JHL

JHL

ആരിക്കാടി സമീർ വധം; ഉളുവാർ സ്വദേശിക്ക് ജീവപര്യന്തം തടവ്.

കാസര്‍കോട്(www.truenewsmalayalam.com) : ആരിക്കാടിയിലെ  സമീർ വധക്കേസിലെ പ്രതിക്ക് ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു.

കുമ്പള ആരിക്കാടി കാര്‍ളയിലെ അബ്ദുല്‍കരീമിന്റെ മകന്‍ സമീറിനെ(25) കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ കുമ്പള ഉജാര്‍ ഉളുവാറിലെ അബ്ദുല്‍ ലത്തീഫ് എന്ന ഓണന്ത ലത്തീഫ് (44)നെയാണ്  ജില്ലാ അഡീഷണല്‍ സെഷന്‍സ് (മൂന്ന്) കോടതി ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്.

 പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധികതടവ് അനുഭവിക്കണം. ഗുരുതരമായി മുറിവേല്‍പ്പിച്ചതിന് ലത്തീഫിന് അഞ്ചുവര്‍ഷം അധികതടവും 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ 5 മാസം അധികതടവ് അനുഭവിക്കണം. ഈ കേസില്‍ വിചാരണ പൂര്‍ത്തിയായതോടെ വെള്ളിയാഴ്ച ഉച്ചയോടെയാണ് ഓണന്ത ലത്തീഫിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ പ്രഖ്യാപിച്ചത്.

2008 നവംബര്‍ ഒമ്പതിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. ബംബ്രാണ ജംഗ്ഷനില്‍ സമീര്‍ ചിലരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഈ സമയം കറുത്ത ആള്‍ട്ടോ കാറില്‍ സ്ഥലത്തെത്തിയ ഓണന്ത ലത്തീഫിന്റെ നേതൃത്വത്തിലുള്ള സംഘം കഠാര കൊണ്ട് സമീറിനെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. കെ. ബാലകൃഷ്ണന്‍ ഹാജരായി.

ലത്തീഫിനെ കൂടാതെ കര്‍ണാടക രജപുത് ബേളഗാഡിയിലെ സന്തോഷ്‌സിംഗ്, മഞ്ചേശ്വരം കുളൂരിലെ മുഹമ്മദ് ഹനീഫ എന്നിവരും കേസില്‍ രണ്ടും മൂന്നും പ്രതികളാണ്. വിചാരണവേളയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് സന്തോഷ് സിംഗിനും മുഹമ്മദ് ഹനീഫക്കുമെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇവരുടെ കേസ് പിന്നീട് പരിഗണിക്കും.






No comments