മൊഗ്രാൽ സ്കൂളിലെ ആദ്യ പ്ലസ്-ടു ബാച്ച് പുന:സമാഗമം 'ബയ്യോട്ട് ഒരോസം' സംഘാടന മികവ് കൊണ്ട് കെങ്കേമമായി
മൊഗ്രാൽ : നീണ്ട 17 വർഷങ്ങൾക്ക് ശേഷം ജി. വി. എച്ച്. എസ്. എസ് മൊഗ്രാലിലെ ആദ്യ പ്ലസ്-ടു ബാച്ചുകാർ അതേ ക്ലാസ് മുറിയിലും കലാലയ മുറ്റത്തുമായി ഒരു ദിവസം മുഴുവൻ ഒത്തുചേർന്നത് രസകരമായ മുഹൂർത്തങ്ങളാണ് സമ്മാനിച്ചത്.
2004-2006 ബാച്ചിലെ വിദ്യാർത്ഥി-വിദ്യാർത്ഥിനികളാണ് "ബയ്യോട്ട് ഒരോസം" എന്ന പേരിൽ കലാലയ സ്മരണകൾ അയവിറക്കി ഒരുവട്ടം കൂടി ഒത്തുചേർന്നത്. അക്കാലയളവിൽ അറിവ് പകർന്ന് കൊടുത്ത അഞ്ച് അധ്യാപകരും കുടുംബാംഗങ്ങളുമടക്കം നൂറിൽ പരം ആളുകളാണ് പരിപാടിയിൽ സംഗമിച്ചത്.
ആകർഷകമായ ഡ്രസ്സ് കോഡുമായി പഴയകാല പഠിതാക്കൾ ഒത്തുചേർന്ന ' ബയ്യോട്ട് ഒരോസം' പുനസമാഗമം രാവിലെ 10 മണിക്ക് എ.കെ.എം അഷ്‌റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഴയ കാല അധ്യാപകൻ ടി.കെ അൻവർ ആമുഖ ഭാഷണം നടത്തി. ഇർഷാദ് ബംബ്രാണ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ റിയാസ് മൊഗ്രാൽ, സ്കൂൾ പി.ടി.എ പ്രസിഡന്റ് സിദ്ദീഖ് റഹ്‌മാൻ, എസ്.എം.സി ചെയർമാൻ സയ്യിദ് ഹാദി തങ്ങൾ, റിട്ട. ഹെഡ്മാസ്റ്റർ എം. മാഹിൻ, സെഡ് എ മൊഗ്രാൽ, ടി. കെ ജാഫർ എന്നിവർ ആശംസകൾ നേർന്നു.
അക്കാലത്തെ അധ്യാപകരായ ടി.കെ അൻവർ, അരുൺകുമാർ, സിന്ധു സി, താര എന്നിവരെ പ്ലസ്-ടു ബാച്ചിന് വേണ്ടി എ.കെ. എം അഷ്‌റഫ് എം.എൽ.എ പൊന്നാട അണിയിച്ച് ഉപഹാരം നൽകി ആദരിച്ചു. അദ്ധ്യാപകർ അനുഭവ ഭാണ്ഡങ്ങളുടെ കെട്ടഴിച്ചത് സദസ്സിൽ ചിരി പടർത്തി. അദ്ധ്യാപകർക്കുള്ള പ്രത്യേക പാരിതോഷികം ആബിദ്,സാഹിർ ഖത്തർ, ആഷിഖ് ഖത്തർ, നിഷാന, ഭാനു പ്രിയ എന്നിവർ സമ്മാനിച്ചു.മുഴുവൻ പ്രതിനിധികൾക്കും ഉപഹാരങ്ങളും സമ്മാനങ്ങളും അധ്യാപകർ വിതരണം ചെയ്തു. സാദിഖ് ചാല സ്വാഗതവും റംസീന നന്ദിയും പറഞ്ഞു.
