JHL

JHL

യുവതിയുടെ വിവരങ്ങൾ അശ്ലീല വെബ്സൈറ്റിൽ പ്രചരിപ്പിച്ച സംഭവം; അടിയന്തര അന്വേഷണത്തിന് ഡിജിപിയുടെ നിർദേശം


 തിരുവനന്തപുരം: കാട്ടാക്കടയിൽ യുവതിയുടെ ചിത്രം അശ്ലീല വെബ്സൈറ്റിൽ പ്രദർശിപ്പിച്ച സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഡിജിപിയുടെ നിർദേശം. പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സ് സ്‌പെഷ്യൽ സെൽ എസ്പിക്കാണ് നിർദേശം നൽകിയത്. സംഭവത്തിൽ യുവതി പരാതി നൽകിയിരുന്നുവെങ്കിലും കേസെടുക്കാൻ പൊലീസ് വിസമ്മതിച്ചിരുന്നു. ഇത് സംബന്ധിച്ച് കാട്ടാക്കട എസ്എച്ച്ഒക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും യുവതി പരാതി നൽകിയിരുന്നു.


തന്റെ ഫോട്ടോയും ഫോൺ നമ്പറും അശ്ലീല വെബ്സൈറ്റിൽ പ്രദർശിപ്പിച്ചെന്ന പരാതി ജനുവരി 31 ന് സൈബർ പൊലീസിനും ഫെബ്രുവരി ഒന്നിന് കാട്ടാക്കട പൊലീസിനുമാണ് യുവതി നൽകിയത്. ആറു ദിവസത്തിനു ശേഷമാണ് യുവതിയുടെ മൊഴിയെടുത്തത്. പിന്നീട് യുവതിയെയും ഫോട്ടോ അപ്ലോഡ് ചെയ്ത യുവാവിനെയും വിളിച്ചുവരുത്തി തിരുവനന്തപുരം കാട്ടാക്കട സിഐ പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്നാണ് യുവതിയുടെ ആക്ഷേപം.
ഇന്ത്യയിൽ നിരോധിച്ചതും ഗൾഫ് അടക്കമുള്ള വിദേശ രാജ്യങ്ങളിലും പ്രചാരത്തിലുള്ള അശ്ലീല സൈറ്റിലാണ് ഇത് പ്രചരിപ്പിച്ചത്. യുവതിയുടെ ചിത്രവും ഫോൺ നമ്പറുമടക്കം അശ്ലീല പദങ്ങൾ ഉപയോഗിച്ചാണ് പ്രചരിപ്പിച്ചിരുന്നത്. കഴിഞ്ഞമാസം 25നായിരുന്നു സംഭവം. ഇതേ തുടർന്ന് പല രാജ്യങ്ങളിൽ നിന്നായി യുവതിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങൾ വന്നിരുന്നു. നമ്പർ തെറ്റി വന്നതെന്ന് കരുതി ആദ്യം വന്ന നിരവധി കോളുകൾ ബ്ലോക്ക് ചെയ്തെങ്കിലും പിന്നീട് നിരവധി സന്ദേശങ്ങൾ വന്നു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.

No comments