ഭിന്നശേഷിക്കാർക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരിൽ മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയും.
മൊഗ്രാല്‍പുത്തൂരിലെ മുഹമ്മദ് അലി പാദാറിനാണ് നാല് മുതല്‍ ഹൈദരാബാദില്‍ നടക്കുന്ന സെലക്ഷന്‍ ക്യാമ്പിലേക്ക് ക്ഷണം ലഭിച്ചത്. കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നാലുപേരിലൊരാളാണ് മുഹമ്മദ് അലി. ഭിന്നശേഷിക്കാരുടെ സംസ്ഥാന ടീമിന്റെ വൈസ് ക്യാപ്റ്റനായ അലി കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി ക്രിക്കറ്റില്‍ സജീവമാണ്. കഴിഞ്ഞ വര്‍ഷം നടന്ന ഭിന്നശേഷി രഞ്ജി മത്സരങ്ങളിലും ട്വന്റി-20 മത്സരത്തിലും അലി മികച്ച പ്രകടനമാണ് കാഴ്ചവച്ചിരുന്നു. ജയ്പൂരില്‍ നടന്ന മൂന്ന് ട്വന്റി-20 മത്സരങ്ങളില്‍ രാജസ്ഥാനെതിരേയും ഹരിയാനക്കെതിരേയും അര്‍ദ്ധ സെഞ്ച്വറി നേടിയ അലി മറ്റൊരു മത്സരത്തില്‍ 46 റണ്‍സും നേടി. ഈ മത്സരങ്ങളിലെ പ്രകടന മികവാണ് അലിക്ക് ഇന്ത്യൻ ക്യാമ്പിലേക്ക് അവസരം തുറന്നത്. മൊഗ്രാല്‍പുത്തൂര്‍ ബാച്ചിലേഴ്‌സ് ക്ലബ്ബിന്റെ താരമായ അലി വര്‍ഷങ്ങളായി ജില്ലാ ലീഗ് മത്സരങ്ങളില്‍ ഏറെ ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ചവെച്ചുവരുന്നു. ചെറുപ്പത്തിലെ ഒരു കൈ നഷ്ടപ്പെട്ട അലി മിക്ക മത്സരങ്ങളിലും ഓള്‍റൗണ്ട് പ്രകടനങ്ങള്‍ കാഴ്ച വച്ച് കാണികളുടെ കൈയ്യടി നേടിയിരുന്നു.
നേരത്തെത്തന്നെ ഇന്ത്യൻ ക്യാമ്പിലേക്ക് സെലക്ഷൻ പ്രതീക്ഷിച്ചിരുന്നുവെന്നും വൈകിയെത്തിയ ഈ അംഗീകാരത്തിൽ അതീവ സന്തുഷ്ടനാണെന്നും മുഹമ്മദലി പറഞ്ഞു. ആഗസ്ത് രണ്ടിന് മുഹമ്മദലി ഹൈദരാബാദിലേക്ക് തിരിക്കും.
മൊഗ്രാൽ പുത്തൂർ ആസാദ് നഗറിലെ പരേതനായ അബ്ദുൽ റഹ്മാൻ പാരാറിന്റെയും നഫീസയുടെയും മകനാണ് മുഹമ്മദ് അലി. ഭാര്യ: അസ്മ. മക്കൾ: ഫാത്തിമ റജ്വ, സിദ്റതുൽ മുൻതഹ, നൂറ.
സഹോദരങ്ങൾ: റസാഖ്, അബൂബക്കർ സിദ്ദീഖ്, അഹമ്മദ് കബീർ, സൗദ, ഖദീജ, ആയിശ, സഹ്റ, സൽമ, അസ്മ.
ഗൾഫിലുള്ള സഹോദരൻ അഹമ്മദ് കബീറും ബാച്ചലേഴ്സ് മൊഗ്രാൽപുത്തൂരിന് വേണ്ടി ജില്ല ഡിവിഷൻ മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്.
ബംഗ്ലാദേശിനെതിരായ ഏകദിന മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ അലി സ്ഥാനം പിടിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് നാട്ടുകാരും അലിയെ അറിയുന്നവരും.
Post a Comment