‍ സ്ഥലമുള്ളപ്പോള്‍ റോഡിനടിയില്‍ത്തന്നെ വെള്ളത്തിന്റെയും ഫോണിന്റെയും പൈപ്പും കേബിളും സ്ഥാപിക്കാനും റോഡു കുത്തിയിളക്കാനും നില്‍ക്കുന്ന സാങ്കേതികത്വത്തെക്കുറിച്ചും പരിഹാസമുയരുന്നു.





No comments