ഒന്നര ദശാബ്ദങ്ങൾക്ക് മുമ്പ് ഒന്നിച്ചിരുന്ന സഹപാഠികളിൽ പലരും അതിന് ശേഷം പരസ്പരം കണ്ടുമുട്ടാത്തവരായിരുന്നു.അത്കൊണ്ട് തന്നെ അനല്പമായ അനുഭൂതിയായിരുന്നു സംഗമം പലർക്കും സമ്മാനിച്ചത്. ഗൾഫ് നാടുകളിൽ ജോലിചെയ്യുന്നവരിൽ പലരും പരിപാടിക്ക് മാത്രമായി എത്തിയത് സംഗമം വൻ വിജയമാവാൻ കാരണമായി. കല്യാണം കഴിഞ്ഞു വിവിധ ഭാഗങ്ങളിലേക്ക് ചേക്കേറിയ സ്ത്രീകൾക്ക് പരസ്പരം കണ്ടുമുട്ടാനുള്ള വേദികൂടിയായി ഇത് മാറി. പല കാരണങ്ങളാൽ ഗൾഫ് നാടുകളിൽ നിന്ന് എത്താൻ സാധിക്കാത്ത വിദ്യാർത്ഥികളും അദ്ധ്യാപകരും വീഡിയോ ക്ലിപ്പിലൂടെ ആശംസകൾ നേർന്നു.കലാലയ ജീവിത കാലത്തെ മുഖ്യ ഇനമായ ഉപ്പിലിട്ട വിഭവങ്ങളും, തേൻ മിഠായിയും, ഐസും ഒത്തുചേരലിനെത്തിയവർക്കായി ഒരുക്കിയത് നൊസ്റ്റാൾജിയ കാത്ത് സൂക്ഷിക്കുന്നതായി മാറി. ഇടയ്ക്കിടെയുള്ള കുസൃതി ചോദ്യങ്ങളും സ്പോർട്ട് സമ്മാനങ്ങളും പരിപാടിക്ക് കൊഴുപ്പേകി. കലാ പരിപാടികളും മിഠായി പെറുക്കൽ, മ്യൂസിക്കൽ ചെയർ തുടങ്ങിയ കായിക മത്സരങ്ങളും ആവേശത്തിന്റെ അലകൾ തീർത്തു. വിജയികൾക്ക് സമ്മാനങ്ങളും ഒരുക്കിയിരുന്നു. കേക്ക് മുറിച്ചും പാട്ടുപാടിയും പഠിതാക്കൾ സംഗമത്തെ മികവുറ്റതാക്കി. ഫോട്ടോ സെഷന് ശേഷം ഉച്ചയൂണിനായി പിരിഞ്ഞു.വിവിധ തരം രുചിയൂറും വിഭവങ്ങൾ അടങ്ങിയ ലഞ്ചും മധുര പലഹാരങ്ങളും സംഗമത്തിന് മാറ്റ് കൂട്ടി.
ഗൃഹാതുരത്വം നിറഞ്ഞ ക്ലാസ്സ് റൂം അന്തരീക്ഷത്തിൽ പഴയ അതേ ക്ലാസ്സ് റൂമിൽ അതേ ബെഞ്ചുകളിൽ കുശലം പറഞ്ഞ് ഒത്തുചേർന്നാണ് ഉച്ചയ്ക്ക് ശേഷത്തെ പരിപാടി ആരംഭിച്ചത്. ഹാജർ വിളിയോടെ ആരംഭിച്ച രണ്ടാം സെഷൻ ഏറെ രസകരമായിരുന്നു.പുസ്തകം കൊണ്ടുവരാതെ ക്ലാസ്സിൽ ശല്യം ചെയ്യുന്ന കുട്ടികളെ കണക്കിന് ശിക്ഷിക്കാൻ ക്ലാസ്സ് കൈകാര്യം ചെയ്ത അൻവർ മാഷും സിന്ധു ടീച്ചറും മുതിർന്നത് പഠിതാക്കളെ പഴയ കാല സ്മരണകളിലേക്ക് കൂട്ടികൊണ്ടുപ്പോവുന്നതായി മാറി. തുടർന്ന് വിദ്യാർത്ഥികൾ ഓരോന്നായി തങ്ങളുടെ പഠനകാല അനുഭവം പങ്കു വെച്ചു.
പരിപാടിയിൽ സംബന്ധിച്ച കൂട്ടുകാർക്കായി നടത്തിയ മെഗാ നറുക്കെടുപ്പിൽ ഭാഗ്യദേവത സാദിഖ് ചാലയെ കടാക്ഷിക്കുകയും ബമ്പർ പ്രൈസിന് അർഹനാവുകയും ചെയ്തു.
ഫയാസ്, നിയാസ് ചാല, താഹിർ, ഷബീർ, ജാബിർ,സാബിത്, സർഫു, മുനീർ ചൗക്കി, മൂസു, നിയാസ് മൊഗ്രാൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ദേശീയ ഗാനാലാപനത്തോടെ വൈകിട്ട് 5:30 ന് 'ബയ്യോട്ട് ഒരോസം' പരിപാടിക്ക് പരിസമാപ്തി കുറിച്ചു.
Post a Comment