സംസ്ഥാന ബജറ്റിലെ നികുതി വര്‍ധനവിനും ഇന്ധന സെസ് വര്‍ധനവിനുമെതിരെ ശക്തമായ പ്രതിഷേധം
കൊച്ചി: സംസ്ഥാന ബജറ്റിലെ നികുതി വര്‍ധനവിനും ഇന്ധന സെസ് വര്‍ധനവിനുമെതിരെ സംസ്ഥാനവ്യാപകമായി ഇന്നും ശക്തമായ പ്രതിഷേധം തുടരുന്നു. യൂത്ത് കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരാണ് വിവിധ ജില്ലകളില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. പലയിടങ്ങളിലും സമരം അക്രമാസക്തമായി.
കോഴിക്കോട് കളക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തിന് വഴിവെച്ചു. ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ചതോടെ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.
കൊച്ചി, പത്തനംതിട്ട, കണ്ണൂര്‍, തൃശൂര്‍ എന്നിവിടങ്ങളില്‍ ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തി. പത്തനംതിട്ട കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പൊലീസ് തീര്‍ത്ത ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച സമരക്കാരെ തടഞ്ഞു. കൊച്ചിയില്‍ കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചിലും സംഘര്‍ഷം ഉണ്ടായി. പ്രതിഷേധക്കാര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. പൊലീസിന് നേരെ കല്ലേറ് ഉണ്ടാവുകയും ചെയ്തു.
സംസ്ഥാന ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍ക്കെതിരെ ഇന്ന് നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേധം നടത്തിയിരുന്നു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ പിരിയുകയും ചെയ്തു. ജില്ലകളില്‍ കളക്ടറേറ്റ് മാര്‍ച്ചുള്‍പ്പടെ സംഘടിപ്പിച്ച് പ്രതിഷേധം ശക്തമായി തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
നികുതി വര്‍ധനവ് പിന്‍വലിപ്പിക്കാന്‍ എല്ലാ ശക്തിയും ഉപയോഗിച്ച് പോരാടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അറിയിച്ചു. 13, 14 തിയതികളില്‍ യുഡിഎഫ് രാപകല്‍ സമരം നടത്തുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. നാല് എംഎല്‍എമാര്‍ തുടങ്ങിയ സമരമാണ് അവസാനിപ്പിക്കുന്നത്. യുഡിഎഫ് യോഗം ചേര്‍ന്ന് വൈവിധ്യമായ സമരങ്ങള്‍ തീരുമാനിക്കും. എല്ലാ സംഘടനകളും സമരത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post a Comment