JHL

JHL

മഞ്ചേശ്വരം വാക്‌സിന്‍ കേന്ദ്രത്തില്‍ അക്രമം; 32 പേര്‍ക്കെതിരെ കേസ്‌.

 

ഉപ്പള(www.truenewsmalayalam.com) : കോവിഡ്‌ വാക്‌സിനുമായി ബന്ധപ്പെട്ട്‌ മഞ്ചേശ്വരം താലൂക്കാശുപത്രിയില്‍ ഇന്നലെ ഉണ്ടായ അക്രമം ലാത്തിചാര്‍ജ്ജില്‍ കലാശിച്ചു.

സംഭവത്തില്‍ പഞ്ചായത്തു മെമ്പര്‍ ബാബു, ഇയാളുടെ മകന്‍ ഗിരീഷ്‌ എന്നിവരുള്‍പ്പെടെ മഞ്ചേശ്വരം പൊലീസ്‌ 32 പേര്‍ക്കെതിരെ കേസെടുത്തു. ഇച്ചിലങ്കോട്ടെ അഭിലാഷ്‌, ബന്തിയോട്ടെ അനില്‍കുമാര്‍ എന്നിവരെ അറസ്റ്റ്‌ ചെയ്‌തു.അക്രമികള്‍ ആശുപത്രിയിലെ ലാപ്‌ടോപ്പ്‌ തകര്‍ക്കുകയും ജീവനക്കാര്‍ ജോലി ചെയ്യുന്നതു തടസ്സപ്പെടുത്തുകയും ചെയ്‌തതായി പരാതിയുണ്ട്‌.ആശുപത്രിയില്‍ ഇന്നലെ എസ്‌ സി-എസ്‌ ടി വിഭാഗങ്ങള്‍ക്കായിരുന്നു വാക്‌സിനേഷനെന്നു പറയുന്നു. ഇതിനു പഞ്ചായത്തിന്റെ പലഭാഗങ്ങളില്‍ നിന്നു നൂറുകണക്കിനാളുകള്‍ എത്തിയിരുന്നു.ആദ്യ ഡോസ്‌ വാക്‌സിന്‍ എടുക്കുന്നവര്‍ കോവിഡ്‌ ടെസ്റ്റ്‌ നടത്തിയിരിക്കണമെന്ന്‌ അധികൃതര്‍ നിര്‍ദ്ദേശിച്ചതോടെയാണ്‌ വാക്കേറ്റമാരംഭിച്ചതെന്നു പറയുന്നു. ഇത്‌ അക്രമത്തിലേക്ക്‌ കടന്നുടനെ അധികൃതര്‍ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ്‌ പ്രകോപിതരായവരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന്‌ ആള്‍ക്കൂട്ടത്തെ ലാത്തിവീശി ഓടിക്കുകയായിരുന്നു.





No comments