JHL

JHL

ആരിക്കാടി ശ്മശാനത്തിൽ മൃതദേഹങ്ങൾ സംസ്കരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ധർണ്ണ നടത്തി.

കുമ്പള(www.truenewsmalayalam.com) : രണ്ടര നൂറ്റാണ്ടിലേറെ പരമ്പരാഗതമായി ശവസംസ്കരണം നടത്തിക്കൊണ്ടിരുന്ന ആരിക്കാടി ഒഡ്ഡിനബാഗിലു ശ്മശാനത്തിൽ ശവദാഹം നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ആരിക്കാടി ഒഡ്ഡിനബാഗിലു ഹിന്ദു പരിശിഷ്ട ജാതി മത്തു വർഗ രുദ്ര ഭൂമി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കുമ്പള പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. 

  പഞ്ചായത്തിൽ പരാതിപ്പെട്ടെങ്കിലും അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധ ധർണ്ണ നടത്തിയത്.  ഇപ്പോൾ ഈ പ്രദേശത്തുള്ള ആളുകൾ അഞ്ചു കിലോമീറ്റർ അകലെ കുമ്പളയിലുള്ള പൊതുശ്മശാനത്തെയാണ് ശവസംസ്കാരത്തിന് ആശ്രയിക്കുന്നത്.

          താലൂക്ക് ഓഫീസിലെ രേഖകളിൽ ഇവിടെ 85 സെന്റ് ഭൂമി പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ടെന്നും എന്നാൽ വർഷങ്ങൾക്കു മുമ്പ് കുമ്പള പഞ്ചായത്ത് രേഖകളിലും ഇതുണ്ടായിരുന്നതായും അംഗങ്ങൾ പറഞ്ഞു. അതിനിടെ 1961 ൽ കുമ്പള പഞ്ചായത്ത് ഈ സ്ഥലത്ത് സ്ഥാപിച്ച രുദ്ര ഭൂമി എന്ന് എഴുതിയ ബോർഡ് മാറ്റി ആസ്ഥലത്തു കൂടി അനധികൃതമായി റോഡ് നിർമ്മിക്കുകയും ശവദാഹത്തിന് തടസം സൃഷ്ടിക്കുകയും ചെയ്തതായി സമിതി ആരോപിച്ചു.

ഇതുമായി ബന്ധപ്പെട്ട് ജില്ല കളക്ടർ, മനുഷ്യാവകാശ കമ്മീഷൻ, എസ്.സി കമ്മീഷണർ, ലാന്റ് വിജിലൻസ് കമ്മീഷണർ, ജില്ല പഞ്ചായത്ത്, പ്രധാനമന്ത്രി എന്നിവർക്ക് പരാതി നൽകിയതായും പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ഈ വിഷയത്തിൽ അന്വേഷിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം ലഭിച്ചതായും തതടിസ്ഥാനത്തിൽ പട്ടികജാതി, പട്ടികവർഗ്ഗ കമ്മീഷണർ ഇതന്വേഷിച്ച് സ്ഥലം പഞ്ചായത്ത് ആസ്തി രജിസ്റ്ററിൽ ചേർത്ത് ശ്മശാനത്തിന് വേണ്ട എല്ലാ നടപടികളും സ്വീകരിക്കണമെന്ന് 2020 ജൂൺ 25 ന് പഞ്ചായത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും ഭാരവാഹികൾ  പറഞ്ഞു. എന്നാൽ പഞ്ചായത്തിന്റെ ഭാഗത്തു നിന്നും യാതൊരു വിധ നടപടിയും ഉണ്ടാകാത്തതിനാലാണ് പഞ്ചായത്ത് പടിക്കൽ പൊതുജനങ്ങളെ സംഘടിപ്പിച്ചു കൊണ്ട്  ധർണ സമരം നടത്തിയത്.





No comments